വിരാട് കോഹ്‌ലി സമീപ കാലത്തായി മികച്ച ഫോമിലാണ്. ഡിസംബർ ആറിന് അഡ്‌ലെയ്ഡിൽ ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് തുടക്കമാകുമ്പോൾ ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നതും കോഹ്‌ലിയുടെ ബാറ്റിങ്ങിനാണ്. ടെസ്റ്റ് ക്രിക്കറ്റിലെ നമ്പർ വൺ ബാറ്റ്സ്മാനായ കോഹ്‌ലിയെ ചിത്രകാരൻ ലിയനാഡോ ഡാവിഞ്ചിയുടെ പ്രശസ്ത ഛായാചിത്രം മോണാലിസയോട് താരതമ്യം ചെയ്യുകയാണ് മുൻ ഓസ്ട്രേലിയൻ താരം ഡീൻ ജോൺസ്.

കോഹ്‌ലിയുടെ കളിയിൽ എന്തെങ്കിലും കുറവ് കണ്ടെത്തുക എന്നത് മോണാലിസയിൽ എന്തെങ്കിലും തെറ്റ് കണ്ടെത്തും പോലെയാണെന്നാണ് ജോൺസ് പറഞ്ഞിരിക്കുന്നത്. ടീമുകൾ കോ‌ഹ്‌ലിയുടെ കവർ ഡ്രൈവ് സ്റ്റോപ് വ്യത്യസ്ത ഏരിയകളിൽ ബോൾ ചെയ്യാനാണ് നോക്കേണ്ടതെന്നും ജോൺസ് പറഞ്ഞതായി ഐസിസി ക്രിക്കറ്റ് ഡോട് കോം റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തിൽ എട്ടു ഇന്നിങ്സുകളിൽ നിന്നായി നാലു സെഞ്ചുറികളടക്കം അതിശയിപ്പിക്കുന്ന പ്രകടനമാണ് കോഹ്‌ലി നടത്തിയതെന്ന് ജോൺസ് പറഞ്ഞു. കോഹ്‌ലിയെ പ്രശംസിച്ചതിനൊപ്പം തന്നെ ഓസ്ട്രേലിയൻ താരങ്ങൾ താക്കീത് നൽകാനും ജോൺസ് മറന്നില്ല. ‘കോഹ്‌ലിയോട് സംസാരിക്കുകയോ, പ്രകോപിപ്പിക്കുകയോ ചെയ്യരുത്. കോഹ്‌ലിയുടെ സൗഹൃദം സ്ഥാപിക്കാൻ നോക്കുക,’ ജോൺസ് പറഞ്ഞു.

ഓസ്ട്രേലിയയെക്കാൾ എല്ലാ തരത്തിലും നിലവിൽ മികച്ച ടീമാണ് ഇന്ത്യയെന്ന് സ്റ്റീവ് സ്മിത്തിന്റെയും ഡേവിഡ് വാർണറുടെയും അഭാവത്തെ ചൂണ്ടിക്കാട്ടി ജോൺസ് പറഞ്ഞു. ഇത്തവണ ഇന്ത്യയ്ക്ക് പരമ്പര നേടാനായില്ലെങ്കിൽ പിന്നൊരിക്കലും ഓസ്ട്രേലിയയിൽ അതിന് ആവില്ലെന്നും ജോൺസ് വ്യക്തമാക്കി.

ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ഡിസംബർ 6ന് ഓവലിൽ നടക്കും. രണ്ടാം ടെസ്റ്റ് ഡിസംബർ 14ന് പെർത്തിലാണ്. ഡിസംബർ 26ന് മെൽബണിൽ മൂന്നാം ടെസ്റ്റും, പുതുവർഷത്തിൽ ജനുവരി മൂന്നിന് ഡിഡ്നിയിൽ അവസാന മത്സരവും അരങ്ങേറും. അതിന് ശേഷം മൂന്ന് മത്സരങ്ങൾ അടങ്ങുന്ന ഏകദിന പരമ്പരയും ഇന്ത്യ ഓസ്ട്രേലിയയിൽ കളിക്കും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ