ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയും അവസാനിച്ചതോടെ ലോകകപ്പ് മാത്രമാണ് ഇനി ഇന്ത്യയ്ക്ക് മുന്നിലുള്ളത്. എന്നാൽ ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ചടുത്തോളം ഇന്ത്യൻ പ്രീമിയർ ലീഗും ഏറെ പ്രധാനപ്പെട്ടതാണ്. ആരാധകർക്ക് മാത്രമല്ല താരങ്ങൾക്കും. എന്നാൽ പല ക്രിക്കറ്റ് ബോർഡുകളും താരങ്ങളെ ഐപിഎല്ലിന് വിട്ടുനൽകില്ല എന്ന നിലപാട് സ്വീകരിച്ചു കഴിഞ്ഞു. ഇത് ഫ്രാഞ്ചൈസികളെയും വലയ്ക്കുന്നുണ്ട്.
എന്നാൽ ഇന്ത്യൻ താരങ്ങൾക്ക് ഈ വിലക്ക് ബാധകമല്ല. അതേസമയം കുറച്ചു നാളുകളായി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി പറയുന്നത് ഇന്ത്യൻ താരങ്ങൾക്കും ആവശ്യമായ വിശ്രമം അനുവദിക്കണമെന്നാണ്. അത് ആവർത്തിക്കുകയാണ് കോഹ്ലി വീണ്ടും. ഐപിഎൽ എല്ലാവർഷവും ഉണ്ടാവുമെന്നും എന്നാൽ ലോകകപ്പ് നാല് വർഷം കൂടുമ്പോൾ മാത്രമാണ് വരുന്നതെന്നും കോഹ്ലി താരങ്ങളെ ഓർമ്മപ്പെടുത്തുന്നു.
” ഐപിഎല്ലിലെ പ്രകടനം വിലയിരുത്തപ്പെടുന്നുണ്ടാവും. ഐപിഎൽ എല്ലാവർഷവും ഉണ്ടാവുമെന്നും എന്നാൽ ലോകകപ്പ് നാല് വർഷം കൂടുമ്പോൾ മാത്രമാണ് വരുന്നത്. നിങ്ങൾ അതുകൊണ്ട് ഐപിഎല്ലിന് പ്രാധാന്യം നൽകേണ്ട എന്നല്ല അർത്ഥം. കളിയ്ക്കുന്നതോടൊപ്പം ബുദ്ധിപരമായി ചിന്തിയ്ക്കുക. വിശ്രമവും അനിവാര്യമാണ്,” കോഹ്ലി പറഞ്ഞു.
മാര്‍ച്ച് 23 നാണ് ഐപിഎല്‍ 12-ാം സീസണ് ആരംഭം കുറിക്കുക. ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സും കോഹ്ലിയുടെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സുമാണ് ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടുക.