ന്യൂഡൽഹി: കായികതാരങ്ങളുടെ പ്രതിഫലം എന്നും ലോകം ചർച്ച ചെയ്യുന്ന കാര്യമാണ്. അതാണ് ഫോർബ്സിന്റെ ഇത്തവണത്തെ പട്ടികയ്ക്കും പ്രാധാന്യം നൽകുന്നത്. ഇന്ത്യയിൽ നിന്ന് ഫോർബ്സിന്റെ ആദ്യ നൂറ് പേരിൽ ഇടം പിടിച്ചത് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി മാത്രമാണ്.

റയൽ മാഡ്രിഡിന്റെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഒന്നാമതെത്തിയ പട്ടികയിൽ ഇടം പിടിച്ച ഏക വനിത കായിക താരം ടെന്നിസ് താരം സെറീന വില്യംസ് മാത്രമാണെന്നതാണ് മറ്റൊരു പ്രത്യേകത.  22 ദശലക്ഷം ഡോളർ വരുമാനമാണ് പട്ടികയിൽ 89ാം സ്ഥാനത്തുള്ള ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ വരുമാനം. ഇതിൽ മൂന്ന് ദശലക്ഷം ഡോളർ വേതനമായി ലഭിക്കുന്നതും ശേഷിച്ചവ അവാർഡുകളിൽ നിന്നും അംഗീകാരങ്ങളിൽ നിന്നും ലഭിക്കുന്നതുമാണ്.

11 കായിക മേഖലകളിൽ നിന്നുള്ള താരങ്ങളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 21 രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇവർ. ഇന്ത്യയിൽ നിന്ന് വിരാട് കോഹ്ലി മാത്രമാണ് പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

27 ദശലക്ഷം ഡോളറാണ് പട്ടികയിൽ 51ാം സ്ഥാനത്തുള്ള ഏക വനിത താരം സെറീന വില്യംസിന്റെ പ്രതിഫലം.  സ്ഥിരമായി ഈ പട്ടികയിൽ ഇടം പിടിക്കാറുള്ള മരിയ ഷറപ്പോവ ഇത്തവണ പട്ടികയിൽ ഇടം നേടിയിട്ടില്ല.

കഴിഞ്ഞ ഒരു വർഷത്തിനിടെ 93 ദശലക്ഷം ഡോളർ പ്രതിഫലം വാങ്ങിയ ഫുട്ബോൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഒന്നാമതുള്ളത്. 600ാമത് കരിയർ ഗോൾ നേടിയ താരം തുടർച്ചയായ നാലാം തവണയും ഫിഫയുടെ മികച്ച ഫുട്ബോൾ താരമായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. റയൽ മാഡ്രിഡ് 50 ദശലക്ഷം ഡോളറിനാണ് ഇദ്ദേഹവുമായുള്ള കരാർ പുതുക്കിയിരിക്കുന്നത്. ലാലിഗ യിലും ചാംപ്യൻസ് ലീഗിലും റയൽ മാഡ്രിഡ് ചാംപ്യൻ പട്ടം കരസ്ഥമാക്കിയതോടെ റൊണാൾഡോയുടെ മൂല്യത്തിലും വൻ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്.

80 ദശലക്ഷം ഡോളർ പ്രതിഫലമുള്ള ബാഴ്സലോണ ഫുട്ബോൾ താരം ലയണൽ മെസ്സി, 64 ദശലക്ഷം ഡോളർ ലഭിക്കുന്ന ടെന്നിസ് ഇതിഹാസം റോജർ ഫെഡറർ  എന്നിവരും പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനക്കാരിലുണ്ട്.

 

 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ