ആന്‍ഡിഗ്വ: ടീം ഇന്ത്യയില്‍ അജിങ്ക്യ രഹാനെക്ക് ഇനിയെങ്കിലും സ്ഥിരമായി സ്ഥാനം നൽകണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. ഇന്ത്യന്‍ ടീമില്‍ രഹാനയ്ക്ക് ഉറച്ച സീറ്റ് നല്‍കണമെന്നും രഹാനെയുടെ റോള്‍ എന്ത് എന്ന് ടീം നായകന്‍ വിരാട് കോഹ്ലി നിര്‍വ്വചിക്കണം എന്നും ഗാംഗുലി ആവശ്യപ്പെട്ടു. ടൈംസ് ഓഫ് ഇന്ത്യയില്‍ എഴുതിയ കോളത്തിലാണ് ഗാംഗുലി ഇക്കാര്യം പറയുന്നത്.

‘അവനറിയാം പരന്പരയിലെ അഞ്ച് മത്സരങ്ങളിലും താന്‍കളിക്കുമെന്ന്, അതിനാല്‍ സമാധാനത്തോടെ കളിക്കാനാകുന്നുണ്ട്. കോഹ്ലി അടിയന്തിരമായി രഹാനെയ്‌ക്കൊപ്പം ഇരിക്കുമെന്നും അവന് ടീം ഇന്ത്യയില്‍ നിര്‍വ്വഹിക്കാനുളള റോള്‍ എന്തെന്ന് നിര്‍വ്വചിക്കുകയും ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. സമ്മര്‍ദങ്ങള്‍ ഇല്ലാത്ത രഹാനെയ്ക്ക് മികച്ച കളി പുറത്തെടുക്കാനാകും എന്ന് മാത്രമല്ല ടീമില്‍ നിര്‍ണായക പദവിയും വഹിക്കാനാകും’ ഗാംഗുലി അഭിപ്രായപ്പെട്ടു.

വെസ്റ്റിന്‍ഡീസിനെതിരെ പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് രഹാനെയാണ്. ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും അടക്കം 297 റണ്‍സാണ് നാല് മത്സരങ്ങളില്‍ നിന്നും രഹാന അടിച്ചു കൂട്ടിയത്. 62, 103, 72, 60 എന്നിങ്ങനെയാണ് പരമ്പരയിലെ രഹാനയുടെ പ്രകടനം. നാലാം ഏകദിനത്തിൽ ഇന്ത്യ പരാജയപ്പെട്ടപ്പോഴും രഹാനെ മികച്ച ഇന്നിങ്ങ്സുമായി പൊരുതിയിരുന്നു. പരമ്പരയില്‍ നാല് മത്സരം പിന്നിടുമ്പോള്‍ 2-1ന് ഇന്ത്യ മുന്നിലാണ്.

ഇതോടെ നിരവധി റെക്കോര്‍ഡുകളും ഇന്ത്യന്‍ താരത്തെ തേടിയെത്തി. വെസറ്റിന്‍ഡീസിനെതിരെ പരമ്പരയില്‍ ഏറ്റവും അധികം റണ്‍സ് നേടിയ താരം, അന്‍പതിന് മുകളില്‍ തുടര്‍ച്ചയായി നാല് തവണ നേടിയ അഞ്ചാമത്തെ ഇന്ത്യന്‍താരം തുടങ്ങിയ നേട്ടങ്ങളും രഹാനെ കരസ്ഥമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ