സിഡ്‌നി: ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി താളം കണ്ടെത്തിയില്ലെങ്കിൽ ടെസ്റ്റ് പരമ്പര ഓസ്‌ട്രേലിയ തൂത്തുവാരുമെന്ന് മുൻ ഓസീസ് നായകൻ മൈക്കല്‍ ക്ലർക്ക്.

ആദ്യ ടെസ്റ്റിൽ മാത്രമേ കോഹ്‌ലി ഇന്ത്യയ്‌ക്കായി കളിക്കൂ. അതിനുശേഷം അദ്ദേഹം നാട്ടിലേക്ക് മടങ്ങും. ശേഷിക്കുന്ന മൂന്ന് ടെസ്റ്റിലും പിന്നീട് കോഹ്‌ലിയുടെ അഭാവത്തിലാണ് ഇന്ത്യ കളിക്കേണ്ടത്. ഈ സാഹചര്യത്തിലാണ് ക്ലർക്കിന്റെ പ്രസ്‌താവന.

ആദ്യ ടെസ്റ്റ് മത്സരത്തിൽ കോഹ്‌ലി താളം കണ്ടെത്തിയില്ലെങ്കിൽ ഇന്ത്യയ്‌ക്ക് തിരിച്ചടിയാകും. ആദ്യ ടെസ്റ്റിൽ കോഹ്‌ലി ടീമിനു നൽകുന്ന താളമാണ് പിന്നീടുള്ള മത്സരങ്ങളിൽ ഇന്ത്യയ്‌ക്ക് കരുത്ത് പകരുക. കോഹ്‌ലിക്ക് ആദ്യ ടെസ്റ്റിൽ തിളങ്ങാൻ സാധിച്ചില്ലെങ്കിൽ ടെസ്റ്റ് പരമ്പര 4-0 എന്ന നിലയിൽ ഓസീസ് തൂത്തുവാരുമെന്നും ക്ലർക്ക് പറഞ്ഞു.

ടെസ്റ്റിൽ മാത്രമല്ല, ആദ്യം നടക്കുന്ന ഏകദിന, ടി 20 പരമ്പരകളിലും കോഹ്‌ലിക്ക് തിളങ്ങാൻ സാധിക്കണം. അതിലെല്ലാം കോഹ്‌ലി പരാജയപ്പെട്ടാൽ ടീമിനു തന്നെ തിരിച്ചടിയാകുമെന്നും മുൻ ഓസീസ് നായകൻ പറഞ്ഞു.

Read Also: രാഹുലിന്റെ ടീമിനെ തോൽപ്പിച്ച് കോഹ്‌ലിപ്പട; ഓസീസ് പര്യടനത്തിനു സജ്ജമായി ഇന്ത്യ

ജസ്‌പ്രീത് ബുംറയ്‌ക്ക് വലിയ റോൾ ഉണ്ടെന്നും നാട്ടിൽ കളിക്കുമ്പോൾ ഓസീസിനെ പിടിച്ചുകെട്ടണമെങ്കിൽ ബുംറയുടെ മുഴുവൻ കഴിവും പുറത്തെടുക്കണമെന്നും ക്ലർക്ക് പറഞ്ഞു.

നവംബർ 27 മുതലാണ് ഇന്ത്യയുടെ ഓസീസ് പര്യടനത്തിനു തുടക്കമാകുക. ഇരു ടീമുകളും ഇപ്പോൾ പരിശീലനത്തിലാണ്.

ക്രിക്കറ്റ് ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തെ കാത്തിരിക്കുന്നത്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിക്ക് ശേഷം ഇതാദ്യമായാണ് ഇന്ത്യ ഒരു രാജ്യാന്തര മത്സരത്തിനിറങ്ങുന്നത്. അതും ഓസ്ട്രേലിയക്കെതിരെ അവരുടെ നാട്ടിൽ. ലോക ക്രിക്കറ്റിലെ വമ്പന്മാർ നേർക്കുന്നേർ വരുമ്പോൾ വാശിയേറിയ പോരാട്ടം തന്നെയാണ് ആരാധകരും പ്രതീക്ഷിക്കുന്നത്. ഏകദേശം രണ്ട് മാസത്തോളം നീണ്ടു നിൽക്കുന്നതാണ് ഇന്ത്യയുടെ ഓസിസ് പര്യടനം.

മൂന്ന് വീതം ഏകദിന – ടി20 മത്സരങ്ങളും നാല് ടെസ്റ്റ് മത്സരങ്ങളുമാണ് ഇന്ത്യ ഓസ്ട്രേലിയയിൽ കളിക്കുന്നത്. രണ്ട് വർഷം മുമ്പ് നടന്ന ഓസിസ് പര്യടനത്തിൽ ചരിത്ര വിജയം നേടിയാണ് കോഹ്‌ലിപ്പട നാട്ടിലേക്ക് മടങ്ങിയത്. ഓസ്ട്രേലിയയിൽ ആദ്യ ടെസ്റ്റ് പരമ്പര ജയത്തിന് വേണ്ടിയുള്ള 71വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ അന്ന് ഇന്ത്യയ്ക്ക് സാധിച്ചു. ബോർഡർ – ഗവാസ്കർ ട്രോഫി നിലനിർത്തുക തന്നെയാണ് ഇന്ത്യയുടെ പ്രാഥമിക ലക്ഷ്യം. അതിലൂടെ ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഒന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്തേണ്ടതുമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook