2022ലെ ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ക്രിക്കറ്റില്‍ നിന്ന് ഇടവേള എടുക്കുന്നതിലേക്ക് നയിച്ച മത്സരങ്ങളില്‍ താന്‍ മാനസികമായി പിരിമുറുക്കത്തിലായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. സ്റ്റാര്‍ സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തില്‍ കോഹ്ലിയുടെ വെളിപ്പെടുത്തല്‍. ഇടവേളയ്ക്കിടെ തന്റെ ക്രിക്കറ്റ് ബാറ്റില്‍ ഒരു മാസത്തോളം തൊട്ടില്ലെന്നും പത്ത് വര്‍ഷത്തിനിടെ ആദ്യമായാണ് ഇത് സംഭവിച്ചതെന്നും കോഹ്ലി പറഞ്ഞു.
”കഴിഞ്ഞ 10 വര്‍ഷത്തിനിടെ ആദ്യമായി ഒരു മാസത്തോളം ഞാന്‍ എന്റെ ബാറ്റ് തൊട്ടില്ല. അടുത്തിടെ ഞാന്‍ എന്റെ ഇന്റന്‍സിറ്റി വ്യാജമായി ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുകയാണെന്ന കാര്യം തിരിച്ചറിഞ്ഞു. എനിക്ക് ഇന്റന്‍സിറ്റിയുണ്ടെന്ന കാര്യം ഞാന്‍ എന്നെ തന്നെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ നിങ്ങളുടെ ശരീരം പറയുകയാണ് നിര്‍ത്തൂ എന്ന്. ഒരു ഇടവേളയെടുത്ത് അല്‍പം മാറിനില്‍ക്കാന്‍ മനസും എന്നോട് പറയുകയായിരുന്നു. മാനസികമായി വളരെ ശക്തനായ ഒരു വ്യക്തിയായിട്ടാണ് ഞാന്‍ എന്നെ കാണുന്നത്. എന്നാല്‍ അതിന് എല്ലാവര്‍ക്കും ഒരു പരിധിയുണ്ട്, നിങ്ങള്‍ ആ പരിധി തിരിച്ചറിയണം, അല്ലാത്തപക്ഷം കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനാരോഗ്യകരമാകും. ഈ കാലഘട്ടം എന്നെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു. ഞാന്‍ മാനസികമായി വിഷമത്തിലായിരുന്നു എന്ന കാര്യം സമ്മതിക്കാന്‍ എനിക്ക് മടിയില്ല. ഇത് വളരെ സാധാരണമായ ഒരു വികാരമാണ്, ധൈര്യമില്ലാത്തതിനാല്‍ ഇക്കാര്യങ്ങള്‍ നമ്മള്‍ തുറന്നുപറയില്ല. മാനസികമായി ദുര്‍ബലരായി കാണപ്പെടാന്‍ നമ്മള്‍ ആഗ്രഹിക്കില്ല. ബലഹീനനാണെന്ന് സമ്മതിക്കുന്നതിനേക്കാള്‍ മോശം അവസ്ഥയാണ് ശക്തനാണെന്ന് അഭിനയിക്കുന്നത്.” കോഹ്ലി വ്യക്തമാക്കി.
ഞായറാഴ്ച പാക്കിസ്ഥാനെതിരായ ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഏഷ്യാ കപ്പ് മത്സരത്തിന് മുന്നോടിയായാണ് കോഹ്ലി തന്റെ കളിയിലെ പോരായ്മകളെക്കുറിച്ച് തുറന്നു പറഞ്ഞത്. മത്സര ക്രിക്കറ്റില്‍ നിന്ന് ഒന്നര മാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തുകയാണ് താരം.