ഓവല്‍: ഇംഗ്ലണ്ടിനെതിരായ പരമ്പര ഇന്ത്യ കൈവിട്ടെങ്കിലും വ്യക്തിഗത നേട്ടത്തിന്റെ കണക്കെടുത്താല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയ്ക്ക് ഇത് മികച്ചൊരു പരമ്പര തന്നെയാണ്. പരമ്പരയിലെ അവസാന മത്സരത്തിലും വിരാട് ഒരു റെക്കോര്‍ഡ് പിന്നിട്ടിരിക്കുകയാണ്. 18000 റണ്‍സ് തികയ്ക്കുന്ന നാലാമത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ എന്ന നാഴികക്കല്ലാണ് വിരാട് ഓവല്‍ ടെസ്റ്റിന്റെ രണ്ടാം ദിനം വിരാട് പിന്നിട്ടത്.

ഇതോടെ ഇതിഹാസ താരങ്ങളായ, സച്ചിനും ഗാംഗുലിക്കും ദ്രാവിഡിനുമൊപ്പമായി വിരാടിന്റെ സ്ഥാനം. 664 മത്സരങ്ങളില്‍ നിന്നും 34357 റണ്‍സാണ് സച്ചിന്റെ സമ്പാദ്യം. ഇതില്‍ 100 സെഞ്ച്വറികളും 164 ഫിഫ്റ്റിയും ഉള്‍പ്പെടും. രണ്ടാമതുള്ള രാഹുല്‍ ദ്രാവിഡിന് 509 മത്സരത്തില്‍ നിന്നും 48 സെഞ്ച്വറിയും 146 ഫിഫ്റ്റിയുമടക്കം 24208 റണ്‍സാണുള്ളത്. പട്ടികയില്‍ മൂന്നാമതുള്ള മറ്റൊരു മുന്‍ നായകന്‍ കൂടിയായ ഗാംഗുലിക്കാകട്ടെ 424 മത്സരത്തില്‍ നിന്നും 18575 റണ്‍സാണുള്ളത്. ഇതില്‍ 38 സെഞ്ച്വറിയും 107 ഫിഫ്റ്റിയുമുണ്ട്.

ഇതോടെ വെറും 324 മത്സരത്തില്‍ നിന്നും 18000 റണ്‍സ് കടക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് വിരാട്. 18028 റണ്‍സാണ് വിരാടിന്റെ പേരിലുള്ളത്. ഇതിലാകട്ടെ 58 സെഞ്ച്വറിയും 85 ഫിഫ്റ്റിയുമുണ്ട്. ഇംഗ്ലണ്ടിനെതിരെ നടന്നു കൊണ്ടിരിക്കുന്ന പരമ്പരയില്‍ മാത്രം വിരാട് 593 റണ്‍സാണ് അടിച്ച് കൂട്ടിയത്. രണ്ട് സെഞ്ച്വിറിയും മൂന്ന് ഫിഫ്റ്റിയും ഇതിലുള്‍പ്പെടും.

ഓവലിലെ ആദ്യ ഇന്നിങ്‌സില്‍ 49 റണ്‍സെടുത്ത കോഹ്ലി മറ്റൊരു റെക്കര്‍ഡും സ്വന്തം പേരിലാക്കി. 18000 റണ്‍സ് ഏറ്റവും വേഗത്തില്‍ തികയ്ക്കുന്ന താരവുമായി മാറിയിരിക്കുകയാണ് വിരാട്. 411 ഇന്നിങ്‌സില്‍ നിന്നും ഈ നാഴികക്കല്ല് പിന്നിട്ട സാക്ഷാല്‍ ബ്രയാന്‍ ലാറയെയാണ് വിരാട് ഇതോടെ പിന്നിട്ടത്. തൊട്ടു പിന്നിലുണ്ടായിരുന്നത് സച്ചിനായിരുന്നു. സച്ചിന്‍ 412 ഇന്നിങ്‌സില്‍ നിന്നുമാണ് 18000 പിന്നിട്ടത്. കഴിഞ്ഞ ദിവസം തന്റെ പ്രിയപ്പെട്ട ബാറ്റ്‌സ്മാന്മാര്‍ ആരെന്ന ചോദ്യത്തിന് വിരാടെന്നും ജോ റൂട്ടെന്നും ലാറ പറഞ്ഞിരുന്നു. ആ വാക്ക് വെറുതെയായില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook