ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി 20 മത്സരത്തിൽ അപ്രതീക്ഷിതമായാണ് നായകൻ വിരാട് കോഹ്ലി ഓപ്പണർ റോളിൽ എത്തിയത്. രോഹിത് ശർമയ്ക്കൊപ്പം ഓപ്പണർ വേഷത്തിലെത്തിയ കോഹ്ലി ഇന്ത്യയുടെ ഇന്നിങ്സ് കഴിയുമ്പോൾ പുറത്താകാതെ നിൽക്കുകയായിരുന്നു.
52 പന്തിൽ നിന്ന് ഏഴ് ഫോറും രണ്ട് സിക്സും സഹിതം 80 റൺസാണ് കോഹ്ലി അഞ്ചാം ടി 20 യിൽ നേടിയത്. കോഹ്ലിക്കൊപ്പം ഓപ്പണറായ രോഹിത് ശർമ 34 പന്തിൽ നിന്ന് 64 റൺസ് നേടുകയും ചെയ്തു. വെറും ഒൻപത് ഓവറിൽ 94 റൺസാണ് ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് ഇന്ത്യൻ സ്കോർബോർഡിൽ ചേർത്തത്.
Read Also: അംപയേഴ്സ് കോൾ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുന്നു; വിമർശനവുമായി കോഹ്ലി
ഓപ്പണർ സ്ഥാനത്ത് കോഹ്ലി തുടരുമോ എന്ന ചോദ്യം ക്രിക്കറ്റ് ആരാധകർക്കിടയിൽ ഇപ്പോൾ സജീവമാണ്. അതിനുള്ള മറുപടിയും കോഹ്ലി നൽകുന്നു. ടി 20 യിൽ താൻ ഓപ്പണറായി തുടർന്നേക്കാം എന്ന സൂചനയാണ് കോഹ്ലി ഇപ്പോൾ നൽകുന്നത്.
ഐപിഎല്ലിൽ കോഹ്ലി ഓപ്പണർ വേഷത്തിലെത്തും. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നായകനായ കോഹ്ലി ദേവ്ദത്ത് പടിക്കലിനൊപ്പം ഓപ്പണറാകാനാണ് സാധ്യത. ഇതോടെയാണ് ഇന്ത്യയ്ക്കായി ടി 20 യിലും കോഹ്ലി ഓപ്പണറാകുമോ എന്ന ചോദ്യം ഉയർന്നത്.
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി 20 യിൽ ഓപ്പണർ വേഷത്തിലെത്തിയത് താൻ നന്നായി ആസ്വദിച്ചെന്ന് കോഹ്ലി പറയുന്നു. രോഹിത്തിനൊപ്പമുള്ള ബാറ്റിങ് മനോഹരമെന്നാണ് കോഹ്ലി വിശേഷിപ്പിച്ചത്. കോഹ്ലി ഓപ്പണർ വേഷത്തിലെത്തിയാൽ സൂര്യകുമാർ യാദവിന് മൂന്നാം നമ്പറിലേക്ക് സ്ഥാനക്കയറ്റം ലഭിക്കും. പിന്നാലെ ശ്രേയസ് അയ്യരും ഇഷാൻ കിഷനും റിഷഭ് പന്തും ബാറ്റ് ചെയ്യാനെത്തും. കെ.എൽ.രാഹുൽ ടീമിലുണ്ടെങ്കിൽ ഇഷാൻ കിഷനെയോ സൂര്യകുമാർ യാദവിനെയോ ഒഴിവാക്കും. ടി 20 ലോകകപ്പിന് ഇങ്ങനെയൊരു സ്ട്രാറ്റജിയായിരിക്കും ഇന്ത്യ സ്വീകരിക്കുകയെന്നാണ് വ്യക്തമാകുന്നത്.
“ഐപിഎല്ലില്‍ ഞാന്‍ ഓപ്പണറായി എത്തും. എല്ലാ സാധ്യതകളും പരീക്ഷിക്കുന്നതിനു വേണ്ടിയാണത്. മൂന്നാം നമ്പറിലും നാലാം നമ്പറിലും ഞാന്‍ ബാറ്റ് ചെയ്തിട്ടുണ്ട്. ഇനി ഓപ്പണറെന്ന നിലയില്‍ എന്റെ പ്രകടനം കൂടി വിലയിരുത്തേണ്ടതുണ്ട്. ഓപ്പണറായി തിളങ്ങാന്‍ കഴിഞ്ഞാല്‍ സൂര്യകുമാര്‍ യാദവിനെപ്പോലൊരു കളിക്കാരന് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കാനാവും,” കോഹ്ലി പറഞ്ഞു.