തോൽവിയെ ഭയക്കാതെ ടെസ്റ്റ് മത്സരങ്ങൾ വിജയിപ്പിക്കാനുളള പ്രവണതയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയെ തന്റെ മുൻഗാമികളിൽനിന്നു വേറിട്ടു നിർത്തുന്നതെന്നു മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. തോൽവിയെ ഭയക്കുന്നുവെങ്കിൽ നിങ്ങൾക്കൊരിക്കലും ജയിക്കാനാവില്ല. വിരാട് കോഹ്‌ലിയുടെ ഏറ്റവും വലിയ പ്ലസ് എന്നു പറയുന്നത്, അദ്ദേഹം പരാജയത്തെ ഭയക്കാത്തതാണെന്നു സ്റ്റാർ സ്‌‌പോർട്സിലെ ക്രിക്കറ്റ് ലൈവിൽ ഗംഭീർ പറഞ്ഞു.

2014 ൽ വിരാട് കോഹ്‌ലി ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്തെത്തിയശേഷം വെറും രണ്ടു പരമ്പരകൾ മാത്രമേ ഇന്ത്യ തോറ്റിട്ടുളളൂ. ഒന്നു 2017/18 ലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലും, മറ്റൊന്ന് 2018 ലെ ഇംഗ്ലണ്ടിലും. ഈ വർഷം ഓസ്ട്രേലിയയിലും വെസ്റ്റ് ഇൻഡീസിലും നടന്ന പരമ്പരയിൽ ഇന്ത്യ വിജയം നേടി.

”സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ്, എം‌എസ് ധോണി എന്നിവരെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്, എന്നാൽ വിരാടിന്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യ വിദേശത്തും ജയിക്കാൻ തുടങ്ങി. മറ്റു ചില ക്യാപ്റ്റന്മാർ ഏറ്റെടുക്കാൻ മടിക്കുന്ന ആ വെല്ലുവിളിയും വിരാട് സ്വീകരിച്ചു. ഓൾറൗണ്ടറായ ഹാർദിക് പാണ്ഡ്യയടക്കം അഞ്ചു ബോളർമാരുമായി വിദേശത്ത് പോയി കളിച്ച ഒരേയൊരു ക്യാപ്റ്റൻ കോഹ്‌ലിയാണ്” ഗംഭീർ പറഞ്ഞു.

Read Also: നിങ്ങൾ മികച്ച കളിക്കാരനാണ്; കോഹ്ലിയെ പുകഴ്ത്തി അഫ്രീദി

ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ടെസ്റ്റ് മത്സരമാണ് ഗംഭീർ ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. ഹാർദിക് പാണ്ഡ്യയും മറ്റു നാലു ഫാസ്റ്റ് ബോളർമാരുമാണു ടീമിലുണ്ടായത്. കോഹ്‌ലി ആ സാഹസം കാട്ടിയതുകൊണ്ടാണ് അദ്ദേഹം വിജയിച്ചതെന്നു ഗംഭീർ പറഞ്ഞു.

ദക്ഷിണാഫ്രിക്കയെ രണ്ടാം ടെസ്റ്റിൽ തോൽപ്പിച്ചതോടെ സ്വന്തം മണ്ണിൽ തുടർച്ചയായ 11 ടെസ്റ്റ പരമ്പര എന്ന നേട്ടമാണ് ഇന്ത്യ നേടിയത്. ഇതോടെ നാട്ടില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ പരമ്പരകള്‍ നേടുന്ന ടീമായി മാറി ഇന്ത്യ. പിന്നിലാക്കിയത് 10 പരമ്പരകള്‍ നേടിയ ഓസ്‌ട്രേലിയയെയാണ്. 2000 ലും 2008 ലും 10 പരമ്പരകള്‍ തുടര്‍ച്ചയായ ജയിച്ച ടീമാണ് ഓസ്‌ട്രേലിയ. 2013 ല്‍ ഓസ്‌ട്രേലിയയെ 4-0 ന് പരാജയപ്പെടുത്തിക്കൊണ്ടാണ് ഇന്ത്യയുടെ പരമ്പരകളുടെ ജയപരമ്പര തുടരുന്നത്. ഇന്ത്യയില്‍ കളിച്ച 32 ല്‍ 25 ടെസ്റ്റുകളും ഇന്ത്യ ജയിച്ചു. ഒന്നില്‍ മാത്രമാണ് പരാജയപ്പെട്ടത്. 2017 ല്‍ പൂനെയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയായിരുന്നു അത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ തകര്‍പ്പന്‍ ജയമാണു സ്വന്തമാക്കിയത്. ഇന്നിങ്‌സിനും 137 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ വിജയം. ഒന്നാം ഇന്നിങ്‌സില്‍ 275 റണ്‍സിന് പുറത്തായ ദക്ഷിണാഫ്രിക്കയെ ഇന്ത്യ ഫോളോ ഓണിന് അയക്കുകയായിരുന്നു. 326 റണ്‍സായിരുന്നു ഇന്ത്യയുടെ ലീഡ്. എന്നാല്‍ ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്‌സ് 189 ല്‍ അവസാനിച്ചു. ഇതോടെ ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0 ന് സ്വന്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook