ശ്രീലങ്ക-ഇന്ത്യ മൂന്നാം ടെസ്റ്റ് മൽസരത്തിന്റെ രണ്ടാം ദിനത്തിൽ നാടകീയമായ രംഗങ്ങൾക്കാണ് ഡൽഹിയിലെ ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം വേദിയായത്. അന്തരീക്ഷത്തിലെ പുക മലിനീകരണം കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുവെന്നായിരുന്നു ലങ്കൻ താരങ്ങളുടെ പരാതി. ഇക്കാര്യം പറഞ്ഞത് പലതവണ ലങ്കൻ താരങ്ങൾ കളി നിർത്തി. എത്രയും പെട്ടെന്ന് കളി അവസാനിപ്പിക്കുകയായിരുന്നു ലങ്കയുടെ ലക്ഷ്യം. തങ്ങൾക്ക് ഒട്ടും മൈതാനത്ത് നിൽക്കാനാവില്ലെന്ന് കാണിക്കാനായി മുഖത്ത് മാസ്ക് ധരിക്കുകയും ചെയ്തു.

കളിക്കിടയിൽ പല തവണ സഹതാരങ്ങളുടെ ആരോഗ്യനിലയെക്കുറിച്ച് ആശങ്കയുണ്ടെന്ന് മാച്ച് അധികൃതരെ ദിനേഷ് ചണ്ടിമാൽ ബോധ്യപ്പെടുത്തി. ഇതിലൂടെ സമയം പാഴാക്കുകയായിരുന്നു ലങ്കൻ താരങ്ങളുടെ തന്ത്രം. ശ്രീലങ്കൻ താരങ്ങൾ തങ്ങളുടെ തന്ത്രങ്ങൾ തുടരുമ്പോൾ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി കുറച്ചുനേരം വിശ്രമത്തിനായി എടുത്തു.

16 മിനിറ്റുകൾക്കുശേഷം കളി പുനരാരംഭിച്ചപ്പോൾ അധികം വൈകാതെ പുക മൂലം മൈതാനത്ത് നിൽക്കാൻ കഴിയുന്നില്ലെന്ന പരാതിയുമായി ചണ്ടിമാൽ വീണ്ടും അംപയറിനെ സമീപിച്ചു. കോഹ്‌ലി അപ്പോൾ 250 റൺസിനോട് അടുക്കുകയായിരുന്നു. ചണ്ടിമാലിന്റെ പ്രവൃത്തിയിൽ രോഷം പൂണ്ട കോഹ്‌ലി ബാറ്റ് വലിച്ചെറിഞ്ഞു.

ലങ്കൻ താരങ്ങൾക്കുപിന്നാലെ അവരുടെ ടീം അധികൃതരും മൈതാനത്തെത്തി അംപയർമാരെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചു. സമയം പാഴാക്കി ഇന്ത്യൻ ബാറ്റ്സ്മാന്മാരുടെ ശ്രദ്ധ മാറ്റി വിക്കറ്റ് വീഴ്ത്തുകയായിരുന്നു ലങ്കയുടെ തന്ത്രം. 15 മിനിറ്റുകൾ കഴിഞ്ഞ് കളി തുടങ്ങിയപ്പോൾ ഇന്ത്യയ്ക്ക് അശ്വിന്റെ (4) വിക്കറ്റ് നഷ്ടമായി. തൊട്ടുപിന്നാലെ വിരാട് കോഹ്‌ലിയുടെ (243) വിക്കറ്റും.

ഇതിനുശേഷവും ലങ്കൻ താരങ്ങൾ പരാതി തുടർന്നു. ഒടുവിൽ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി മൈതാനത്തെത്തി. അംപയർമാരുമായി സംസാരിച്ചു.

ഇതൊക്കെ കണ്ട് ഡ്രെസിങ് റൂമിൽ നിൽക്കുകയായിരുന്ന കോഹ്‌ലിക്ക് സഹിക്കാനായില്ല. ദേഷ്യം പൂണ്ട കോഹ്‌ലി ക്രീസിലുണ്ടായിരുന്ന രവീന്ദ്ര ജഡേജയോടും വൃദ്ധിമാൻ സാഹയോടും ഡിക്ലയർ ചെയ്ത് മടങ്ങാൻ ആവശ്യപ്പെട്ടു. ലങ്കൻ താരങ്ങൾക്ക് വേണ്ടതും ഇതുതന്നെയായിരുന്നു.

കോഹ്‌ലി ഡിക്ലയർ ചെയ്യാൻ ആവശ്യപ്പെട്ടതും ലങ്കൻ വിക്കറ്റ് കീപ്പർ നിരോശൻ ഡിക്‌വെല്ല എന്തോ നേടിയെടുത്തതിന്റെ സന്തോഷത്തിൽ കൈയ്യടിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ