മുംബൈ: ഇന്ത്യ-പാക് വിദ്വേഷം ക്രിക്കറ്റിനേയും ഉലയ്ക്കുകയാണ്. ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ നിന്നും ഇന്ത്യ പിന്മാറണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുമ്പോള്‍ മറു വിഭാഗം കളിക്കണമെന്നാണ് അഭിപ്രായപ്പെടുന്നത്. സച്ചിന് അടക്കമുള്ളവര്‍ കളിക്കണമെന്ന് പറഞ്ഞപ്പോള്‍ മുന്‍ നായകന് സൗരവ് ഗാംഗുലിയെ പോലുള്ളവര്‍ കളിക്കുന്നതിനോട് വിയോജിപ്പ് രേഖപ്പെടുത്തി.
വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കുകയാണ് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. നേരത്തെ തന്നെ നായകന്റെ നിലപാട് എന്താണ് എന്ന് ആരാധകരില്‍ നിന്നും ചോദ്യം ഉയര്‍ന്നിരുന്നു. ഓസ്ട്രേലിയക്കെതിരായ പരമ്പരക്ക് മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തിലായിരുന്നു കോഹ്ലി തന്റെ അഭിപ്രായം വ്യക്തമാക്കിയത്. വിഷയത്തില്‍ ബിസിസിഐയും സര്‍ക്കാരും എന്തു തീരുമാനിക്കുന്നുവോ അത് അംഗീകരിക്കുമെന്നാണ് കോഹ്ലി പറയുന്നത്.
#WATCH Virat Kohli on Ind Vs Pak in World Cup says, "Our sincere condolences to the families of CRPF soldiers who lost their lives in #PulwamaAttack. We stand by what the nation wants to do and what the BCCI decides to do." pic.twitter.com/gjyJ9qDxts
— ANI (@ANI) February 23, 2019
”പുല്‍വാമയില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് ഞങ്ങളുടെ അനുശോചനം അറിയിക്കുന്നു. ബിസിസിഐയും രാജ്യവും എന്ത് തീരുമാനിക്കുന്നുവോ ഈ തീരുമാനത്തെ പിന്തുണക്കും. അവരുടെ വാക്കുകളെ ബഹുമാനിക്കുന്നു” എന്നായിരുന്നു കോഹ്ലിയുടെ വാക്കുകള്‍.
നേരത്തെ ഭീകരവാദത്തെ പിന്തുണക്കുന്ന രാജ്യങ്ങളുമായി ബന്ധം പുലര്‍ത്തരുതെന്ന് ബിസിസിഐ ഐസിസിക്കുള്ള കത്തില്‍ പറഞ്ഞിരുന്നു. പാക്കിസ്ഥാനെ ലോകകപ്പില്‍ നിന്നും ഒഴിവാക്കാന്‍ പരോക്ഷമായി ആവശ്യപ്പെടുകയായിരുന്നു ഇന്ത്യ. വിഷയത്തില്‍ ബിസിസിഐ തീരുമാനം ഒന്നും എടുത്തിട്ടില്ല. കളിക്കണമോ വേണ്ടയോ എന്നത് കേന്ദ്രത്തിന് വിട്ടിരിക്കുകയാണ്. ലോകകപ്പിന് ഇനിയും സമയമുണ്ടെന്നും അപ്പോഴേക്കും അന്തിമ തീരുമാനത്തിലെത്തിയാല്‍ മതിയെന്ന നിലപാടിലാണ് ബിസിസിഐ.