സിഡ്‌നി: എതിര്‍ ടീം നായകന്മാരെ കാത്തു നിര്‍ത്തിക്കുന്നത് ഓസീസ് നായകന്മാരുടെ പതിവായിരുന്നു. ആ രീതിക്ക് മറുപടി കൊടുത്തത് ഇന്ത്യന്‍ നായകനായിരുന്ന സൗരവ്വ് ഗാംഗുലിയായിരുന്നു. ഓസ്‌ട്രേലിയയുടെ ഇതിഹാസ താരം സ്റ്റീവ് വോയെ ടോസിങ് സമയത്ത് തനിക്ക് വേണ്ടി കാത്തു നിര്‍ത്തിയാണ് ദാദ ഓസീസുകാരുടെ അഹന്തക്ക് മറുപടി കൊടുത്തത്. വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു ഇന്ത്യന്‍ നായകന് വേണ്ടിയും സ്റ്റീവോ വെയ്റ്റ് ചെയ്യേണ്ടി വന്നിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓസ്‌ട്രേലിയയില്‍ നിന്നുമുളള റിപ്പോര്‍ട്ടുകളാണ് ഇത്തരത്തിലുള്ള സൂചനകള്‍ നല്‍കുന്നത്. ഓസ്‌ട്രേലിയയുടെ ഇതിഹാസ താരത്തോട് കോഹ്ലി നോ പറഞ്ഞെന്നും കാത്തു നില്‍ക്കാന്‍ ആവശ്യപ്പെട്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍. പരമ്പരയ്ക്കിടെ താനുമായി അഭിമുഖത്തിന് അനുമതി ചോദിച്ചെത്തിയ ഓസീസ് ഇതിഹാസ താരത്തോട് സാധിക്കില്ലെന്ന് കോഹ്ലി തുറന്നു പറഞ്ഞെന്നും ടെസ്റ്റ് പരമ്പര കഴിയുന്നത് വരെ കാത്തു നില്‍ക്കാന്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പരമ്പര കഴിയുന്നത് വരെ അഭിമുഖം നല്‍കാനാകില്ലെന്നത് നിയമപ്രകാരമുള്ള നിലപാടാണെന്നാണ് അറിയുന്നത്. മാധ്യമ പ്രവര്‍ത്തകരേയും ഇതിഹാസ താരത്തേയും രണ്ടായി കാണില്ലെന്നും രണ്ടു പേരും വരുന്നത് തന്റെ അഭിമുഖത്തിനായാണെന്നും അതുകൊണ്ട് ഒരേപോലെ സമീപിക്കുമെന്നും കോഹ്ലി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

”അവര്‍ക്ക് എന്തെങ്കിലും വേണമെങ്കില്‍ മാത്രമേ സംസാരിക്കൂ. മാധ്യമപ്രവര്‍ത്തകരോടാണോ 15000 റണ്‍സ് നേടിയ താരത്തോടാണോ സംസാരിക്കുന്നത് എന്നില്ല, അടിസ്ഥാനപരമായി രണ്ട് വ്യക്തികള്‍ തമ്മിലാണ് സംസാരിക്കുന്നത്. അതുകൊണ്ട് 15000 റണ്‍സുണ്ടെന്ന് കരുതി ഞാന്‍ പ്രത്യേക പരിഗണനയൊന്നും നല്‍കില്ല. ഞാനത് അങ്ങനെയല്ല കാണുന്നത്” എന്ന് കോഹ്ലി ഒരു മാധ്യമത്തോട് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

ടെസ്റ്റ് പരമ്പരയും ഏകദിന പരമ്പരയും കഴിഞ്ഞിട്ടും കോഹ്ലിയുമായുളള അഭിമുഖം പ്രസിദ്ധീകരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. അതേസമയം, സ്റ്റീവ് വോയെയാണ് കോഹ്ലി തഴഞ്ഞതെന്ന അഭ്യൂഹങ്ങള്‍ക്ക് സ്ഥിരീകരണമായിട്ടില്ല. മറ്റൊരു മുന്‍ നായകനും ഇതിഹാസ താരവുമായ റിക്കി പോണ്ടിങ്ങാണോ എന്നും അഭ്യൂഹമുണ്ട്. രണ്ട് പേരും 15000 ല്‍ പരം റണ്‍സ് നേടുകയും ചാനലുകള്‍ക്കായി അഭിമുഖങ്ങള്‍ എടുക്കുകയും ചെയ്യുന്നവരാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ