ന്യൂഡൽഹി: ലോകത്താകമാനം ഏറ്റവും കൂടുതൽ പ്രചാരം നേടിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ഫെയ്സ്ബുക്ക്. അതിൽ തന്നെ വൻ പ്രചാരം നേടിയ ആളായിരുന്നു സൽമാൻ ഖാൻ. രാജ്യത്ത് ഏറ്റവും അധികം പേർ പിന്തുടർന്ന് ഈ സൂപ്പർ താരത്തെ മറികടന്നിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലി.

35 ദശലക്ഷം പേരാണ് ഇപ്പോൾ ഫെയ്സ്ബുക്കിൽ വിരാട് കോഹ്ലിയെ പിന്തുടരുന്നത്. തൊട്ടുപിന്നിലുള്ള ബോളിവുഡിന്റെ സൂപ്പർ താരം സൽമാൻ ഖാനെക്കാൾ ആറ് ലക്ഷം പേരാണ് വിരാട് കോഹ്ലിയെ ഫോളോ ചെയ്യുന്നത്.

ഏപ്രിൽ മാസത്തിൽ ഏറ്റവും കൂടുതൽ ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ഫോളോ ചെയ്യുന്ന ക്രിക്കറ്ററായി വിരാട് കോഹ്ലി മാറിയിരുന്നു. ബോളിവുഡ് താരങ്ങളെയെല്ലാം പിന്നിലാക്കിയ വിരാട് കോഹ്ലി ഇന്ത്യയിലെ ഒന്നാം നമ്പർ സെലിബ്രിറ്റിയെന്ന നിലയിലേക്ക് വളർന്നിരിക്കുകയാണ് ഇപ്പോൾ.

ബോളിവുഡിലെ ദീപിക പദുകോൺ, പ്രിയങ്ക ചോപ്ര എന്നിവരെയാണ് സൽമാൻ ഖാന് പുറമേ വിരാട് കോഹ്ലി പുറത്താക്കിയത്. ഈ പട്ടികയിൽ ക്രിക്കറ്റിന്റെ ദൈവമെന്ന് വിശേഷിപ്പിക്കപ്പെടുന്ന സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ ആറാം സ്ഥാനത്താണ്.

3.57 കോടി ആരാധകരാണ് ഇപ്പോൾ വിരാട് കോഹ്ലിയുടെ ഫെയ്സ്ബുക് പേജിനുള്ളത്. 2.85 കോടിയാണ് സച്ചിന്റെ ആരാധകരുടെ എണ്ണം. ഫെയ്സ്ബുക്കിന് പുറമേ ട്വിറ്ററിൽ 1.6 കോടി ഫോളോവേഴ്സാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനുള്ളത്. 1.4 കോടി പേർ ഇൻസ്റ്റഗ്രാമിലും താരത്തെ പിന്തുടരുന്നുണ്ട്.

ഫെയ്സ്ബുക്കിൽ താരത്തെ പിന്തുടരുന്നവരിൽ 83 ശതമാനം പേർ ഇന്ത്യക്കാരാണ്. അഞ്ച് ശതമാനം ബംഗ്ലാദേശിൽ നിന്നുള്ളവരും. ശത്രു രാജ്യമായ പാക്കിസ്ഥാനിൽ താരത്തിന് ഒരു ലക്ഷത്തിലേറെ ആരാധകരുണ്ട്. ഫെയ്സ്ബുക്കിലെ അദ്ദേഹത്തിന്റെ അവസാന രണ്ട് പോസ്റ്റുകളും വളരെ വേഗത്തിലാണ് 70 ലക്ഷം പേരിലേക്ക് എത്തിയത്.

ചാംപ്യൻസ് ട്രോഫി ടൂർണമെന്റിൽ വിജയിച്ച പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് താരം പോസ്റ്റ് ചെയ്ത ചിത്രത്തിന് 8.96 ലക്ഷം പേരാണ് ലൈക് ചെയ്തത്. 15603 പേർ ഈ പോസ്റ്റ് ഷെയർ ചെയ്തിരുന്നു. ആറ് മാസത്തിനിടെയാണ് താരത്തിൽ ആരാധക വൃന്ദം 30 ലക്ഷത്തിന്റെ വർദ്ധനയുണ്ടാക്കിയത്.

ഫെയ്സ്ബുക്കിൽ ഇനി ഒരാളെ മാത്രമേ വിരാട് കോഹ്ലിക്ക് മറികടക്കാനുള്ളൂ. അതാരാണെന്നല്ലേ. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ. 42.2 കോടി പേരാണ് ഫെയ്സ്ബുക്കിൽ പ്രധാനമന്ത്രിയെ പിന്തുടരുന്നത്. ഏഴ് കോടിയോളം പേർ പിന്തുണച്ചാലേ ഈ റെക്കോഡ് മറികടക്കാൻ ഇന്ത്യൻ നായകന് സാധിക്കൂ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ