സ്ഥിരതയാർന്ന പ്രകടനത്തിലൂടെയും റെക്കോർഡ് നേട്ടങ്ങളിലൂടെയും ഏകദിന ക്രിക്കറ്റിൽ തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞ താരമാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലി. ഇതിനോടകം തന്നെ ഏകദിന ക്രിക്കറ്റിലെ പല റെക്കോർഡുകളും കോഹ്‍ലിയുടെ പേരിലാണ്. ഈ നേട്ടങ്ങൾക്കെല്ലാം അടിവരയിടുകയാണ് മുൻ ഓസ്ട്രേലിയൻ നായകൻ മൈക്കിൾ ക്ലർക്ക്. ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാനാണ് കോഹ്‍ലി എന്നാണ് ഓസീസ് ഇതിഹാസം പറയുന്നത്.

“എന്റെ അഭിപ്രായത്തിൽ ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാൻ വിരാട് കോഹ്‍ലിയാണ്. ഇന്ത്യക്കായി കോഹ്‍ലി സ്വന്തമാക്കിയ നേട്ടങ്ങൾ അതിനുള്ള തെളിവാണ്. രാജ്യത്തിനായി കളികൾ ജയിക്കാനുള്ള അദ്ദേഹത്തിന്റെ അത്യുത്സാഹത്തെ എല്ലാവരും ബഹുമാനിക്കണം. കോഹ്‍ലിയുടെ സമർപ്പണത്തെ ആർക്കും ചോദ്യം ചെയ്യാനാകില്ല, ” ക്ലർക്ക് പറഞ്ഞു.

ഏകദിന, ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള താരമാണ് വിരാട് കോഹ്‍ലി. കോഹ്‍ലിയുടെ നേതൃത്വത്തിൽ ഇതിനോടകം തന്നെ പല നേട്ടങ്ങളും ഇന്ത്യൻ ടീം സ്വന്തമാക്കി കഴിഞ്ഞു. ചരിത്രത്തിലാദ്യമായി ഓസ്ട്രേലിയയ്ക്കെതിരെ അവരുടെ നാട്ടിൽ ഇന്ത്യ ടെസ്റ്റ് പരമ്പര നേടിയതും, ആദ്യ ബൈലാറ്ററൽ ഏകദിന പരമ്പര സ്വന്തമാക്കിയതും കോഹ്‍ലിയുടെ നേതൃത്വത്തിലാണ്.

ഏകദിനങ്ങളില്‍ 219 എണ്ണത്തിൽ നിന്നായി 10385 റണ്‍സാണ് ഇതിനോടകം കോഹ്‍ലി അടിച്ചുകൂട്ടിയത്. ഏകദിനങ്ങളില്‍ 59.68 റൺശരാശരിയുള്ള കോഹ്‍ലിയുടെ 39 സെഞ്ചുറികളും നേടിയിട്ടുണ്ട്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ റെക്കോർഡുകൾ ഒന്നൊന്നായി മറികടന്ന് മുന്നേറുകയാണ് ഇന്ത്യൻ നായകൻ. 2019ൽ കോഹ്‍ലിയുടെ നേതൃത്വത്തിൽ മൂന്നാം ഏകദിന ലോകകിരീടവും പ്രതീക്ഷിക്കുന്നുണ്ട് ഇന്ത്യ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ