അനുഷ്കയുമായുളള വിവാഹശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ വിരാട് കോഹ്‌ലി കരിയറിലെ തന്റെ നേട്ടം സമർപ്പിച്ചതും ഭാര്യയ്ക്ക് തന്നെ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റിൽ 150 റൺസ് നേടിയപ്പോഴാണ് കോഹ്‌ലി ഭാര്യ അനുഷ്കയെ ഓർത്ത് വിവാഹ മോതിരത്തിൽ മുത്തമിട്ടത്. ടെസ്റ്റ് കരിയറിൽ 9-ാം തവണയാണ് കോഹ്‌ലി 150 കടക്കുന്നത്.

146 പന്തിൽനിന്നാണ് കോഹ്‌ലി സെഞ്ചുറി നേടിയത്. 10 ഫോറുകൾ അടങ്ങുന്നതായിരുന്നു കോഹ്‌ലിയുടെ ഇന്നിങ്സ്. ടെസ്റ്റ് കരിയറിലെ 21-ാം സെഞ്ചുറിയാണ് കോഹ്‌ലി ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നേടിയത്. സെഞ്ചുറി നേടിയതിനുപിന്നാലെ കോഹ്‌ലി 150 റൺസും കടന്നു. മറുവശത്ത് വിക്കറ്റുകൾ ഓരോന്ന് വീഴുമ്പോഴും കോഹ്‌ലി ആത്മവിശ്വാസത്തോടെ പോരാടി. ഒടുവിൽ മോർക്കലിന്റെ ബോൾ ഫോർ അടിച്ച് കോഹ്‌ലി 150 റൺസും നേടി.

ടെസ്റ്റ് കരിയറിലെ തന്റെ നേട്ടം കോഹ്‌ലി സമർപ്പിച്ചതോ ഭാര്യ അനുഷ്കയ്ക്കും. 150 റൺസ് നേടിയപ്പോൾ കോഹ്‌ലി ഹെൽമെറ്റ് നീക്കി കാണികളെ അഭിവാദ്യം ചെയ്തു. ഹെൽമെറ്റിൽ മുത്തമിട്ടു. ഗ്ലൗസ് രണ്ടും ഊരിമാറ്റിയശേഷം മാലയിൽ കോർത്തിട്ടിരുന്ന വിവാഹ മോതിരം കാണികൾക്കുനേരെ ഉയർത്തിക്കാട്ടി. മോതിരത്തിൽ ഉമ്മവച്ചു. വിവാഹത്തിനുശേഷം കോഹ്‌ലിയുടെ ഫോം നഷ്ടപ്പെട്ടെന്ന് വിമർശനമുന്നയിച്ചവർക്കുളള പ്രതികാരം കൂടിയായിരുന്നു അത്.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റ് മൽസരം കാണാൻ ഗ്യാലറിയിൽ അനുഷ്കയും ഉണ്ടായിരുന്നു. ആദ്യ ടെസ്റ്റിൽ കോഹ്‌ലിക്ക് മികച്ച രീതിയിൽ കളിക്കാനായില്ല. ഇതോടെ അനുഷ്കയ്ക്കുനേരെ വിമർശനങ്ങൾ ഉയർന്നു. വിവാഹത്തിനു മുൻപ് കോഹ്‌ലി നന്നായി കളിക്കുമായിരുന്നെന്നും വിവാഹശേഷം കോഹ്‌ലി കളി മറന്നുവെന്നായിരുന്നു ട്രോളുകൾ.

Read More: ‘അനുഷ്കയെ കണ്ട കോഹ്‌ലി കളി മറന്നു’; ഇന്ത്യൻ ക്യാപ്റ്റന് ഭാര്യ ബാഡ് ലക്കെന്ന് ട്രോളന്മാർ

വിവാഹ സമയത്ത് അനുഷ്ക അണിയിച്ച മോതിരം മാലയിൽ കോർത്തിട്ടാണ് വിവാഹശേഷം കോഹ്‌ലി മൽസരത്തിനിറങ്ങുന്നത്. ഡിസംബർ 11 നായിരുന്നു കോഹ്‌ലി-അനുഷ്ക വിവാഹം. ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും ഇറ്റലിയിലെ മിലാനിൽവച്ച് വിവാഹിതരായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ