സെഞ്ചൂറിയൻ: രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ ബാറ്റിംഗ് നിര ഒരറ്റത്ത് തകർന്നടിയുമ്പോഴും പൊരുതി നിന്നത് ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ്. 335 റൺസ് നേടിയ ദക്ഷിണാഫ്രിക്കയ്ക്കെതിരെ അതുകൊണ്ട് തന്നെ പേസിന് അനുകൂലമായ പിച്ചിൽ ഇന്ത്യ വലിയ ലീഡ് വഴങ്ങിയതുമില്ല. 307 റൺസ് ഒന്നാം ഇന്നിംഗ്സിൽ സ്കോർ ചെയ്ത ഇന്ത്യ 28 റൺസിന്റെ ലീഡാണ് വഴങ്ങിയത്.

പത്താമനായി പവലിയനിലേക്ക് മടങ്ങിയ നായകൻ 153 റൺസ് നേടിയാണ് ഇന്ത്യൻ ഇന്നിംഗ്സിന്റെ നട്ടെല്ലായത്. മറ്റെല്ലാവരും പേസ് ആക്രമണത്തിന് മുന്നിൽ പതറിയപ്പോൾ വിരാട് കോഹ്ലി മാത്രം ഒട്ടും തന്നെ പതറിയില്ല. ഈയൊരറ്റ പ്രകടനത്തിലൂടെ അപൂർവ്വമായ അനേകം പൊൻതൂവലുകളാണ് ഇന്ത്യൻ ക്യാപ്റ്റൻ തന്റെ കിരീടത്തിൽ തുന്നിച്ചേർത്തത്.

ദക്ഷിണാഫ്രിക്കയിൽ മുൻപ് സച്ചിൻ ടെണ്ടുൽക്കർ മാത്രമാണ് സെഞ്ച്വറി നേടിയ ഇന്ത്യൻ ക്യാപ്റ്റൻ. എന്നാൽ അത് മാത്രമല്ല സെഞ്ച്വറിയുടെ തിളക്കം വർദ്ധിപ്പിക്കുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്ന് മറ്റൊരു ടീമിന്റെയും നായകന്മാർക്ക് ദക്ഷിണാഫ്രിക്കയിൽ സെഞ്ച്വറി നേടാൻ സാധിച്ചിരുന്നില്ല.

ഇതോടെ അന്താരാഷ്ട്ര തലത്തിൽ 53 സെഞ്ച്വറികളെന്ന നേട്ടത്തിലേക്ക് കൂടി ഇന്ത്യൻ ക്യാപ്റ്റൻ നടന്നുകയറി. 90 റൺസിൽ നിന്ന് 100 കടന്ന ഇന്നിംഗ്സുകളിൽ സാക്ഷാൽ സുനിൽ ഗവാസ്കറിന് ഒപ്പമാണ് ഇപ്പോൾ 29കാരനായ ഈ താരം. 1978-83 കാലത്ത് ഇത്തരത്തിൽ 16 ഇന്നിംഗ്സുകളാണ് ഗവാസ്കർ നേടിയത്. 2014 മുതലുള്ള മത്സരങ്ങളിലൂടെയാണ് വിരാട് കോഹ്ലി ഈ നേട്ടം കരസ്ഥമാക്കിയത്.

പേസിന് അനുകൂലമായ പിച്ചിൽ ഇന്ത്യൻ നായകൻ നിശ്ചയദാർഢ്യത്തോടെ നടത്തിയ പ്രകടനം ഇതോടെ വലിയ കൈയ്യടികളാണ് നേടിയിരിക്കുന്നത്. എതിർടീമിനെ പോലും അതിശയിപ്പിക്കുന്ന തരത്തിലാണ് ഇന്ത്യൻ ക്യാപ്റ്റൻ തന്റെ ബാറ്റിംഗ് മികവ് കാഴ്ചവച്ചത്.

മൂന്ന് മത്സര പരമ്പരയിൽ ആറ് ഇന്നിംഗ്സുകളിൽ പിറന്ന ആദ്യത്തെ സെഞ്ച്വറിയാണിത്. പേസിന് വളരെയേറെ പ്രാധാന്യമുള്ള പിച്ചിൽ ഇന്ത്യൻ താരത്തിന്റെത് മികച്ച പോരാട്ടമായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook