ഇന്ത്യൻ ടീമിനെ ഉയർന്ന തലത്തിലെത്തിച്ച വിരാട് കോഹ്ലി ഒരു അസാധാരണ ക്യാപ്റ്റനാണെന്ന് ഓസ്ട്രേലിയൻ ഇതിഹാസം ഇയാൻ ചാപ്പൽ. അതേസമയം, ഇംഗ്ലണ്ടിന്റെ ജോ റൂട്ട് മികച്ച ബാറ്ററാണെങ്കിലും മോശം ക്യാപ്റ്റൻ ആണെന്ന് അദ്ദേഹം പറഞ്ഞു.
കോഹ്ലിയുടെയും റൂട്ടിന്റെയും ക്യാപ്റ്റൻസി ശൈലികളിലെ വൈരുദ്ധ്യങ്ങളും അതിന്റെ ഗുണങ്ങളും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
“ഇത് രണ്ട് ക്രിക്കറ്റ് ക്യാപ്റ്റന്മാരുടെ കഥയാണ്; ഒരാൾ തന്റെ ജോലിയിൽ മികച്ചവ് കാണിച്ചയാളും മറ്റൊരാൾ പരാജയപ്പെട്ടയാളുമാണ്,” ചാപ്പൽ ഇഎസ്പിഎൻ ക്രിക്കിൻഫോയുടെ കോളത്തിൽ എഴുതി. ക്യാപ്റ്റനെന്ന നിലയിൽ കോഹ്ലി മികച്ചതായിരുന്നു എന്നതിൽ സംശയമില്ല; ഇന്ത്യൻ ടീമിനെ ഉയർന്ന തലത്തിലേക്ക് നയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയുടെ സഹായത്താൽ, മറ്റൊരു ക്യാപ്റ്റനും ചെയ്യാത്ത തരത്തിൽ അദ്ദേഹം ഇന്ത്യയെ വിദേശത്ത് വിജയംവരിക്കുന്ന ടീമായി ഉയർത്തി,” ചാപ്പൽ അഭിപ്രായപ്പെട്ടു.
“മറ്റേത് ക്യാപ്റ്റനെക്കാളും കൂടുതൽ തവണ തന്റെ രാജ്യത്തെ നയിച്ചിട്ടും ക്യാപ്റ്റൻസിയിൽ ജോ റൂട്ട് പരാജയപ്പെട്ടു. റൂട്ട് അല്ലെങ്കിൽ മറ്റേതെങ്കിലും ഇംഗ്ലീഷ് ആരാധകൻ എന്ത് പറഞ്ഞിട്ടും കാര്യമില്ല, റൂട്ട് മികച്ച ബാറ്ററാണ്, പക്ഷേ അതേസമയം ഒരു മോശം ക്യാപ്റ്റനുമാണ്,” അദ്ദേഹം പറഞ്ഞു.
സൗരവ് ഗാംഗുലിയുടെയും മഹേന്ദ്ര സിംഗ് ധോണിയുടെയും പാരമ്പര്യം കോഹ്ലി എങ്ങനെ മെച്ചപ്പെടുത്തിയെന്നതിനെ കുറിച്ചും ചാപ്പൽ സംസാരിച്ചു. “സൗരവ് ഗാംഗുലിയുടെയും ധോണിയുടെയും പാരമ്പര്യം കോഹ്ലി ഏറ്റെടുത്തു, ഏഴ് വർഷത്തിനുള്ളിൽ അതിനെ തലപ്പത്തെത്തിച്ചു. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ 1-0ന് മുന്നിൽ എത്തിയെട്ടും പരാജയപ്പെട്ടതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ നിരാശ”
ടെസ്റ്റിൽ മികച്ച പ്രകടനം നടത്താനുള്ള കോഹ്ലിയുടെ അഭിനിവേശത്തെക്കുറിച്ചും ചാപ്പൽ എഴുതി. “ടെസ്റ്റ് ക്രിക്കറ്റിനോടുള്ള ആഗ്രഹം ടീമിൽ വളർത്തിയെടുത്തതാണ് കോഹ്ലിയുടെ മികച്ച നേട്ടങ്ങളിലൊന്ന്. എല്ലാം വിജയങ്ങളും ഉണ്ടായിരുന്നിട്ടും, ടെസ്റ്റ് രംഗത്ത് വിജയം നേടുക എന്നതായിരുന്നു കോഹ്ലിയുടെ പ്രധാന ലക്ഷ്യം, ഇവിടെയാണ് അദ്ദേഹത്തിന്റെ അഭിനിവേശം ശരിക്കും തിളങ്ങിയത്.”
Also Read: അയാള്‍ക്ക് ഇന്ത്യയെ നയിക്കാന്‍ കഴിയുമെന്നതില്‍ ഉറപ്പില്ല; താരത്തെക്കുറിച്ച് മുന്‍ ബോളിങ് പരിശീലകന്
റൂട്ടിന് മികച്ച ക്യാപ്റ്റൻസി റെക്കോർഡ് ഉള്ളപ്പോഴും അദ്ദേഹത്തിന്റെ നേതൃത്വത്തെ “ഭാവനയില്ലാത്തത്” എന്ന് ചാപ്പൽ വിശേഷിപ്പിച്ചു. “അദ്ദേഹം (റൂട്ട്) ഒരിക്കലും വിജയിച്ച ക്യാപ്റ്റനാവാൻ പോകുന്നില്ല. അദ്ദേഹത്തിന് കീഴിൽ ഇംഗ്ലണ്ടിന് നല്ല ഹോം റെക്കോർഡ് ഉണ്ടെങ്കിലും, റൂട്ടിന് ഒരു ക്യാപ്റ്റൻ എന്ന നിലയിൽ ഭാവന ഇല്ലായിരുന്നു, പെട്ടെന്ന് ആശയങ്ങൾ ഇല്ലാതായി പോയി.”
“പലപ്പോഴും ഒരു സെഷൻ ആദ്യം ഉപയോഗിക്കുന്ന ബൗളർമാർ ചർച്ചയ്ക്ക് കാരണമായി, പക്ഷേ യഥാർത്ഥ കൊലയാളി അദ്ദേഹത്തിന്റെ തന്ത്രങ്ങളായിരുന്നു, അതിന് പലപ്പോഴും അർത്ഥമുണ്ടായിരുന്നില്ല.” വളരെയധികം ഓഫ് ഫീൽഡ് ഉപദേശകർ ഉള്ള ആൾക്ക് സ്വന്തമായി അഭിപ്രായമില്ലാതിരുന്നതാണ് പരാജയത്തിന് കാരണമെന്ന് ചാപ്പൽ വിശ്വസിക്കുന്നു.
“ഒരു നല്ല ക്യാപ്റ്റൻ ചുമതലയേൽക്കേണ്ടതുണ്ട്, റൂട്ട് ദയനീയമായി പരാജയപ്പെട്ട ഒരു മേഖലയാണിത്. കളിക്കാരുടെ പരിക്കുകൾ അവസാന പര്യടനത്തെ മോശമായി ബാധിച്ചു എന്നതിൽ സംശയമില്ല, എന്നിരുന്നാലും പത്ത് ടെസ്റ്റുകളിൽ എട്ട് തോൽവികളും രണ്ട് സമനിലയും ആയി ഓസ്ട്രേലിയയിൽ ദൗർഭാഗ്യത്തോടൊപ്പം മോശം ക്യാപ്റ്റൻസിയായിരുന്നു അത്.”