/indian-express-malayalam/media/media_files/uploads/2017/12/Kohli-Pietcats.jpg)
ന്യൂഡൽഹി: ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പരയിലെ നിർണായകമായ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ സെഞ്ചുറി നേടി മികച്ച ഫോമില്‍ തുടരുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെ പുകഴ്ത്തി ഇംഗ്ലണ്ട് മുന്‍ ക്രിക്കറ്റ് താരം കെവിന്‍ പീറ്റേഴ്സണ്‍. കോഹ്ലിയുടെ തലമുറയിലെ ഏറ്റവും വലിയ ബാറ്റ്സ്മാനാണ് അദ്ദേഹമെന്ന് പീറ്റേഴ്സണ്‍ പറഞ്ഞു. നിലവിലുളള ഏതൊരു ബാറ്റ്സ്മാനേക്കാളും വ്യത്യസ്ഥമായ തലത്തിലാണ് കോഹ്ലി ഉളളതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ഇംഗ്ലണ്ട് മുന്‍ താരം മൈക്കള്‍ വോണും പീറ്റേഴ്സന്റെ വാക്കിനെ അനുകൂലിച്ചെത്തി. ലോകത്തെ ഏറ്റവും മികച്ച കളിക്കാരനാണ് കോഹ്ലിയെന്ന് വോണ്‍ ട്വീറ്റ് ചെയ്തു.
നായകൻ വിരാട് കോഹ്‌ലിയും ഓപ്പണർ മുരളി വിജയ്‌യുടെയും സെഞ്ചുറിയുടെ കരുത്തില്‍ ലങ്കയ്ക്കെതിരെ ആദ്യ ദിനത്തില്‍ ഇന്ത്യ ശക്തമായ നിലയിലെത്തിയിട്ടുണ്ട്. രണ്ട് വിക്കറ്റ് നഷ്ടത്തിൽ 264 റൺസെന്ന നിലയിലാണ് ഇന്ത്യ. 100 റൺസുമായി കോഹ്‌ലിയും 112 റൺസുമായി മുരളീ വിജയ്‌യും ബാറ്റിങ് തുടരുകയാണ്.
ചരിത്ര റെക്കോർഡുകളെ വീണ്ടും വീണ്ടും പഴങ്കഥയാക്കി കുതിക്കുകയാണ് ഇന്ത്യന്‍ നായകൻ വിരാട് കോഹ്‌ലി. ബാറ്റ്‌സ്മാനെന്ന നിലയിലും നായകനെന്ന നിലയിലും ഒരേ പോലെ തിളങ്ങുന്ന കോഹ്‌ലി നാഗ്പൂരിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇരട്ട സെഞ്ചുറി പ്രകടനത്തോടെ ചില പുത്തന്‍ റെക്കോർഡുകളും സ്വന്തം പേരിലെഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് നായകൻ വീണ്ടും ശതകം കുറിച്ചത്. ഏകദിന ശൈലിയിലായിരുന്നു ഇന്ന് കോഹ്‌ലി ബാറ്റ് വീശിയത്. 110 പന്തിൽ നിന്നായിരുന്നു ക്യാപ്റ്റന്റെ ശതക നേട്ടം. ഇതിനിടയിൽ 14 തവണ പന്തിനെ അതിർത്തി വരെ കടത്തുകയും ചെയ്തു.
തുടർച്ചയായ മൂന്ന് സെഞ്ചുറി കരസ്ഥമാക്കുന്ന രണ്ടാമത് നായകൻ എന്ന റെക്കോർഡും ഇതോടെ കോഹ്‌ലി കരസ്ഥമാക്കി. ടെസ്റ്റിലെ 20-ാമത് ശതകമാണ് കോഹ്‌ലി ഇപ്പോൾ നേടിയിരിക്കുന്നത്. ഇതിനിടയിൽ ടെസ്റ്റ് ക്രിക്കറ്റിൽ 5000 റൺസെന്ന നാഴികക്കല്ലും കോഹ്‌ലി മറികടന്നു. ഈ നേട്ടം കൈവരിക്കുന്ന പതിനൊന്നാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനാണ് കോഹ്‌ലി. 105 ഇന്നിങ്സുകളിൽ നിന്നാണ് കോഹ്‌ലിയുടെ ഈ നേട്ടം.
ഓപ്പണർ മുരളി വിജയ് ആയിരുന്നു ഇന്ന് ആദ്യം സെഞ്ചുറി നേടിയത്. മുരളിയുടെ തുടർച്ചയായ രണ്ടാമത്തെ സെഞ്ചുറിയാണ് ഇന്ന് കുറിച്ചത്. 9 ബൗണ്ടറികളും മുരളി നേടി. കരിയറിലെ 11-ാമത് ടെസ്റ്റ് സെഞ്ചുറിയാണ് മുരളി വിജയ് കരസ്ഥമാക്കിയത്.
23 റൺസ് വീതമെടുത്ത ശിഖർ ധവാന്റെയും ചേതേശ്വർ പൂജാരെയുടെയും വിക്കറ്റുകളാണ് ഇന്ത്യയ്‌ക്ക് നഷ്‌ടപ്പെട്ടത്. ഡൽഹിയിലെ ഫിറോസ് ഷാ കോട്ല സ്‌റ്റേഡിയത്തിലാണ് മത്സരം. പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. മൂന്നാം ടെസ്റ്റ് സമനില ആയാൽ പോലും ഇന്ത്യയ്‌ക്ക് പരമ്പര സ്വന്തമാക്കാം. മറുവശത്ത് ലങ്കയ്ക്ക് ജയിച്ചാൽ മാത്രമേ പരമ്പര സമനിലയിൽ ആക്കാൻ സാധിക്കൂ. കൊൽക്കത്ത വേദിയായ ആദ്യ ടെസ്റ്റ് സമനിലയിൽ അവസാനിച്ചപ്പോൾ നാഗ്പൂരിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യ ഇന്നിങ്സിനും 239 റൺസിനും ഗംഭീര വിജയം സ്വന്തമാക്കി. നിലവിലെ സാഹചര്യങ്ങളും കണക്കുകളും പരിശോധിച്ചാൽ മൂന്നാം ടെസ്റ്റിൽ ഇന്ത്യയ്‌ക്ക് തന്നെയാണ് മുൻതൂക്കം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.