ബാറ്റിൽ ചരിത്രം സൃഷ്ടിക്കുകയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. 29 വയസ്സിനിടയിൽ പല റെക്കോർഡുകൾക്കും ഉടമയായ വിരാട് കോഹ്‌ലി പല ക്രിക്കറ്റ് താരങ്ങളെയും ആരാധകനാക്കി മാറ്റിയിട്ടുണ്ട്. പല താരങ്ങളും കോഹ്‌ലി തങ്ങളിൽ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് പറഞ്ഞിട്ടുമുണ്ട്. അക്കൂട്ടത്തിലൊരാളാണ് ബംഗ്ലാദേശ് ഓപ്പണിങ് താരം തമീം ഇക്ബാൽ.

പെർഫോമൻസിൽ വിരാട് കോഹ്‌ലി മനുഷ്യൻ അല്ലെന്ന് തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് തമീം ഇക്ബാൽ. ഖലീജ് ടൈംസിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം കോഹ്‌ലിയെക്കുറിച്ച് സംസാരിച്ചത്. മറ്റു പല പ്രമുഖ ക്രിക്കറ്റ് താരങ്ങളുമായും കോഹ്‌ലിയെ താരതമ്യം ചെയ്ത ഇക്ബാൽ കോഹ്‌ലിയെപ്പോലെ കളിയിൽ ആധിപത്യം പുലത്തുന്ന മറ്റൊരാളെ കണ്ടിട്ടില്ലെന്നും വ്യക്തമാക്കി.

”കളിയിലെ പെർഫോമൻസ് കാണുമ്പോൾ വിരാട് ഒരു മനുഷ്യൻ അല്ലെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. വിരാട് ബാറ്റുമായി വരുന്നതു കാണുമ്പോൾ ഓരോ മത്സരത്തിലും സെഞ്ചുറി അടിക്കുമെന്നാണ് തോന്നാറുളളത്,” തമീം പറഞ്ഞു.

”വിരാടിന്റെ പ്രകടനം കാണുമ്പോൾ അവിശ്വസനീയമായി തോന്നും. മൂന്നു ഫോർമാറ്റിലും ടോപ് ബാറ്റ്സ്മാനാണ് കോഹ്‌ലി. അയാളിൽനിന്നും കണ്ടു പഠിക്കാൻ നിരവധി കാര്യങ്ങളുണ്ട്. വിരാട് അതിശയം ഉണർത്തുന്ന വ്യക്തിയാണ്. കഴിഞ്ഞ 12 വർഷത്തിനിടയിൽ നിരവധി മികച്ച കളിക്കാരുമായി കളിക്കാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. അവർക്ക് അവരവരുടേതായ കഴിവുകളുണ്ട്. പക്ഷേ വിരാടിനെപ്പോലെ കളിയിൽ ആധിപത്യം പുലർത്തുന്ന ഒരാളെ കണ്ടിട്ടില്ല,” തമീം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook