ക്യാപ്റ്റന്‍ എന്ന നിലയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ അതുല്യമായ നേട്ടങ്ങളുള്ള താരമാണ് മഹേന്ദ്ര സിങ് ധോണി. നായക സ്ഥാനത്തിരുന്ന് ധോണി സ്വന്തമാക്കിയ നേട്ടങ്ങളെല്ലാം മറികടക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അപ്പോഴാണ് ധോണിയെ രണ്ടാം സ്ഥാനത്താക്കി വിരാട് കോഹ്‌ലി വിജയനായകനാകുന്നത്

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ വിജയം സമ്മാനിച്ച നായകന്‍ എന്ന പദവി ഇനി വിരാട് കോഹ്‌ലിക്ക് സ്വന്തം. സാക്ഷാല്‍ ധോണിയെ മറികടന്നാണ് കോഹ്‌ലി ഈ നേട്ടത്തിലെത്തിയത്. 48 ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച വിരാട് കോഹ്‌ലി 28 വിജയങ്ങള്‍ സമ്മാനിച്ചു.

60 കളികളില്‍ നിന്ന് 27 വിജയങ്ങള്‍ സമ്മാനിച്ച ധോണിയെയാണ് കോഹ്‌ലി മറികടന്നത്. സൗരവ് ഗാംഗുലിയാണ് മൂന്നാം സ്ഥാനത്ത്. 49 മത്സരങ്ങളില്‍ നിന്ന് 21 ടെസ്റ്റ് മത്സരങ്ങളിലാണ് ഗാംഗുലി ഇന്ത്യയെ വിജയ തീരത്തെത്തിച്ചത്.

Virat Kohli

വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കി. രണ്ടാം ടെസ്റ്റില്‍ വിൻഡീസിനെ 210 റൺസിന് പുറത്താക്കി ഇന്ത്യ 257 റൺസിന്റെ വിജയം സ്വന്തമാക്കി. 468 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങിനിറങ്ങിയ വിന്‍ഡീസ് നാലാം ദിനം 210 റണ്‍സ് എടുക്കുന്നതിനിടെ എല്ലാവരും പുറത്താവുകയായിരുന്നു.

ഈ വിജയം വിരാട് കോഹ്‌ലിക്കും സംഘത്തിനും ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ആദ്യ പരമ്പര വിജയമാണ് നൽകുന്നത്. ഈ ജയത്തോടെയാണ് ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിജയം നേടുന്ന ഇന്ത്യന്‍ ക്യാപ്റ്റനെന്ന ബഹുമതി വിരാട് സ്വന്തമാക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook