വിരാട് കോഹ്ലി നായകനെന്ന നിലയിൽ കഴിഞ്ഞ അഞ്ചു വർഷം ടീമിനെ മുന്നിൽ മിന്നും നയിച്ചെന്ന് ഇന്ത്യയുടെ പുതിയ ഏകദിന, ടി20 ക്യാപ്റ്റൻ രോഹിത് ശർമ്മ. കോഹ്ലിക്ക് കീഴിലുള്ള ഓരോ നിമിഷവും ആസ്വദിച്ചെന്നും അദ്ദേഹം പറഞ്ഞു. ബിസിസിഐ ടിവിയിലാണ് രോഹിത് ഇക്കാര്യം പറഞ്ഞത്.
“അഞ്ച് വർഷം അദ്ദേഹം ടീമിനെ നയിച്ചു, ഓരോ തവണയും അദ്ദേഹം മുന്നിൽ നിന്ന് നയിച്ചു, ഞങ്ങൾ അദ്ദേഹത്തിന് പിന്നിൽ അണിനിരന്നു, എല്ലാ കളിയും ജയിക്കാനുള്ള വ്യക്തമായ ധീരതയും നിശ്ചയദാർഢ്യവും ഉണ്ടായിരുന്നു, അതായിരുന്നു മുഴുവൻ ടീമിനുമുള്ള സന്ദേശം,” രോഹിത് പറഞ്ഞു.
“അദ്ദേഹത്തിന് (കോഹ്ലി) കീഴിൽ കളിച്ചത് ഞങ്ങളുടെ മികച്ച സമയമായിരുന്നു, അദ്ദേഹത്തിന് കീഴിൽ ഞാൻ ഒരുപാട് കളിച്ചിട്ടുണ്ട്, ഓരോ നിമിഷവും ഞാൻ ആസ്വദിച്ചു, ഇപ്പോഴും അത് തുടരുന്നു,” ഇരുവരും തമ്മിൽ അത്ര നല്ല ബന്ധത്തിലല്ല എന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് അദ്ദേഹം കൂട്ടിച്ചേർത്തു.
2013ലെ ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ഒരു പ്രധാന ടൂർണമെന്റ് ജയിക്കാൻ കഴിയാത്തതിൽ ഇന്ത്യക്ക് നേരെ വിമർശനം ഉയർന്നിരുന്നു. ആ വെല്ലുവിളി തനിക്ക് അറിയാമെന്നും അത് നികത്താൻ ശ്രമിക്കുമെന്നും രോഹിത് പറഞ്ഞു.
ചാമ്പ്യൻസ് ട്രോഫിക്ക് ശേഷവും ടീം വളരെ നന്നായി കളിച്ചിട്ടുണ്ടെന്നും ഒരു അധിക ഇഞ്ച് മാത്രമാണ് നഷ്ടമായതെന്നും രോഹിത് അഭിപ്രായപ്പെട്ടു. ഒരുപാട് ടൂർണമെന്റുകൾ ഇന്ത്യയിലേക്ക് വരുന്നുണ്ടെന്നും അതിൽ എല്ലാം നന്നായി കളിക്കാൻ ശ്രമിക്കുമെന്നും രോഹിത് വ്യക്തമാക്കി. ആദ്യം നല്ല കളിക്കാരനാകാനും പിന്നീട് നല്ല ടീമായി രൂപപ്പെടാനുമാണ് ശ്രമിക്കുക എന്നും രോഹിത് പറഞ്ഞു.
ന്യൂസീലൻഡ് പരമ്പരയിൽ പരിശീലകൻ രാഹുൽ ദ്രാവിഡിനൊപ്പം ഒരുമിച്ചു പ്രവർത്തിച്ചത് നല്ല അനുഭവമായിരുന്നു എന്നും രോഹിത് കൂട്ടിച്ചേർത്തു.
Also Read: ഏകദിന കാപ്റ്റൻ സ്ഥാനത്തിന്റെ സമ്മർദ്ദമില്ലെങ്കിൽ കോഹ്ലി കൂടുതൽ അപകടകാരിയെന്ന് ഗംഭീർ