ലോർഡ്സ് ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 107 റൺസിന് പുറത്തായിരുന്നു. ഇംഗ്ലണ്ട് പേസർമാരാണ് ഇന്ത്യൻ ടീമിനെ ചെറിയ റൺസിന് കൂടാരം കയറ്റിയത്. 29 റൺസെടുത്ത ആർ.അശ്വിനാണ് ഇന്ത്യൻ നിരയിൽ ടോപ് സ്കോറർ. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജെയിംസ് ആൻഡേഴ്സൺ ആണ് ഇന്ത്യൻ ടീമിന്റെ നട്ടെല്ലൊടിച്ചത്.

ടെസ്റ്റിന്റെ ആദ്യ ദിനമായ വ്യാഴാഴ്ച മഴ മൂലം കളി മുടങ്ങിയിരുന്നു. വെളളിയാഴ്ച കളി തുടങ്ങിയെങ്കിലും മഴ കാരണം രണ്ടുതവണ മുടങ്ങി. രണ്ടാം ദിനത്തിൽ അക്കൗണ്ട് തുറക്കുന്നതിനു മുൻപേ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. റൺസൊന്നും എടുക്കാതെ മുരളി വിജയ് ആണ് ആദ്യം പുറത്തായത്. നാലാം ഓവറിൽ ലോകേഷ് രാഹുലും പുറത്തായി.

ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്കൊപ്പം ചേർന്ന് റൺസ് കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ചേതേശ്വർ പൂജാര റൺഔട്ട് ആയത്. 24 പന്തുകൾ നേരിട്ട പൂജാര ഒരു റൺസുമായി നിൽക്കുമ്പോഴായിരുന്നു വിക്കറ്റ് വീണത്. ആൻഡേഴ്സൺ എറിഞ്ഞ ഒൻപതാം ഓവറിലെ മൂന്നാം പന്തിലായിരുന്നു സംഭവം. പൂജാര റൺസിനായി ഓടിയെങ്കിലും നോൺ സ്ട്രൈക്കേഴ്സ് എൻഡിൽനിന്ന കോഹ്‌ലി കുറച്ചുദൂരം ഓടിയശേഷം പിന്നീട് തിരിച്ചോടി. ഇതോടെ പൂജാരയ്ക്ക് ഒന്നും കഴിയാതെ വന്നു.

പൂജാരയുടെ വിക്കറ്റിന്റെ ഉത്തരവാദി കോഹ്‌ലിയാണെന്നാണ് സോഷ്യൽ മീഡിയ കുറ്റപ്പെടുത്തിയത്. കോഹ്‌ലി ഓടിയിരുന്നുവെങ്കിൽ പൂജാര റൺഔട്ട് ആകില്ലായിരുന്നുവെന്നാണ് സോഷ്യൽ മീഡിയയിൽ നിരവധി പേർ പ്രതികരിച്ചത്. എന്നാൽ പൂജാരയുടെ റൺഔട്ടിന് കോഹ്‌ലിയല്ല കാരണക്കാരൻ എന്നാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കെയ്ഫ് പറയുന്നത്.

‘റൺഔട്ടിന് കോഹ്‌ലിയെ നിങ്ങൾക്ക് കുറ്റപ്പെടുത്താം, പക്ഷേ അടുത്ത മൽസരത്തിലുടനീളം പൂജാരയുടെ കണ്ണുകൾ തീർച്ചയായും കോഹ്‌ലിയുടെ നേർക്കുണ്ടാകും’, ഇതായിരുന്നു കെയ്ഫ് ട്വീറ്റ് ചെയ്തത്. റണ്ണിനായി ഓടുമ്പോൾ പൂജാര നായകൻ കോഹ്‌ലിയെ നോക്കിയിരുന്നുവെങ്കിൽ റൺഔട്ട് ആകില്ലായിരുന്നുവെന്ന് പറയാനാണ് കെയ്ഫ് ശ്രമിക്കുന്നത്. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ കോഹ്‌ലി തിരിച്ചോടുന്നതുകണ്ട് പൂജാരയ്ക്കും പെട്ടെന്ന് തിരിച്ചോടാൻ കഴിയുമായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook