ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടെസ്റ്റ് ക്യാപ്റ്റന്മാരുടെ വാക്പോരിനെ ചൊല്ലിയാണ് വാർത്തകളിൽ നിറഞ്ഞുനിന്നത്. ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയും ഓസീസ് നായകൻ ടിം പെയ്‌നും രണ്ടു തവണയാണ് ഏറ്റുമുട്ടിയത്. രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയ ജയിച്ചെങ്കിലും ക്യാപ്റ്റന്മാരുടെ കൊമ്പുകോർക്കൽ അവിടെ കൊണ്ട് തീർന്നില്ല.

മത്സരശേഷം ഓസീസ് നായകൻ ടിം പെയ്ൻ ഇന്ത്യൻ നായകന് കൈകൊടുത്തു. കോഹ്‌ലി കൈ കൊടുത്തുവെങ്കിലും ഒട്ടും ഇഷ്ടത്തോടെയായിരുന്നില്ലെന്ന് ഇന്ത്യൻ നായകന്റെ മുഖം നോക്കിയാൽ മതിയായിരുന്നു. കോഹ്‌ലിയുടെ ഈ പ്രവൃത്തിയെ വിമർശിക്കുകയാണ് മുൻ ഓസ്ട്രേലിയൻ പേസർ മിച്ചൽ ജോൺസൺ. വിരാട് കോഹ്‌ലി കാട്ടിയത് ധിക്കാരമാണെന്നായിരുന്നു ഫോക്സ് സ്പോർട്സിൽ എഴുതിയ കോളത്തിൽ ജോൺസൺ പറയുന്നത്.

”മത്സരശേഷം പെയ്ൻ കൈകൊടുത്തപ്പോൾ കോഹ്‌ലിയുടെ കണ്ണുകൾ നോക്കൂ, കോഹ്‌ലിയുടെ നോട്ടം മറ്റെവിടെയോ ആയിരുന്നു. ടിം പെയ്‌നിനോട് കോഹ്‌ലി ഇങ്ങനെ ചെയ്യാൻ പാടില്ല. ഓസീസ് ക്യാപ്റ്റന് കൈകൊടുക്കുമ്പോൾ അദ്ദേഹത്തിന്റെ കണ്ണിൽ നോക്കിയാണ് അഭിനന്ദിക്കേണ്ടത്. കോഹ്‌ലി കാട്ടിയത് അനാദരവാണ്,” ജോൺസൺ പറഞ്ഞു.

Read: കൈ കൊടുത്തിട്ടും കലിപ്പ് അടങ്ങിയില്ല, ഓസീസ് നായകനെ നോട്ടംകൊണ്ട് ദഹിപ്പിച്ച് കോഹ്‌ലി; വീഡിയോ

”പല ക്രിക്കറ്റ് താരങ്ങളെയും കോഹ്‌ലി സാധാരണക്കാരായാണ് കരുതുന്നത്. കാരണം അയാൾ വിരാട് കോഹ്‌ലിയാണ്. ക്രിക്കറ്റിൽ ഉയർന്ന സ്ഥാനത്താണ് കോഹ്‌ലിയുള്ളത്. പക്ഷേ പെർത്ത് ടെസ്റ്റ് ഇന്ത്യൻ ക്യാപ്റ്റനെ വിഡ്ഢിയാക്കി,” ജോൺസൺ പറഞ്ഞു.

രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിലും നാലാം ദിനത്തിലുമാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയും ഓസീസ് നായകൻ ടിം പെയ്നും കൊമ്പുകോർത്തത്. നാലാം ദിനത്തിൽ ക്യാപ്റ്റന്മാരുടെ പെരുമാറ്റം അതിരുവിട്ടതോടെ അമ്പയർ ക്രിസ് ജെഫാനി ഇടപെടുകയും ഇരുവർക്കും മുന്നറിയിപ്പ് നൽകുകയും ചെയ്തു.

Read: പെർത്തിൽ കൊമ്പുകോർത്ത് കോഹ്‌ലിയും പെയ്നും, താക്കീതുമായി അമ്പയർ

ഓസീസ് ക്യാപ്റ്റൻ ടിം പെയ്ൻ റൺ പൂർത്തിയാക്കാൻ ഓടുന്നതിനിടെയായിരുന്നു സംഭവം. ക്യാപ്റ്റന്മാരുടെ പെരുമാറ്റം അതിരുവിടുന്നുവെന്ന് മനസ്സിലാക്കിയ അമ്പയർ ‘ഇതു മതി, ഇനി കളിക്കാൻ നോക്കൂ’ എന്നു നിർദ്ദേശിച്ചു. ‘നിങ്ങൾ ടീമിന്റെ ക്യാപ്റ്റനാണ് ടിം’ എന്ന് ഓസീസ് നായകനെ അമ്പയർ ഓർമിപ്പിക്കുകയും ചെയ്തു. ‘ശാന്തനാകൂ, വിരാട്’ എന്ന് ഇന്ത്യൻ നായകനോട് അമ്പയർ പറയുന്നതും പുറത്തുവന്ന വീഡിയോയിൽ കേൾക്കാം.

മൂന്നാം ദിനത്തിലും കോഹ്‌ലിയും പെയ്നും തമ്മിൽ ഉരസിയിരുന്നു. പെയ്നെ പുറത്താക്കാൻ ഇന്ത്യ അപ്പീൽ ചെയ്തെങ്കിലും അമ്പയർ ഔട്ട് നൽകിയില്ല. ഇതിനു പിന്നാലെയാണ് ഇരുവരും തമ്മിൽ ഏറ്റുമുട്ടിയത്. ‘ഈ ഔട്ട് അംപയർ അനുവദിച്ചിരുന്നെങ്കിൽ പരമ്പര 2–0 ആയേനെ’ എന്നായിരുന്നു കോഹ്‍ലി പറഞ്ഞത്. ആദ്യ ടെസ്റ്റ് വിജയിച്ചതുപോലെ രണ്ടാം ടെസ്റ്റും ഇന്ത്യ നേടുമെന്നായിരുന്നു കോഹ്‌ലി ഉദ്ദേശിച്ചത്. ‘അതിനു മുൻപ് നിങ്ങൾ ഒന്നുകൂടി ബാറ്റു ചെയ്യണം, വിരാട്’ എന്നായിരുന്നു കോഹ്‌ലിക്ക് ഓസീസ് നായകൻ നൽകിയ മറുപടി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ