പെര്‍ത്ത്: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് അടുക്കുകയാണ്. മൈതാനത്ത് പരസ്പരം ഏറ്റുമുട്ടുന്ന കോഹ്‌ലിയും പെയ്‌നും മുതല്‍ ഗ്യാലറിയിലെ ആരാധകരുടെ പോര് വരെ മത്സരത്തെ ആവേശകരമാക്കുകയാണ്.

മത്സരത്തിലുടനീളം പേസര്‍മാരെ ആവേശം കൊള്ളിക്കാന്‍ നായകന്‍ വിരാട് കോഹ്‌ലി ശ്രമിക്കുന്നുണ്ടായിരുന്നു. താരങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയും കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചുമെല്ലാം കോഹ്‌ലി കളം നിറയുകയായിരുന്നു. ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ പേസര്‍മാരുടെ പ്രകടനം കൈയ്യടി അര്‍ഹിക്കുന്നത് തന്നെയായിരുന്നു.

ടീമിന് ആവേശം പകരാന്‍ ആരാധകരോട് ആവശ്യപ്പെടുകയും ചെയ്തു കോഹ്‌ലി. ബോളര്‍മാരുടെ ആവേശം കൂട്ടാന്‍ ഗ്യാലറിയിലുള്ള ആരാധകരോട് ആരവമുയര്‍ത്താന്‍ കോഹ്‌ലി ആവശ്യപ്പെടുകയായിരുന്നു. നന്നായി പന്തെറിയുമ്പോള്‍ ലഭിക്കുന്ന കൈയ്യടി താരങ്ങള്‍ക്ക് ഊര്‍ജ്ജം പകരുമെന്നു കണ്ടായിരുന്നു കോഹ്‌ലിയുടെ നീക്കം.

കോഹ്‌ലിയുടെ തന്ത്രം വിജയം കാണുകയും ചെയ്തു. ഇന്ത്യന്‍ പേസര്‍മാര്‍ തീതുപ്പിയപ്പോള്‍ ഓസ്‌ട്രേലിയ 243 ന് പുറത്തായി. പേസര്‍ മുഹമ്മദ് ഷമി ആറ് വിക്കറ്റുകളാണ് നേടിയത്. ഇന്ത്യയുടെ വിജയ ലക്ഷ്യം 287 റണ്‍സാണ്.

എന്നാല്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലെ തന്നെ തിരിച്ചടി നേരിടേണ്ടി വന്നു. ഓപ്പണര്‍ ലോകേഷ് രാഹുല്‍ റണ്ണൊന്നും എടുക്കാതെ മടങ്ങി. പിന്നാലെ 20 റണ്‍സുമായി മുരളി വിജയ്‌യും നാല് റണ്‍സുമായി പൂജാരയും കൂടാരം കയറി. നായകന്‍ വിരാട് കോഹ്‌ലി 17 റണ്‍സില്‍ പുറത്തായി. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സെന്ന നിലയിലാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ