ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിനു മുൻപായി നടന്ന പത്രസമ്മേളനം കഴിഞ്ഞു പുറത്തുവരുമ്പോൾ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയെ കാത്ത് ഒരു ആരാധകൻ നിൽപ്പു ണ്ടായിരുന്നു. മറ്റെല്ലാ ആരാധകരെപ്പോലെ തനിക്കൊപ്പം സെൽഫിയെടുക്കാനോ അല്ലെങ്കിൽ ഓട്ടോഗ്രാഫിനോ വേണ്ടിയാകും അയാളും കാത്തുനിന്നതെന്നു കോഹ്‌ലി കരുതി. പക്ഷേ, ആരാധകൻ കോഹ്‌ലിയോട് ചോദിച്ചത്, ഞാൻ ടീഷർട്ട് അഴിക്കട്ടെയെന്നാണ്. കോഹ്‌ലിയുടെ അനുവാദത്തോടെ ആരാധകൻ ടീഷർട്ട് അഴിച്ചു മാറ്റിയപ്പോൾ ഇന്ത്യൻ നായകൻ ഞെട്ടിപ്പോയി. ശരീരം മുഴുവൻ കോഹ്‌ലിയുടെ ടാറ്റൂ.

ഒഡിഷ സ്വദേശിയായ പിന്റു ബെഹ്റയാണു കോഹ്‌ലിയോടുളള ആരാധനയാൽ ശരീരം മുഴുവൻ ടാറ്റൂ കുത്തിയത്. ആരാധകന്റെ സ്നേഹം കണ്ട് സന്തോഷവാനായ കോഹ്‌ലി കെട്ടിപ്പിടിക്കുകയും ഒപ്പംനിന്നു സെൽഫിയടുക്കുകയും ചെയ്താണു മടങ്ങിയത്. ‘ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു എന്റെ ദൈവത്തെ നേരിൽ കാണുക. അതു സാധിച്ചു,’ ബെഹ്റ പ്രതികരിച്ചു.

Read Also: റൊണാൾഡോയോ, മെസിയോ? മികച്ച താരത്തെ തിരഞ്ഞെടുത്ത് വിരാട് കോഹ്‌ലി

”ഫാഷനു വേണ്ടിയോ അല്ലെങ്കിൽ ഭക്തി കൊണ്ടോ ആകും പലരും ശരീരത്തിൽ ടാറ്റൂ കുത്തുന്നത്. കോഹ്‌ലിയാണ് എന്റെ ദൈവം. അദ്ദേഹത്തോടുളള സ്നേഹവും ആദരവും പ്രകടിപ്പിക്കാനാണു ഞാനിങ്ങനെ ചെയ്യുന്നത്” ബെഹ്റ പറഞ്ഞു.

മൂന്നു വർഷം മുൻപാണു കോഹ്‌ലിയോട് ബെഹ്റയ്ക്ക് ആരാധന തുടങ്ങിയത്. ഓസ്ട്രേലിയയിൽ നടന്ന ഏകദിന മത്സരത്തിൽ ലസിത് മലിംഗയെ കോഹ്‌ലി തലങ്ങും വിലങ്ങും പായിച്ചതു കണ്ടതോടെയാണു കോഹ്‌ലി ആരാധകനായി മാറിയത്. 2016 ലാണ് ആദ്യമായി ടാറ്റൂ ചെയ്തത്. അതിപ്പോഴും തുടരുന്നു. ഇപ്പോൾ മൊത്തം 15 ടാറ്റൂ ബെഹ്റയുടെ ശരീരത്തിലുണ്ട്.

ക്രിക്കറ്റ് മത്സരത്തിനിടെ അനുഷ്ക ശർമയ്ക്കു കോഹ്‌ലി ഫ്ലൈയിങ് കിസ് നൽകുന്നതിന്റെ ടാറ്റൂ ബെഹ്റയുടെ വലതു കയ്യിലുണ്ട്. ശരീരത്തിനു പുറകിൽ കോഹ്‌ലിയുടെ പേരും ജഴ്സി നമ്പരായ 18 മാണു ടാറ്റൂ ചെയ്തിരിക്കുന്നത്. കോഹ്‌ലിക്കു കിട്ടിയ അർജുന, ഖേൽ രത്ന അടക്കമുളള അവാർഡ് പട്ടികകളും ബെഹ്റ ശരീരത്തിൽ ടാറ്റൂവാക്കിയിട്ടുണ്ട്.

വിരാട് കോഹ്‌ലിക്കും ടാറ്റൂ പ്രണയമുണ്ട്. ഏകദിനത്തിലും ടെസ്റ്റിലും ടി20 യിലും താൻ ധരിച്ചിറങ്ങിയ ജഴ്സി നമ്പരുകൾ, അച്ഛന്റെയും അമ്മയുടെയും പേര്, കൈലാസത്തിൽ ധ്യാനത്തിലിരിക്കുന്ന ശിവൻ, ഏകദിനത്തിലെ ക്യാപ് നമ്പരുകൾ, ടെസ്റ്റിലെ ക്യാപ് നമ്പരുകൾ, തന്റെ രാശി, ഓം എന്നിങ്ങനെ പലതും കോഹ്‌ലി ശരീരത്തിൽ ടാറ്റൂവാക്കിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook