/indian-express-malayalam/media/media_files/uploads/2018/05/Virat-Kohli-2.jpg)
ന്യൂഡൽഹി: പരുക്കിനെ തുടർന്ന് ഇംഗ്ലണ്ടിൽ കൗണ്ടി ക്രിക്കറ്റിൽ കളിക്കാനുളള അവസരം നഷ്ടപ്പെട്ട ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെ പിന്തുണച്ച് കോച്ച് രവി ശാസ്ത്രി. കളിക്കാർക്ക് വിശ്രമം നൽകാത്ത ബിസിസിഐ നിലപാടിനെതിരെ ആഞ്ഞടിച്ചാണ് കോച്ച് രംഗത്ത് വന്നത്.
എല്ലാവരെയും പോലെ സാധാരണ മനുഷ്യനാണ് കോഹ്‌ലിയെന്ന് രവി ശാസ്ത്രി പറഞ്ഞു. "അയാൾക്കും പരുക്കേൽക്കാം കാരണം അയാൾ അമാനുഷികനല്ല. അയാളൊരു യന്ത്രവുമല്ല, വെറും മനുഷ്യനാണ്," രവി ശാസ്ത്രി പറഞ്ഞു.
റോക്കറ്റിന്റെ ഇന്ധനം നിറച്ച് മൈതാനത്ത് പാർക്ക് ചെയ്യാവുന്ന ഒരാളല്ല വിരാട് കോഹ്‌ലിയെന്ന് രവി ശാസ്ത്രി കൂട്ടിച്ചേർത്തു. വിരാട് കോഹ്‌ലിയുടെ പരുക്കിനെ തുടർന്ന് കൗണ്ടി ടീമായ സറെ നിരാശ രേഖപ്പെടുത്തിയ പശ്ചാത്തലത്തിലായിരുന്നു രവി ശാസ്ത്രിയുടെ തുറന്നുപറച്ചിൽ. ബിസിസിഐയെ ഉന്നമിട്ടാണ് കോച്ചിന്റെ വിമർശനം. ഇത് കളിക്കാർക്ക് വിശ്രമം അനുവദിക്കണമെന്ന ആവശ്യത്തിലൂന്നിയുളളതാണ്.
ഇംഗ്ലണ്ടിനെതിരെ നടക്കുന്ന പരമ്പരയ്ക്ക് മുൻപ് ജൂണിൽ സറെ ക്രിക്കറ്റ് ക്ലബിനൊപ്പം കൗണ്ടിയിൽ ആറ് മൽസരങ്ങൾ വിരാട് കോഹ്‌ലി കളിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ പരുക്കിനെ തുടർന്ന് താരം കളിക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കി.
ഐപിഎല്ലിന് പിന്നാലെ അഫ്‌ഗാനിസ്ഥാനെതിരായ ക്രിക്കറ്റ് പരമ്പര കളിക്കാതെ നേരെ കൗണ്ടി കളിക്കാൻ പോകാനായിരുന്നു താരത്തിന്റെ തീരുമാനം. ബിസിസിഐ ഒഫീഷ്യൽസിന്റെ മേൽനോട്ടത്തിൽ ഇദ്ദേഹത്തിന്റെ ശാരീരിക ക്ഷമത മെച്ചപ്പെടുത്താനുളള ശ്രമങ്ങൾ തുടരും. ജൂൺ 15 ന് ആരംഭിക്കുന്ന ഫിറ്റ്‌നസ് ടെസ്റ്റിൽ കോഹ്‌ലി ഭാഗമാകുമെന്നാണ് വിവരം.
അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്ക് മുൻപ് താരം ശാരീരിക ക്ഷമത വീണ്ടെടുക്കുമെന്ന് ബിസിസിഐ മെഡിക്കൽ സംഘം ഇന്നലെ പറഞ്ഞിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us