ധാക്ക: ലോക ഇലവനെതിരായ ടി20 പ്രദര്‍ശന പരമ്പരയ്ക്കുള്ള ഏഷ്യന്‍ ഇലവനെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചു. ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവായ ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ 100-ാം ജന്മദിനത്തോട് അനുബന്ധിച്ച് നടത്തുന്ന മപരമ്പരയ്ക്കുള്ള ടീമിൽ ആറു ഇന്ത്യൻ താരങ്ങളാണ് ഇടം പിടിച്ചിരിക്കുന്നത്. ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്ക് പുറമെ ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, റിഷഭ് പന്ത്, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ് എന്നിവരാണ് ഏഷ്യന്‍ ഇലവനിലെ ഇന്ത്യന്‍ താരങ്ങള്‍.

രണ്ട് മത്സരങ്ങളടങ്ങുന്നതാണ് പരമ്പര. മാർച്ച് 21,22 തീയതികളിൽ ധാക്കയിലെ ഷേര്‍ ബംഗ്ലാ സ്റ്റേഡിയത്തിലാണ് മത്സരം. നിലവിൽ ന്യൂസിലൻഡ് പര്യടനത്തിലുള്ള ഇന്ത്യൻ താരങ്ങൾ മടങ്ങിയെത്തിയ ശേഷം ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലും കളിച്ച ശേഷമാകും ഏഷ്യൻ ക്യാമ്പിനൊപ്പം ചേരുക.

ആറ് ഇന്ത്യന്‍ താരങ്ങൾക്ക് പുറമെ മൂന്ന് ബംഗ്ലാദേശ് താരങ്ങളും അഫ്ഗാനിസ്താനില്‍ നിന്നും ശ്രീലങ്കയില്‍ നിന്നും രണ്ടുവീതം താരങ്ങളും ഒരു നേപ്പാളി താരവും ടീമിലിടം പിടിച്ചു. അതേസമയം പാക്കിസ്ഥാനിൽ നിന്നും ഒരു താരം പോലും ഏഷ്യ ഇലവന്റെ ഭാഗമായില്ല.

ലോക ഇലവനെ നയിക്കുന്നത് ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസിസാണ്. വിൻഡീസ് സൂപ്പർതാരങ്ങളായ ക്രിസ് ഗെയ്‍ൽ, കീറോൺ പൊള്ളാർഡ്, ഷെൽഡൺ കോട്രൽ എന്നീ സൂപ്പർ താരങ്ങൾ അണിനിരക്കുന്നതാണ് ലോക ഇലവൻ.

ഏഷ്യന്‍ ഇലവന്‍

കെ.എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, വിരാട് കോലി, ഋഷഭ് പന്ത്, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ് (ഇന്ത്യ), തമീം ഇഖ്ബാല്‍, ലിറ്റണ്‍ ദാസ്, മുഷ്ഫിഖുര്‍ റഹീം, മുസ്തഫിസുര്‍ റഹ്മാന്‍ (ബംഗ്ലാദേശ്), തിസാര പെരേര, ലസിത് മലിംഗ, (ശ്രീലങ്ക), റാഷിദ് ഖാന്‍, മുജീബുര്‍ റഹ്മാന്‍ (അഫ്ഗാനിസ്താന്‍), സന്ദീപ് ലാമിച്ചാനെ (നേപ്പാള്‍).

ലോക ഇലവൻ

ഫാഫ് ഡുപ്ലേസിസ്, ലുങ്കി എൻഗിഡി (ദക്ഷിണാഫ്രിക്ക) ക്രിസ് ഗെയ്‍ൽ, കീറോൺ പൊള്ളാർഡ്, ഷെൽഡൺ കോട്രൽ, നിക്കോളാസ് പുരാൻ (വെസ്റ്റ് ഇൻഡീസ്) ബ്രണ്ടൻ ടെയ്‍ലർ(സിംബാബ്‍വെ), അലക്സ് ഹെയ്‍ൽസ്, ജോണി ബെയർസ്റ്റോ, ആദിൽ റഷീദ് (ഇംഗ്ലണ്ട്), ആൻഡ്രൂ ടൈ, മിച്ചൽ മക്‌ലീനഘൻ (ഓസ്ട്രേലിയ).

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook