ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിയും വെയ്റ്റ്‌ലിഫ്റ്റര്‍ മീരാഭായ് ചാനുവും രാഷ്ട്രിപതിയില്‍ നിന്നും ഖേല്‍ രത്‌ന പുരസ്‌കാരം സ്വീകരിച്ചു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ വച്ചാണ് രാജ്യത്തെ ഏറ്റവും വലിയ കായിക ബഹുമതി ഇരുവരും ഏറ്റുവാങ്ങിയത്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും എംഎസ് ധോണിയ്ക്കും ശേഷം ഈ ബഹുമതി നേടുന്ന ക്രിക്കറ്റ് താരമാണ് വിരാട്. തുടര്‍ച്ചയായ മൂന്ന് വര്‍ഷം നാമനിര്‍ദ്ദേശപ്പെട്ടതിന് ശേഷമാണ് വിരാടിനെ തേടി പുരസ്‌കരാമെത്തുന്നത്. നേരത്തെ, തനിക്കൊപ്പം നിന്നവര്‍ക്കൊല്ലാം ഈ അവസരത്തില്‍ നന്ദി പറയുന്നതായി മീരാഭായ് ചാനു പറഞ്ഞിരുന്നു.

ഭാര്യ അനുഷ്‌കാ ശര്‍മ്മയേയും അമ്മയേയും സാക്ഷി നിര്‍ത്തിയാണ് വിരാട് പുരസ്‌കാരം ഏറ്റുവാങ്ങിയത്. കഴിഞ്ഞ ലോക ചാമ്പ്യന്‍ഷിപ്പില്‍ 48 കിലോ ഗ്രാം വിഭാഗത്തില്‍ സ്വര്‍ണം നേടിയാണ് ചാനു രാജ്യത്തിന്റെ അഭിമാനമായി മാറിയത്. കോമണ്‍വെല്‍ത്ത് ഗെയിംസിലും മെഡല്‍ നേടിയിരുന്നു. എന്നാല്‍ പരുക്ക് മൂലം താരത്തിന് ഏഷ്യന്‍ ഗെയിംസ് നഷ്ടമായിരുന്നു.

കൂടാതെ മലയാളി താരം ജിന്‍സണ്‍ ജോണ്‍സണിന് അര്‍ജുന അവാര്‍ഡ് നല്‍കിയും രാജ്യം ആദരിച്ചു. കഴിഞ്ഞ മാസം ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസിലെ പ്രകടനമാണ് ജിന്‍സണിന് അര്‍ജുന അവാര്‍ഡ് നേടി കൊടുത്തത്. 1500 മീറ്ററില്‍ ജിന്‍സണ്‍ സ്വര്‍ണം നേടിയിരുന്നു. 800 മീറ്ററില്‍ വെളളിയും ജിന്‍സണ്‍ സ്വന്തമാക്കിയിരുന്നു.

കോഴിക്കോട് ചക്കിട്ടപാറ കുളച്ചല്‍ ജോണ്‍സണിന്റെയും ഷൈലജയുടെയും മകനാണ് സൈനികനായ ജിന്‍സണ്‍. റിയോ ഒളിമ്പിക്‌സിലും ജിന്‍സന്റെ കുതിപ്പിന് രാജ്യം സാക്ഷിയായിരുന്നു. ഏഷ്യന്‍ അത്ലറ്റിക് മീറ്റില്‍ മെഡല്‍ നേടിയിട്ടുണ്ടെങ്കിലും ഏഷ്യന്‍ ഗെയിംസില്‍ ആദ്യമായാണ് സ്വര്‍ണ്ണ നേട്ടം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook