scorecardresearch

Latest News

‘എന്നെക്കുറിച്ച് മറ്റുള്ളവർ പറയുന്നതിലല്ല ശ്രദ്ധ’; വിവാദങ്ങളിൽ പ്രതികരിച്ച് കോഹ്‌ലി

പെർത്ത് ടെസ്റ്റിൽ കോഹ്‌ലിയും പെയ്നും തമ്മിലുളള കൊമ്പുകോർക്കൽ ക്രിക്കറ്റ് ലോകത്തെ ചൂടേറിയ ചർച്ചാ വിഷയമായിരുന്നു

virat kohli, indian captain

മെൽബണിൽ ഓസ്ട്രേലിയയ്ക്കെതിരായുളള മൂന്നാം ടെസ്റ്റ് ഒരുക്കത്തിലാണ് ടീം ഇന്ത്യ. മൂന്നാം ടെസ്റ്റിലും ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയിലേക്കും ഓസ്ട്രേലിയൻ നായകൻ ടിം പെയ്നിലേക്കുമാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. പെർത്ത് ടെസ്റ്റിൽ ഇരു നായകന്മാരും തമ്മിലുളള കൊമ്പുകോർക്കൽ ക്രിക്കറ്റ് ലോകത്തെ ചൂടേറിയ ചർച്ചാ വിഷയമായിരുന്നു.

മൂന്നാം ടെസ്റ്റിനു മുന്നോടിയായി ടിം പെയ്നുമായുണ്ടായ കൊമ്പു കോർക്കലിനെക്കുറിച്ചുളള ചോദ്യം കോഹ്‌ലിക്ക് നേരെ ഉയർന്നു. ഇതിന് തന്റെ ശ്രദ്ധ മുഴുവൻ കളിയിലാണെന്നും എന്നെക്കുറിച്ച് മറ്റുള്ളവർ എന്ത് ചിന്തിക്കുന്നവെന്നതിനെക്കുറിച്ചല്ലെന്നുമായിരുന്നു കോഹ്‌ലിയുടെ മറുപടി.

”എന്നെ എല്ലാവരും ഇഷ്ടപ്പെടണം എന്നൊരിക്കലും ഞാൻ ചിന്തിക്കാറില്ല. ഒരാൾ എങ്ങനെയായിരിക്കണം എന്നത് അയാളുടെ ഇഷ്ടമാണ്. ഇതുതന്നെയാണ് കഴിഞ്ഞ മത്സരശേഷമുളള വാർത്താസമ്മേളനത്തിൽ ഞാൻ പറഞ്ഞത്. എന്റെ ശ്രദ്ധ ടെസ്റ്റ് മത്സരം വിജയിക്കുന്നതിലാണ്. എന്റെ ടീമിന് നല്ലത് ചെയ്യുന്നതിനുവേണ്ടിയാണ്. എന്നെക്കുറിച്ച് വരുന്ന ലേഖനങ്ങളിലോ എന്നെക്കുറിച്ച് മറ്റുള്ളവർ എന്ത് പറയുന്നതിലോ അല്ല എന്റെ ശ്രദ്ധ. ഓരോരുത്തർക്കും അവരവരുടേതായ കാഴ്ചപ്പാടുണ്ട്, ഞാനതിനെ ബഹുമാനിക്കുന്നു. പക്ഷേ എന്റെ ശ്രദ്ധ ക്രിക്കറ്റിലും എന്റെ ടീമിന്റെ വിജയിത്തിലുമാണ്,” കോഹ്‌ലി പറഞ്ഞു.

പെർത്തിലെ തോൽവിയെക്കുറിച്ച് കോഹ്‌ലി പറഞ്ഞത് ഇങ്ങനെ, ”ഒരു ടീമെന്ന നിലയിൽ നിങ്ങൾ 2-0 ന് മുകളിലാണോ 1-0 ന് താഴെയാണോ എന്നതല്ല കാര്യം. കഴിഞ്ഞുപോയതിൽ കാര്യമില്ല. അടുത്ത മത്സരത്തിൽ സംഭവിക്കാൻ പോകുന്നതെന്താണോ അതിനാണ് പ്രാധാന്യം. ഈ നിമിഷം ശ്രദ്ധിക്കുകയാണ് പ്രധാനം. ഈ നിമിഷത്തിൽ ജീവിക്കുക. ഞങ്ങൾ നല്ല രീതിയിൽ കളിക്കാനാണ് ശ്രദ്ധിക്കുന്നത്. അല്ലാതെ കഴിഞ്ഞതിനെക്കുറിച്ച് ഓർത്ത് പരിഭ്രാന്തരാവാറില്ല.”

പെർത്തിൽ ഓസ്ട്രേലിയൻ നായകൻ ടിം പെയ്നുമായി കൊമ്പുകോർത്തതിനെക്കുറിച്ചും കോഹ്‌ലി പ്രതികരിച്ചു. ”രണ്ടു ടീമുകളും ക്രിക്കറ്റിനെ ഏറെ ഇഷ്ടപ്പെടുന്നവരും ജയിക്കണമെന്ന് മാത്രം ചിന്തിക്കുന്നവരുമാണ്. മൈതാനത്ത് പലതും സംഭവിക്കാം. പക്ഷേ ഒരിക്കലും അതിർവരമ്പ് കടന്നിട്ടില്ല. പെർത്തിൽ സംഭവിച്ചത് എന്താണെന്ന് എനിക്കും ടിമ്മിനും അറിയാം. ഞങ്ങൾ അനാവശ്യമായി ഒന്നും ചെയ്തിട്ടില്ല. ഞങ്ങളുടെ ടീമിനെ നന്നായി നയിച്ച് ജനങ്ങൾ ആഗ്രഹിക്കുന്നതുപോലെ നല്ല രീതിയിൽ കളിക്കണമെന്നേ ചിന്തിച്ചിട്ടുള്ളൂ.”

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Virat kohli not concerned about what people think