എം.എസ്.ധോണിയെ വാനോളം പുകഴ്ത്തി ധോണിയുടെ മുന്‍ പരിശീലകന്‍. ഇപ്പോഴത്തെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്ക് ധോണിയില്‍ നിന്ന് ഏറെ പാഠങ്ങള്‍ പഠിക്കാനുണ്ടെന്ന് ധോണിയുടെ കുട്ടിക്കാലത്തെ കോച്ചായ കേശബ് രഞ്ജന്‍ ബാനര്‍ജി പറഞ്ഞു. മത്സരങ്ങള്‍ മനസിലാക്കി എടുക്കുന്നതിലും ഫീല്‍ഡിലും ധോണിയില്‍ നിന്ന് കോഹ്‌ലി ഇനിയും പഠിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Read More: ധോണിയുടേത് വെറും തുഴച്ചിലായിരുന്നോ? വിമർശിക്കുന്നവർ കാണൂ ഈ വീഡിയോ

“ഇപ്പോഴും ചില കളികളില്‍ കാണാം, ധോണിയാണ് തീരുമാനങ്ങള്‍ എടുക്കുന്നത്. ഫീല്‍ഡില്‍ പ്ലേസ്‌മെന്റ് അടക്കമുള്ള കാര്യങ്ങള്‍ നിര്‍ണായക സമയത്ത് ചെയ്യുന്നത് ധോണിയാണ്. സ്ട്രാറ്റജികള്‍ രൂപപ്പെടുത്തുന്നതിലും മത്സരങ്ങള്‍ വിലയിരുത്തുന്നതിലും ധോണി തന്നെയാണ് ഇപ്പോഴും കേമന്‍. ധോണിക്ക് ഈ കാര്യങ്ങളില്‍ പകരക്കാരില്ല. കോഹ്ലിക്ക് പോലും അതിനുള്ള കഴിവ് ഇല്ല. അതുകൊണ്ട് ധോണിയില്‍ നിന്ന് കോഹ്ലി ഏറെ ഉപദേശങ്ങള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു. ധോണി ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ലാതായാല്‍ കോഹ്ലിയെ സഹായിക്കാന്‍ ടീമില്‍ മറ്റാരുമില്ലെന്നും” ബാനര്‍ജി പറഞ്ഞു.

Read More: ‘കളിക്കുന്നത് ഐപിഎല്ലാണ്, ക്ലബ് ക്രിക്കറ്റല്ല’; പൊട്ടിത്തെറിച്ച് വിരാട് കോഹ്‌ലി

ക്യാപ്റ്റന്‍ എന്ന നിലയില്‍ ധോണിയില്‍ നിന്ന് കോഹ്ലിക്ക് ഏറെ ഉപദേശങ്ങള്‍ ലഭിക്കേണ്ടിയിരിക്കുന്നു. ധോണിക്ക് കോഹ് ലിയെ സഹായിക്കാന്‍ സാധിക്കുമെന്നാണ് തനിക്ക് തോന്നുന്നതെന്നും ധോണിയുടെ മുന്‍ പരിശീലകന്‍ കൂടിയായ അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ടീമിലെ നാലാം സ്ഥാനത്തെ കുറിച്ചും അദ്ദേഹം മനസുതുറന്നു. നാലാം നമ്പറില്‍ ധോണി ഇറങ്ങണമെന്നാണ് ബാനര്‍ജിയുടെ അഭിപ്രായം. ലോകകപ്പില്‍ ധോണി നാലാം സ്ഥാനത്ത് ബാറ്റിങിനിറങ്ങണമെന്നാണ് വ്യക്തിപരമായ ആഗ്രഹം. ധോണി നാലാം സ്ഥാനത്ത് ഇറങ്ങിയാല്‍ അദ്ദേഹത്തിന് ശേഷം വരുന്ന ബാറ്റ്‌സ്മാന്‍മാര്‍ക്ക് സമ്മര്‍ദ്ദമില്ലാതെ ബാറ്റ് ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ധോണി നാലാം നമ്പറിലെത്തിയാല്‍ അദേഹത്തിന് ആവശ്യമായ സമയം ലഭിക്കും. എന്നാല്‍ അഞ്ചാമനോ ആറാമനോ ആയി ബാറ്റിങിനെത്തിയാൽ അദ്ദേഹത്തിന് കൂറ്റൻ അടികൾക്ക് ശ്രമിക്കേണ്ടി വരുമെന്നും ബാനർജീ കൂട്ടിച്ചേർത്തു.

ഇംഗ്ലണ്ടിലും വെയിൽസിലുമായി നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിന് മെയ് 30ന് ലണ്ടനിലെ ഓവലിൽ തുടക്കമാവും. ഉദ്ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കയാണ് ആതിഥേയരുടെ ആദ്യ എതിരാളികൾ. മെയ് 30ന് ആരംഭിക്കുന്ന ലോകകപ്പിന്റെ ഫെെനൽ ജൂലൈ പതിനാലിന് ലോർ‍ഡ്സിൽ വെച്ചാണ് നടക്കുന്നത്. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ജൂൺ 5ന് വെെകീട്ട് മൂന്ന് മണിക്കാണ് (IST) ഇന്ത്യയുടെ ആദ്യ മത്സരം. ജൂൺ 16 ന് ഇന്ത്യ – പാകിസ്ഥാൻ പോരാട്ടം നടക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook