ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്കെതിരെ ആഞ്ഞടിച്ച് മുൻതാരം വിരേന്ദർ സെവാഗ്. കോഹ്‌ലിക്കെതിരായി നിൽക്കാനോ അദ്ദേഹത്തിന്റെ തെറ്റുകളെ ചൂണ്ടിക്കാട്ടാനോ ധൈര്യമുളള ഒരാളും നിലവിൽ ഇന്ത്യൻ ടീമിൽ ഇല്ലെന്ന് സെവാഗ് പറഞ്ഞു. ക്യാപ്റ്റന് ഉപദേശം നൽകാനും ഫീൽഡിൽ തെറ്റുകൾ ഒഴിവാക്കാൻ അദ്ദേഹത്തെ സഹായിക്കാനും കെൽപ്പുളള നാലോ അഞ്ചോ കളിക്കാർ എല്ലാ ടീമിലും ഉണ്ടാകും. എന്നാൽ നിലവിലെ ഇന്ത്യൻ ടീമിൽ ഞാൻ അങ്ങനെ ഒരാളെയും കണ്ടിട്ടില്ലെന്നും സെവാഗ് ഇന്ത്യ ടിവിയിലെ ഒരു ഷോയിൽ പറഞ്ഞു.

ഡ്രസിങ് റൂമിൽ കോഹ്‌ലിയുടെ സെലക്ഷൻ തീരുമാനത്തെ വെല്ലുവിളിക്കാൻ ധൈര്യമുളള ഒരാളും ഇന്ത്യൻ ടീമിൽ ഇല്ലെന്നും സെവാഗ് പറഞ്ഞു. ഏതു പ്രതികൂല സാഹചര്യത്തിലും കളിക്കാനുളള കഴിവ് വിരാട് കോഹ്‌ലി നേടിയിട്ടുണ്ട്. തന്നെപ്പോലെ ആയിരിക്കണം മറ്റു കളിക്കാരും എന്നാണ് കോഹ്‌ലി പ്രതീക്ഷിക്കുന്നത്. കോഹ്‌ലി ഇന്ന് എത്തിനിൽക്കുന്നിടത്ത് എത്താൻ മറ്റു ടീം അംഗങ്ങൾക്ക് കഴിഞ്ഞിട്ടില്ല. ഇതാണ് കോഹ്‌ലിയുടെ നായകസ്ഥാനത്തെ ബാധിക്കുന്നത്. തന്നെപ്പോലെ പേടിയില്ലാതെ മറ്റുളളവരും കളിക്കണമെന്നാണ് കോഹ്‌ലി ആഗ്രഹിക്കുന്നത്- സെവാഗ് പറഞ്ഞു.

തന്നെപ്പോലെ റൺസ് നേടാനാണ് കോഹ്‌ലി കളിക്കാരോട് പറയുന്നത്. അതിൽ തെറ്റൊന്നുമില്ല. സച്ചിൻ തെൻഡുൽക്കർ ക്യാപ്റ്റൻ ആയിരുന്നപ്പോൾ ബാറ്റ്സ്മാന്മാരോട് റൺസ് നേടാൻ പറഞ്ഞത് എനിക്ക് ഓർമയുണ്ട്. എനിക്ക് കഴിയുമെങ്കിൽ, എന്തുകൊണ്ട് നിങ്ങൾക്ക് ആയിക്കൂട?

കോഹ്‌ലിക്ക് കോച്ചിൽനിന്നും ഉപദേശം തേടാം, പക്ഷേ അത് മൈതാനത്ത് നടപ്പിലാക്കരുത്. അടുത്ത ടെസ്റ്റിൽ വിജയിക്കാൻ ടീമിനൊപ്പം ഇരുന്ന് കാര്യങ്ങൾ സംസാരിക്കണം. ഒരാൾ മാത്രം വിജയിച്ചാൽ കളി വിജയിക്കാനാവില്ല, അതിന് ടീം കൂട്ടായി പ്രവർത്തിക്കണം. ഓരോ കളിക്കാരനും അവന്റേതായ സംഭാവന നൽകണം-സെവാഗ് പറഞ്ഞു.

വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റൻ സ്ഥാനത്തിൽ മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഗ്രെയിം സ്മിത്ത് സംശയം പ്രകടിപ്പിച്ചിരുന്നു. കോഹ്‌ലി അധിക നാൾ ഇന്ത്യയുടെ ക്യാപ്റ്റനായി തുടരുമോ എന്നു തനിക്ക് ഉറപ്പില്ലെന്ന് ഇഎസ്‌പിഎൻ ക്രിക്ഇൻഫോയോടാണ് സ്മിത്ത് പറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ