ഇംഗ്ലീഷ് പരമ്പര അവസാനിക്കുന്നതോടെ ഇന്ത്യൻ ടീം പറക്കുന്നത് എഷ്യൻ കപ്പ് ആവേശത്തിലേക്കാണ്. സെപ്റ്റംബർ 15ന് ദുബായിലാണ് എഷ്യൻ കപ്പ് പോരാട്ടങ്ങൾ ആരംഭിക്കുന്നത്. ക്യാപ്റ്റൻ വിരാട് കോഹ്‍ലിക്ക് വിശ്രമം അനുവദിച്ചാണ് എഷ്യൻ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. കോഹ്‍ലിയുടെ അഭാവം തങ്ങൾക്ക് അനുകൂലമാകുമെന്നാണ് പാക്കിസ്ഥാൻ പേസർ ഹസൻ അലിയുടെ പക്ഷം.

ഹസൻ അലിയുടെ വാക്കുകൾ ഇങ്ങനെ-” വിരാട് കോഹ്‍ലിയുടെ അഭാവം തങ്ങൾക്ക് ഗുണം ചെയ്യും. അദ്ദേഹത്തെ പോലെ സമ്മർദ്ദ സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ സാധിക്കുന്ന താരങ്ങൾ ഇന്ത്യൻ ടീമിലില്ല. ഇത് ഇന്ത്യക്ക് ദോഷം ചെയ്യും.” കോഹ്‍ലിയെയും തന്നെയും താരതമ്യം ചെയ്യുന്നതിൽ കാര്യമില്ലെന്നും അദ്ദേഹം തന്റെ സീനിയറും ഇതിഹാസവുമാണെന്നും ഹസൻ കൂട്ടിച്ചേർത്തു.

കോഹ്‍ലിയുടെ അഭാവത്തിൽ എഷ്യൻ കപ്പിൽ ഇന്ത്യയെ നയിക്കുന്നത് ഹിറ്റ്മാൻ രോഹിത് ശർമ്മയാണ്. സെപ്റ്റംബർ 18ന് ഹോങ്കോങ്ങിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. സെപ്റ്റംബർ 19നാണ് ആരാധകർ കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം. ചാമ്പ്യൻസ് ട്രോഫി ഫൈനലിലെ കണക്ക് തീർക്കാനാകും ഇന്ത്യ പാക്കിസ്ഥാനെതിരെ പാഡ് കെട്ടുക.

ചുരുങ്ങിയ മത്സരങ്ങൾകൊണ്ട് തന്നെ ക്രിക്കറ്റിൽ തന്റെ സ്ഥാനമറിയിച്ച താരമാണ് ഹസൻ അലി. 33 മത്സരങ്ങളിൽനിന്ന് 68 വിക്കറ്റുകൾ നേടി അലി ഏകദിന റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്താണ്. എഷ്യൻ കപ്പിൽ പാക്കിസ്ഥാൻ ഏറെ പ്രതീക്ഷവയ്ക്കുന്നതും ഹസൻ അലിയിൽ തന്നെ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ