ഓരോ കാലഘട്ടത്തിലെയും മികച്ച കളിക്കാരെ തിരഞ്ഞെടുക്കുക ഏറെ പ്രായാസമുള്ള കാര്യമാണ്. സച്ചിനാണോ കോഹ്ലിയാണോ മികച്ച ബാറ്റ്സ്മാന് എന്ന ചോദ്യത്തിന് ഇപ്പോഴും വ്യത്യസ്ത ഉത്തരങ്ങളാണ് കേള്‍ക്കാനുള്ളത്. രണ്ട് ബാറ്റ്സ്മാന്മാരെ താരതമ്യം ചെയ്യുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് ഒരു ബാറ്റ്സ്മാനെയും ബോളറെയും താരതമ്യം ചെയ്യുന്നത്. സച്ചിന് ടെന്‍ഡുല്‍ക്കറും ഓസീസിന്റെ സ്പിന്‍ ഇതിഹാസം ഷെയ്ന് വോണും തമ്മിലുള്ള കളിക്കളത്തിലെ പോരാട്ടം തന്നെ അതിന് ഉദാഹരണമാണ്. ഓസീസ് ഇതിഹാസം ഷെയ്ന് വോണ്‍ ഈ കാലഘട്ടിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനായ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിക്ക് പന്തെറിഞ്ഞാല്‍ എങ്ങനെയിരിക്കും?
ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ സച്ചിന് ടെന്‍ഡുല്‍ക്കറിന്റെ (49) റെക്കോര്‍ഡ് മറികടക്കാന്‍ കുതിച്ചുകൊണ്ടിരിക്കുന്ന വിരാട് കോഹ്ലി (41) യെ എങ്ങനെ പുറത്താക്കണമെന്ന് പറയുകയാണ് ലെഗ് സ്പിന്നറായ ഷെയ്ന് വോണ്‍.
വിരാട് കോഹ്ലിയെ പുറത്താക്കണമെങ്കില്‍ വിക്കറ്റിലേക്ക് പന്തെറിയരുതെന്നാണ് ഷെയ്ന് വോണിന്റെ ഉപദേശം. ലെഗ് സൈഡിലേക്കോ ഓഫ് സൈഡിലേക്കോ ആണ് വിരാട് കോഹ്ലിയെ പുറത്താക്കാന്‍ ബോള്‍ ചെയ്യേണ്ടതെന്ന് വോണ്‍ പറയുന്നു. വിക്കറ്റിലേക്ക് പന്തെറിഞ്ഞാല്‍ ഏത് വിധേനയും റണ്‍സ് കണ്ടെത്താന്‍ കഴിവുള്ള താരമാണ് വിരാട്. സ്റ്റംപിലേക്ക് എറിയുന്ന പന്ത് രണ്ട് ഭാഗത്തേക്കും അടിച്ചുകളയാന്‍ കോഹ്ലിക്ക് സാധിക്കും.
I just got asked if I thought @imVkohli is better than @BrianLara or @sachin_rt
Let me think about that and come back to you I said. @ivivianrichards to me was the best batsman after Bradman, but in modern times mmmmm. Tough one ! Thoughts followers whilst I contemplate ?— Shane Warne (@ShaneWarne) March 9, 2019
അതുകൊണ്ട്, ഫീല്‍ഡിന്റെ ഏതെങ്കിലും ഒരു വശമാണ് കോഹ്ലിയെ പുറത്താക്കാന്‍ തിരഞ്ഞെടുക്കേണ്ടത്. ഒരു വശത്ത് ഫീല്‍ഡ് സെറ്റ് ചെയ്താല്‍ കോഹ്ലിയുടെ വിക്കറ്റ് സ്വന്തമാക്കാന്‍ സാധിക്കുമെന്ന് പറഞ്ഞ ഷെയ്ന് വോണ്‍ ഇങ്ങനെയാണ് ഒരു മികച്ച കളിക്കാരന് പന്തെറിയേണ്ടതെന്നും കൂട്ടിച്ചേര്‍ത്തു.
സച്ചിനേക്കാളും ലാറയേക്കാളും മികച്ച കളിക്കാരനാണോ കോഹ്ലി എന്ന് ചോദിച്ചാല്‍ തനിക്ക് ഒന്നാലോചിക്കേണ്ടിവരുമെന്നും മുന്‍ ഓസീസ് താരം കൂട്ടിച്ചേര്‍ത്തു.