ഇന്ത്യൻ നായകൻ വിരാട് കോഹ്ലി സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ്. ക്രിക്കറ്റ് കരിയറിലെ അസാമാന്യ നേട്ടങ്ങൾ കൊയ്ത് മുന്നേറുന്ന കോഹ്ലി താനും വിഷാദ രോഗത്തിലൂടെ കടന്നു പോയിട്ടുണ്ടെന്ന് വെളിപ്പെടുത്തി. 2014ലെ ഇംഗ്ലണ്ട് പര്യടനത്തിൽ വിഷാദത്തിനെതിരെ കൂടിയാണ് പോരാടിയതെന്ന് കോഹ്ലി പറഞ്ഞു. ലോകത്തെ തന്നെ ഏകാകിയായ വ്യക്തിയായിട്ടാണ് തനിക്ക് ആ ദിവസങ്ങളിൽ അനുഭവപ്പെട്ടതെന്ന് കോഹ്ലി മനസ് തുറന്നു.
മുൻ ഇംഗ്ലീഷ് താരം മാർക്ക് നിക്കോളാസിന്റെ പോഡ്കാസ്റ്റിലാണ് കോഹ്ലി തനിക്കുണ്ടായ വിഷാദ അനുഭവങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്. തികച്ചും ബുദ്ധിമുട്ടുള്ള ഒരു പര്യടനത്തിൽ മോശമായ അവസ്ഥയിലൂടെയാണ് കടന്നുപോയതെന്ന് പറഞ്ഞ കോഹ്ലി നിങ്ങൾക്ക് റൺസ് നേടാൻ കഴിയുന്നില്ലെന്നത് അത്ര സുഖമുള്ള വികാരമല്ലെന്നും കൂട്ടിച്ചേർത്തു. ഒന്നും നമ്മുടെ നിയന്ത്രണത്തിലല്ലെന്ന അവസ്ഥ ഒട്ടുമിക്ക താരങ്ങൾക്കും ഉണ്ടാകാറുള്ളത് തന്നെയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
Also Read: IPL Auction 2021: സ്മിത്ത് മുതൽ അർജുൻ ടെൻഡുൽക്കർ വരെ; താരലേലത്തിൽ വിവിധ ടീമുകൾ സ്വന്തമാക്കിയ താരങ്ങൾ
2014ലെ ഇംഗ്ലീഷ് പര്യടനം കോഹ്ലിയുടെ കരിയറിലെ തന്നെ ഏറ്റവും മോശം പ്രകടനങ്ങളിൽ ഒന്നായിരുന്നു. 1, 8, 25, 0, 39, 28, 0, 7, 6, 20 എന്നിങ്ങനെയായിരുന്നു അഞ്ച് ടെസ്റ്റ് മത്സരങ്ങളിലെ കോഹ്ലിയുടെ റൺ സമ്പാദ്യം. 10 ഇന്നിങ്സുകളിൽ കോഹ്ലിയുടെ ബാറ്റിങ് ശരാശരി വെറും 13.50 മാത്രമായിരുന്നു.
“ഇത് എങ്ങനെ മറികടക്കാമെന്ന് നിങ്ങൾക്ക് മനസ്സിലാകില്ല. കാര്യങ്ങൾ മറികടക്കാൻ എനിക്ക് അക്ഷരാർത്ഥത്തിൽ ഒന്നും ചെയ്യാൻ കഴിയാത്ത ഒരു ഘട്ടമായിരുന്നു അത്. ലോകത്തിലെ ഏകാന്തനായ വ്യക്തി ഞാനാണെന്ന് എനിക്ക് തോന്നി,” വിരാട് കോഹ്ലി പറഞ്ഞു.
Also Read: IPL Auction 2021: ഏഴ് വർഷത്തിന് ശേഷം പുജാര ഐപിഎല്ലിൽ; നിർണായക നീക്കവുമായി ചെന്നൈ
“വ്യക്തിപരമായി, എന്നെ സംബന്ധിച്ചിടത്തോളം ഒരു വലിയ സമൂഹത്തിന്റെ ഭാഗമാണെങ്കിലും നിങ്ങൾക്ക് ഏകാന്തത അനുഭവപ്പെടാമെന്നത് ഒരു തിരിച്ചറിവായിരുന്നു. എനിക്ക് സംസാരിക്കാൻ ആളില്ലായിരുന്നുവെന്ന് ഞാൻ പറയില്ല, എന്നാൽ എന്റെ അവസ്ഥ മനസിലാക്കാൻ സാധിക്കുന്ന ഒരു പ്രെഫഷണൽ ഇല്ലായിരുന്നു. അത് വലിയൊരു കാര്യമാണെന്ന് ഞാൻ കരുതുന്നു. ”
തനിക്ക് തന്നിൽ തന്നെ വിശ്വാസം നഷ്ടമായ ദിവസങ്ങളായിരുന്നു അതെന്ന് കോഹ്ലി ഓർത്തെടുക്കുന്നു. ആ സമയത്ത് പ്രെഫഷണലായ സമീപനം ആവശ്യമാണെന്നും കോഹ്ലി കൂട്ടിച്ചേർത്തു.