വിരാട് കോഹ്‌ലിയുടെ ട്വീറ്റ് ആരാധകരെ ഒരേസമയം ആവേശരാക്കുകയും ആശങ്കാകുലരാക്കുകയും ചെയ്തിരിക്കുകയാണ്. ഒരു പോസ്റ്ററും ഒപ്പം കോഹ്‌ലി നൽകിയ അടിക്കുറിപ്പുമാണ് ആരാധകരെ കൺഫ്യൂഷനടിപ്പിക്കുന്നത്.

‘ട്രെയിലർ ദി മൂവി’ എന്നാണ് പോസ്റ്ററിലുളളത്. ’10 വർഷത്തിനുശേഷം മറ്റൊരു അരങ്ങേറ്റം. കാത്തിരിക്കാനാവുന്നില്ല’ ഇതായിരുന്നു പോസ്റ്റർ ഷെയർ ചെയ്തുകൊണ്ട് കോഹ്‌ലി ട്വീറ്റ് ചെയ്തത്. ഇതിനൊപ്പം ഒരു വെബ്സൈറ്റിന്റെ ലിങ്കും നൽകിയിരുന്നു. ലിങ്കിൽ ക്ലിക്ക് ചെയ്ത് വെബ്സൈറ്റിൽ പോകുമ്പോൾ കാണുന്നത് 28.09.18 എന്നെഴുതിയിരിക്കുന്നതാണ്. ബാക്ക്ഗ്രൗണ്ടിൽ തോക്കേന്തി നിൽക്കുന്ന കോഹ്‌ലിയുടെ ചിത്രവുമുണ്ട്.

പോസ്റ്റർ കണ്ടതോടെ ആരാധകരെല്ലാം കൺഫ്യൂഷനിലാണ്. കോഹ്‌ലിയുടെ ഭാര്യ അനുഷ്ക ശർമ്മ ബോളിവുഡ് നടിയാണ്. ഭാര്യയെപ്പോലെ കോഹ്‌ലിയും ബോളിവുഡിൽ ഒരു കൈ നോക്കാൻ ഒരുങ്ങുകയാണോ എന്നാണ് ആരാധകരുടെ സംശയം. നിരവധി പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുളള കോഹ്‌ലി അഭിനയം പുതിയതല്ല. ഭാര്യ അനുഷ്കയ്ക്ക് ഒപ്പം അഭിനയിച്ച പരസ്യം വൻഹിറ്റായിരുന്നു.

അതേസമയം, ഇതൊരു പരസ്യത്തിന്റെ പ്രൊമോഷൻ ആണെന്നും ചിലർ പറയുന്നു. പോസ്റ്ററിൽ കോഹ്‌ലി ധരിച്ചിരിക്കുന്ന ടീ ഷർട്ട് ചൂണ്ടിക്കാട്ടിയാണ് അവരിത് പറയുന്നത്. വ്രോഗൻ കമ്പനിയുടെ ടി ഷർട്ടാണ് കോഹ്‌ലി ധരിച്ചിരിക്കുന്നത്. അതിനാൽ തന്നെ ഇത് ആ കമ്പനിയുടെ പരസ്യമാണെന്നും ചിലർ പറയുന്നു. എന്തായാലും പോസ്റ്ററിനു പിന്നിലെ രഹസ്യം അറിയാൻ 28-ാം തീയതിവരെ കാത്തിരിക്കണ്ടി വരും.

ഏഷ്യ കപ്പിൽനിന്നും കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചിരുന്നു. കോഹ്‌ലിയുടെ അഭാവത്തിൽ രോഹിത് ശർമ്മയാണ് ടീമിനെ നയിക്കുന്നത്. ഹോങ്കോങ്ങിനെയും പാക്കിസ്ഥാനെയും തോൽപ്പിച്ച ഇന്ത്യയുടെ മൂന്നാമത്തെ മൽസരം ഇന്നാണ്. ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളികൾ. ഇന്ത്യൻ സമയം വൈകിട്ട് അഞ്ചിനാണ് മൽസരം തുടങ്ങുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook