റാഞ്ചി: ടെസ്റ്റ് ക്രിക്കറ്റിനെ സജീവമാക്കി നിലനിര്‍ത്താന്‍ മാർഗനിർദേശവുമായി വിരാട് കോഹ്‌ലി. കുറഞ്ഞത് അഞ്ച് സ്‌റ്റേഡിയങ്ങള്‍ ടെസ്റ്റിനായി മാറ്റി വയ്ക്കണമെന്നാണ് കോഹ്‌ലി പറയുന്നത്. കാണികള്‍ എത്താത്തിടത്ത് ടെസ്റ്റ് മത്സരം നടത്തുന്നതില്‍ അര്‍ത്ഥമില്ലെന്നും ഇന്ത്യന്‍ നായകന്‍ പറഞ്ഞു.
കഴിഞ്ഞ കുറച്ച് നാളായി ഇന്ത്യയിൽ വിവിധ വേദികളിലായാണ് ടെസ്റ്റ് മത്സരം നടത്തുന്നത്. നേരത്തെ എന്‍.ശ്രീനിവാസന്‍ ബിസിസിഐ പ്രസിഡന്റായിരുന്ന കാലത്ത് പ്രധാന സ്റ്റേഡിയങ്ങളിലായിരുന്നു ടെസ്റ്റ് നടന്നിരുന്നത്. പക്ഷെ 2015 ല്‍ ഇന്ത്യ റെട്ടോഷന്‍ പോളിസിയിലേക്ക് തിരികെ പോവുകയായിരുന്നു. റാഞ്ചി ടെസ്റ്റില്‍ 3000 ടിക്കറ്റുകള്‍ മാത്രമാണ് വിറ്റുപോയത്.
”ടെസ്റ്റ് ക്രിക്കറ്റിനെ സജീവമായി നിലനിര്‍ത്തേണ്ടതുണ്ട്. അഞ്ച് ടെസ്റ്റ് സെന്ററെങ്കിലും വേണമെന്നതിനോട് യോജിക്കുന്നു. ആളുകളില്ലാത്ത ഇടങ്ങളില്‍ ടെസ്റ്റ് നടത്തുന്നതില്‍ അര്‍ത്ഥമില്ല” വിരാട് പറഞ്ഞു. മത്സരശേഷമുള്ള പത്രസമ്മേളനത്തിലായിരുന്നു നായകന്റെ നിര്‍ദേശം. ഇന്ത്യയില്‍ പര്യടനത്തിനെത്തുമ്പോള്‍ തങ്ങള്‍ എവിടെയാണ് കളിക്കേണ്ടതെന്ന് ടീമുകള്‍ക്ക് ധാരണ ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ടെസ്റ്റ് ക്രിക്കറ്റിനായി സ്ഥിരം വേദികളുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ടെസ്റ്റ് സെന്ററുകള്‍ വിവിധ സംസ്ഥാനങ്ങളിലായി വ്യാപിച്ച് കിടക്കുകയാണ്. മറ്റ് രാജ്യങ്ങളിലേക്ക് പോകുമ്പോള്‍ കളിക്കാന്‍ പോകുന്ന ഇടത്തെ കുറിച്ച് ഇന്ത്യന്‍ ടീമിന് നേരത്തെ അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.