മുംബൈ: രസകരമായ ഒരുപാട് കാഴ്ചകള്‍ കണ്ടതാണ് ഇന്നലത്തെ ഇന്ത്യ-വിന്‍ഡീസ് ഏകദിനം. രോഹിത്തിന്റെ 162 ഉം അമ്പാട്ടി റായിഡുവിന്റെ സെഞ്ചുറിയും മാത്രമല്ല രസകരമായ കുഞ്ഞു കുഞ്ഞു സംഭവങ്ങള്‍ കൊണ്ടും മത്സരം ആസ്വാദ്യകരമായിരുന്നു. അങ്ങനെയൊരു നിമിഷമായിരുന്നു നായകന്‍ വിരാട് കോഹ്‌ലിയെ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ മൈതാനത്ത് ഓടി തോല്‍പ്പിച്ചത്.

വിന്‍ഡീസ് ബാറ്റ്‌സ്മാന്‍ ഹെംരാജിന്റെ ബൗണ്ടറി ശ്രമം തടയുന്നതിനിടെയായിരുന്നു കോഹ്‌ലിയെ ജഡേജ ഓടി തോല്‍പ്പിച്ചത്. ബാക്ക് ഫൂട്ടില്‍ കളിച്ച ഹെംരാജ് പന്ത് ഓഫ് സൈഡിലേക്ക് ബൗണ്ടറി ലക്ഷ്യമാക്കി കടത്തി വിടുകയായിരുന്നു. എന്നാല്‍ ടൈമില്‍ ചെറിയ വ്യത്യാസം വന്നതോടെ പന്ത് പ്രതീക്ഷിച്ച വേഗത്തിലായിരുന്നില്ല പാഞ്ഞത്. ഫീല്‍ഡിലുണ്ടായിരുന്ന ജഡേജയും ഒരേ സമയം പന്ത് തടയാനായി പിന്നാലെ ഓടുകയായിരുന്നു.

ക്യാപ്റ്റനും ഓള്‍ റൗണ്ടറും ഒപ്പത്തിനൊപ്പം ഓടിയടുത്തു. പന്തിന് അടുത്തെത്തിയതോടെ കോഹ്‌ലിയെ മറികടന്ന് മുന്നിലേക്ക് ഓടിക്കയറിയ ജഡേജ പന്ത് തടഞ്ഞിടുകയായിരുന്നു. സ്ലൈഡ് ചെയ്ത് പന്ത് കൈപ്പിടിയിലൊതുക്കിയ ജഡജേ പിന്നാലെ വന്ന കോഹ്‌ലിക്ക് എറിഞ്ഞു നല്‍കി. കോഹ്‌ലി പന്ത് വിക്കറ്റ് കീപ്പര്‍ ധോണിയിലേക്കും. രസകരമായ നിമിഷത്തിന് കാണികളും കൈയ്യടിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook