ന്യൂഡൽഹി: ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റും പരാജയപ്പെട്ട് പരമ്പര നഷ്ടമായതിന് പിന്നാലെ ഇന്ത്യൻ പേസ് നിരയിൽ നിർണായക മാറ്റങ്ങൾക്ക് വഴിയൊരുങ്ങുന്നു. നായകൻ വിരാട് കോഹ്‌ലി തന്നെയാണ് ഇതുസംബന്ധിച്ച സൂചന നൽകിയിരിക്കുന്നത്. ഇന്ത്യൻ പേസർമാർക്ക് പ്രായമേറി വരികയാണെന്നും കരുത്തുറ്റ അടുത്ത തലമുറയെ തയ്യാറാക്കേണ്ടതുണ്ടെന്നും കോഹ്‌ലി പറഞ്ഞു.

Read Also: ഇത് ചെയ്തവരോട് ഞാനൊരിക്കലും പൊറുക്കില്ല; പൊട്ടിക്കരഞ്ഞ് താര കല്യാൺ

കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യൻ വിജയങ്ങളിൽ നിർണായക പങ്കുവഹിക്കുന്ന ഡിപ്പാർട്മെന്റാണ് പേസർമാരുടേത്. ഇഷാന്ത് ശർമ്മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവരടങ്ങുന്ന പേസ് നിര എതിർ ടീമുകൾക്ക് പലപ്പോഴും വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരുന്നത്. എന്നാൽ 33ലേക്ക് കടക്കുന്ന ഉമേഷ് യാദവിനും 32ലേക്ക് കടക്കുന്ന ഇഷാന്ത് ശർമയ്ക്കും 30ലേക്ക് കടക്കുന്ന മുഹമ്മദ് ഷമിക്കും പകരക്കാരെ കണ്ടെത്തേണ്ട സമയമാണ് ഇനി.

“ടീമിലെ പേസർമാർക്ക് പ്രായമേറി വരുന്നത് മാനേജ്മെന്റ് മനസിലാക്കണം. ഇവർക്ക് പ്രായം കുറഞ്ഞ് വരികയല്ല. ഇവർക്ക് പകരക്കാരാകാൻ സാധിക്കുന്ന മികച്ച താരങ്ങളുണ്ടെന്ന് അംഗീകരിക്കുകയും അത് പ്രാവർത്തികമാക്കുകയും ചെയ്യണം,” വിരാട് കോഹ്‌ലി പറഞ്ഞു.

Also Read: അച്ചടക്കം നഷ്ടപ്പെട്ടു, ഒന്ന് പൊരുതിപോലുമില്ല; ഇന്ത്യൻ ടീമിനെതിരെ ആഞ്ഞടിച്ച് മുൻതാരങ്ങൾ

കണങ്കാലിന്റെ പരുക്കും ജോലിഭാരവും മുഹമ്മദ് ഷമിയുടെ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ രണ്ട് വർഷത്തിലധികം ഇനിയും ഷമിയെ ഇത്തരത്തിൽ ഉപയോഗിക്കാൻ ഇന്ത്യൻ ടീമിന് സാധിക്കില്ല. ഇഷാന്ത് ശർമ്മയും പരുക്കിന്റെ പിടിയിലാണ്.

Also Read: അങ്ങാടിയിൽ തോറ്റതിന്… മാധ്യമപ്രവർത്തകനോട് കയർത്തു കോഹ്‌ലി

“മുന്നോട്ട് നോക്കുമ്പോൾ ഈ സ്റ്റാൻഡേർഡ് നിലനിർത്താൻ സാധിക്കുന്ന മൂന്നോ നാലോ താരങ്ങളെ കണ്ടെത്തേണ്ടതുണ്ട്. കാരണം ഇവരിൽ ചില താരങ്ങൾ പുറത്താകുമ്പോൾ ആ ശൂന്യത അറിയാൻ പാടില്ല,” കോഹ്‌ലി പറഞ്ഞു. നവ്‌ദീപ് സെയ്നി ഉൾപ്പടെയുള്ള താരങ്ങളാണ് ഇന്ത്യൻ ടീമിൽ സ്ഥിരസാന്നിധ്യമാകാൻ കാത്തിരിക്കുന്നത്.

ബുംറയായിരിക്കും ഇനി അങ്ങോട്ട് ടെസ്റ്റിലും ഇന്ത്യൻ ബോളിങ് നിരയെ നയിക്കുക. തമ്മിൽ ചെറുപ്പമായതിനാൽ മറ്റ് താരങ്ങളേക്കാൾ കൂടുതൽ അവസരം ബുംറയ്ക്ക് ലഭിക്കും. ഷമിയും ഇഷാന്തും ഉമേഷും പോകുന്ന ഒഴിവിലേക്ക് കണ്ണുംനട്ട് ഒരു മലയാളിയും ഇന്ത്യൻ ടീമിന്റെ പടിവാതിൽക്കലുണ്ട്, സന്ദീപ് വാര്യർ. ഇന്ത്യ എ ടീമിലെ സ്ഥിരസാന്നിധ്യമായ സന്ദീപ് ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കുന്ന താരങ്ങളുടെ മുൻനിരയിൽ തന്നെയുണ്ട്. ഹൈദരാബാദ് താരം മുഹമ്മദ് സിറാജ്, മധ്യപ്രദേശിന്റെ ആവേശ് ഖാൻ, ബംഗാൾ താരം ഇഷാന്ത് പോറൽ എന്നിവരും സെലക്ടർമാരുടെ നിരീക്ഷണത്തിലാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook