ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലി ക്രിക്കറ്റിലെ മികച്ച താരമാണെന്ന കാര്യത്തിൽ ആർക്കും സംശയം ഉണ്ടാകില്ല. ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും വെടിക്കെട്ട് ബാറ്റിങ്ങിലൂടെയും റെക്കോർഡുകൾ തിരുത്തിയെഴുതിയും കോഹ്‍ലി അത് നിരന്തരം തെളിയിക്കുന്നുമുണ്ട്. എന്നാൽ കളിക്കളത്തിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ പലപ്പോഴും വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ട അവസ്ഥയും താരത്തിന് ഉണ്ടായിട്ടുണ്ട്. അതേസമയം കോഹ്‍ലി ഒരു പെർഫെക്ട് ജെന്റിൽമാൻ ആണെന്നാണ് ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി പറയുന്നത്.

മൈതാനത്ത് തീവ്രവികാരാധീനനും വ്യക്തി ജീവിതത്തിൽ ഒരു പെർഫെക്ട് ജെന്റിൽമാനുമാണെന്നാണ് ശാസ്ത്രി പറയുന്നത്. ” കോഹ്‍ലി ഒരു മാന്യനാണെന്ന് ഞാൻ ഓസ്ട്രേലിയൻ മാധ്യമങ്ങളോട് പറഞ്ഞപ്പോൾ അവർ ഞെട്ടി. മൈതാനത്ത് നിന്ന് വ്യക്തി ജീവിതത്തിലേക്ക് വരുമ്പോൾ തെളിഞ്ഞ മുഖഭാവമുള്ള ഒരു സാധാരണക്കാരൻ തന്നെയാണ് കോഹ്‍ലി,” രവി ശാസ്ത്രി പറഞ്ഞു.

സഹതാരങ്ങളുടെ കാര്യത്തിൽ അതീവ ശ്രദ്ധാലുവായ വിരാട് കോഹ്‍ലി ഒരു റോൾമോഡലാണ്. കോഹ്‍ലിയെപോലെ ഒറു താരവുമൊത്ത് ഡ്രെസ്സിങ് റൂം പങ്കിടാൻ കഴിഞ്ഞത് തന്നെ ഭാഗ്യമായി കാണുന്നുവെന്നും കോഹ്‍ലി ലോകത്തിലെ ഏറ്റവും മികച്ച താരമാണെന്നും രവി ശാസ്ത്രി കൂട്ടിച്ചേർത്തു.

രവി ശാസ്ത്രിയുടെയും കോഹ്‍ലിയുടെയും നേതൃത്വത്തിൽ ഇന്ത്യൻ ടീം നേട്ടങ്ങൾ ഒന്നൊന്നായി കൊയ്തുകൊണ്ടിരിക്കുകയാണ്. എട്ട് പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യ ആദ്യമായി ഓസ്ട്രേലിയയിൽ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതാണ് ഏറ്റവും ഒടുവിലത്തേത്. 1983ലെ ലോകകപ്പ് നേട്ടത്തേക്കാൾ വലുതെന്നാണ് ചരിത്ര പരമ്പര നേട്ടത്തെ ശാസ്ത്രി വിലയിരുത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook