ക്രിക്കറ്റിൽ മാത്രമല്ല സമൂഹമാധ്യമങ്ങളിലും പരസ്യരംഗത്തുമെല്ലാം താരമാണ് ഇന്ത്യൻ ക്രിക്കറ്റ് നായകൻ കൂടിയായ വിരാട് കോഹ്‌ലി. അതുകൊണ്ട് തന്നെ ലോകത്ത് ഏറ്റവും കൂടുതൽ വരുമാനമുള്ള കായിക താരങ്ങളിൽ മുൻ നിരയിൽ തന്നെയാണ് കോഹ്‌ലിയുടെ സ്ഥാനം. കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കായികതാരങ്ങളുടെ പട്ടിക ഫോബ്‌സ് പ്രസിദ്ധീകരിച്ചപ്പോൾ 60-ാം സ്ഥാനത്തായിരുന്നു കോഹ്‌ലി. എന്നാൽ ഇൻസ്റ്റഗ്രാം വരുമാനത്തിൽ ബഹുദൂരം മുന്നിലാണ് താരമെന്ന് അറ്റയിൻസ് പട്ടിക പറയുന്നു.

കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ പ്രസിദ്ധീകരിച്ച പട്ടികയിൽ ആറാം സ്ഥാനത്താണ് കോഹ്‌ലി. പട്ടികയിലെ ഏക ക്രിക്കറ്ററും കോഹ്‌ലി തന്നെ. മാർച്ച് 12 മുതൽ മേയ് 24 വരെയുള്ള കണക്കുകൾ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടാണിത്.

Also Read: വരുമാനത്തിൽ മെസ്സിയെ മറികടന്ന് ഫെഡറർ ഒന്നാമത്; ക്രിക്കറ്റ് താരങ്ങളിൽ മുന്നിൽ കോഹ്ലി: പുതിയ ഫോബ്‌സ് പട്ടിക പ്രസിദ്ധീകരിച്ചു

ഇൻസ്റ്റഗ്രാമിൽ തന്റെ ഒരു സ്പോൻസേർഡ് പോസ്റ്റിന് 126431 പൗണ്ടാണ് കോഹ്‌ലി പ്രതിഫലമായി വാങ്ങുന്നത്, ഏകദേശം ഒരു കോടിയിലധികം രൂപ. ഇത്തരത്തിൽ മേൽ പറഞ്ഞ ചുരുങ്ങിയ കാലയളവിൽ മൂന്ന് പോസ്റ്റുകൾ ചെയ്ത കോഹ്‌ലി നേടിയത് ആകെ മൂന്നാര കോടി രൂപയാണ്.

പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. പോസ്റ്റ് ഒന്നിന് 470584 പൗണ്ടാണ് റൊണാൾഡോയുടെ പ്രതിഫലം. ഇത്തരത്തിൽ നാല് പോസ്റ്റുകൾ ഇൻസ്റ്റഗ്രാമിൽ ചെയ്തതിന് 17,97,71,485 രൂപ താരത്തിന് പ്രതിഫലമായി ലഭിച്ചു.

Also Read: യുസ്‌വേന്ദ്ര ചാഹലിനെതിരായ ജാതീയാധിക്ഷേപം; യുവരാജ് സിങ് ഖേദം പ്രകടിപ്പിച്ചു

പട്ടികയിൽ റൊണാൾഡോയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്ത് ബാഴ്സയുടെ അർജന്റീനിയൻ താരം ലയണൽ മെസിയും മൂന്നാം സ്ഥാനത്ത് പിഎസ്ജിയുടെ ബ്രസീലിയൻ സ്ട്രൈക്കർ നെയ്മറുമാണ്. ബാസ്കറ്റ് ബോൾ താരം ഷാക്കേൽ നീൽ നാലാം സ്ഥാനത്തും വിരമിച്ച ഇംഗ്ലീഷ് ഫുട്ബോളർ ഡേവിഡ് ബെക്കാം അഞ്ചാം സ്ഥാനത്തുമാണ്.

Also Read: കേരള ബ്ലാസ്റ്റേഴ്സും കോഴിക്കോടേയ്ക്ക്; അടുത്ത സീസണിൽ മത്സരങ്ങൾ സംഘടിപ്പിക്കും

ഫോബ്സ് പട്ടികയിൽ ടെന്നീസ് താരം റോജർ ഫെഡററാണ് പട്ടികയിൽ ഒന്നാമത്. അർജന്റീനിയൻ ഫുട്ബോൾ സൂപ്പർ താരം ലയണൽ മെസ്സിയെ മറികടന്നാണ് ഫെഡറർ ഇത്തവണ ലിസ്റ്റിൽ ഒന്നാമതെത്തിയത്. കഴിഞ്ഞ വർഷം പട്ടികയിൽ അഞ്ചാമതായിരുന്നു ഫെഡറർ. കഴിഞ്ഞ വർഷം ലിസ്റ്റിൽ ഒന്നാമതായിരുന്ന മെസ്സി ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പോർച്ചുഗീസ് ഫുട്ബോൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ വർഷവും പട്ടികയിൽ രണ്ടാം സ്ഥാനത്തായിരുന്നു റൊണോ. കഴിഞ്ഞ തവണ പട്ടികയിൽ മൂന്നാമതായിരുന്ന ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മർ ഇത്തവണ നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook