ജീവിതത്തിലെ ഓരോ സുന്ദര നിമിഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് പങ്കുവയ്ക്കുന്ന താരമാണ് വിരാട് കോഹ്‌ലി. ഭാര്യ അനുഷ്ക ശർമ്മയ്ക്ക് ഒപ്പമുളള ചിത്രങ്ങളും കോഹ്‌ലി ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. ഏതാനും നാളുകൾക്കുമുൻപ് തന്റെ ഫ്ലാറ്റിൽനിന്നുളള ഒരു ചിത്രം കോഹ്‌ലി ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. ചിത്രം നിമിഷങ്ങൾകൊണ്ട് വൈറലാവുകയും ചെയ്തു.

കോഹ്‌ലി പുതുതായി വാങ്ങിയ ഫ്ലാറ്റിന്റെ ചിത്രമാണിതെന്നാണ് ഏവരും കരുതിയത്. എന്നാൽ കോഹ്‌ലി വാടകയ്ക്ക് താമസിക്കുന്ന ഫ്ലാറ്റിൽനിന്നുളള ചിത്രമായിരുന്നു അത്. മുംബൈയിലെ ഡോ.ആനി ബസന്ത് റോഡിലെ റെഹേജ ലെജൻഡിലെ ആഡംബര ഫ്ലാറ്റിലാണ് കോഹ്‌ലി ഇപ്പോൾ താമസിക്കുന്നത്. 40-ാമത്തെ നിലയിലാണ് കോഹ്‌ലിയുടെ ഫ്ലാറ്റുളളത്. പ്രതിമാസം 15 ലക്ഷം രൂപയാണ് കോഹ്‌ലി വാടകയായി നൽകുന്നത്.

2017 ഡിസംബർ 15 നാണ് കോഹ്‌ലി ഈ ഫ്ലാറ്റ് വാടകയ്ക്ക് എടുത്തതെന്നാണ് റിപ്പോർട്ടുകൾ. 2 വർഷവും 16 ദിവസവുമാണ് വാടക കാലാവധി. ഒന്നരക്കോടിയാണ് കോഹ്‌ലി ഡെപ്പോസിറ്റായി നൽകിയിട്ടുളളത്.

കോഹ്‌ലിയുടേത് വാടക ഫ്ലാറ്റാണെന്ന് മനസ്സിലാക്കിയതോടെ ആരാധകരുടെ മനസ്സിൽ ഉയർന്ന ചോദ്യം, എന്തിനാണ് ഇപ്പോഴും കോഹ്‌ലി വാടകയ്ക്ക് താമസിക്കുന്നത് എന്നായിരുന്നു. 2016 ൽ 34 കോടി രൂപയ്ക്ക് ഓംകർ 1973, വോർലിയിൽ കോഹ്‌ലി ഒരു അപ്പാർട്മെന്റ് സ്വന്തമായി വാങ്ങിയിരുന്നു. അനുഷ്കയുമായുളള വിവാഹശേഷം കോഹ്‌ലി ഇവിടേക്ക് താമസം മാറുമെന്നായിരുന്നു എവരും കരുതിയിരുന്നത്. എന്നാൽ കോഹ്‌ലി ഇപ്പോഴും സ്വന്തം വീട്ടിലേക്ക് താമസം മാറിയിട്ടില്ല.

ഓംകർ 1973 യിലുളള അപ്പാർട്മെന്റിൽ അറ്റകുറ്റ പണികൾ തീരാത്തതിനാലാണ് കോഹ്‌ലിയും അനുഷ്കയും വാടക ഫ്ലാറ്റിൽ താമസിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ 2019 ഓടെയായിരിക്കും വിരുഷ്ക ദമ്പതികൾ സ്വന്തം വീട്ടിലേക്ക് താമസം മാറുകയെന്നാണ് വിവരം.

ശ്രീലങ്കയിൽ നടക്കുന്ന നിദാഹാദ് ട്രോഫി മൽസരത്തിൽ വിരാട് കോഹ്‌ലിക്ക് ബിസിസിഐ വിശ്രമം അനുവദിച്ചിരിക്കുകയാണ്. കോഹ്‌ലിക്കു പുറമേ എം.എസ്.ധോണി, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുമ്ര, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ് എന്നിവർക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ