ഐസിസിയുടെ വിവിധ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ദശകത്തിലെ പുരുഷ ക്രിക്കറ്റ് താരമായി (സർ ഗാരി സോബേഴ്‌സ് അവാർഡ്) ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയെ തിരഞ്ഞെടുത്തു. 2010 മുതൽ 2020 വരെയുള്ള പത്ത് വർഷക്കാലത്തെ മികച്ച പ്രകടനം പരിഗണിച്ചാണ് കോഹ്‌ലിയെ ദശകത്തിലെ ഏകദിന ക്രിക്കറ്റ് താരമായി തിരഞ്ഞെടുത്തത്. പുരസ്‌കാര കാലയളവിൽ മൂന്ന് ഫോർമാറ്റിലുമായി കോഹ്‍ലി 20,936 അന്താരാഷ്ട്ര റണ്‍സാണ് നേടിയത്. ഈ കാലയളവില്‍ 66 സെഞ്ചുറികളും 94 അർധ സെഞ്ചുറികളും നേടിയിട്ടുണ്ട്.

ദശകത്തിലെ പുരുഷ ഏകദിന ക്രിക്കറ്റ് താരവും കോഹ്‌ലി തന്നെ. ഈ ദശകത്തിൽ ഏകദിന ക്രിക്കറ്റിൽ 10,000 റൺസ് നേടിയ ഏക താരമാണ് കോഹ്‌ലി. 2010 മുതലുള്ള കാലയളവിൽ 39 സെഞ്ചുറി, 48 അർധ സെഞ്ചുറി, 112 ക്യാച്ചുകൾ എന്നിവയാണ് കോഹ്‌ലിയുടെ സമ്പാദ്യം. 61.83 ശരാശരിയോടെയാണ് ഈ ദശകത്തിൽ കോഹ്‌ലി പതിനായിരത്തിലേറെ ഏകദിന റൺസ് സ്വന്തമാക്കിയത്.

പുരസ്‌കാര നേട്ടത്തിൽ ഏറെ സന്തോഷമെന്ന് വിരാട് കോഹ്‌ലി. ടീമിനെ വിജയത്തിലെത്തിക്കാൻ സാധിക്കുന്നതെല്ലാം ചെയ്യുക എന്നതുമാത്രമാണ് തന്റെ ലക്ഷ്യമെന്നും മറ്റ് നേട്ടങ്ങളെല്ലാം പിന്നാലെ സംഭവിക്കുന്നതാണെന്നും കോഹ്‌ലി പറഞ്ഞു.

Read Here: ഇക്കയുടെ അടുത്തപടം ദാസേട്ടൻ ബയോപിക്കോ? ആരാധകർ ചോദിക്കുന്നു

ദശകത്തിലെ ടെസ്റ്റ് ക്രിക്കറ്റ് താരമായി (പുരുഷ ക്രിക്കറ്റ്) ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്‌മിത്തിനെയാണ് തിരഞ്ഞെടുത്തത്. ഈ ദശകത്തിൽ ടെസ്റ്റ് ക്രിക്കറ്റിൽ 65.79 ശരാശരിയോടെ 7,040 റൺസാണ് സ്‌മിത്ത് നേടിയിരിക്കുന്നത്. 26 സെഞ്ചുറികളും 28 അർധ സെഞ്ചുറികളും സ്‌മിത്ത് നേടിയിട്ടുണ്ട്.

ഐസിസിയുടെ ദശകത്തിലെ ടി 20 ക്രിക്കറ്റ് താരമായി അഫ്‌ഗാനിസ്ഥാന്റെ റാഷിദ് ഖാനെ തിരഞ്ഞെടുത്തു. 12.62 ശരാശരിയിൽ 89 വിക്കറ്റുകളാണ് ഈ ദശകത്തിൽ റാഷിദ് ഖാൻ നേടിയത്. രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടം, മൂന്ന് തവണ നാല് വിക്കറ്റ് നേട്ടവും റാഷിദ് ഖാന്റെ പേരിലുണ്ട്.

ഐസിസി സ്‌പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്‌കാരം ഇന്ത്യയുടെ മുൻ നായകൻ എം.എസ്.ധോണിക്ക്. 2011 ലെ നോട്ടിങാം ടെസ്റ്റിൽ റൺഔട്ടായ ഇംഗ്ലണ്ട് താരം ഇയാൻ ബെല്ലിനെ ധോണി തിരിച്ചുവിളിച്ചതാണ് താരത്തെ ഈ പുരസ്കാരത്തിനു അർഹനാക്കിയത്. വോട്ടിങ്ങിലൂടെയാണ് പുരസ്‌കാര വിജയികളെ തീരുമാനിച്ചത്.

Read Here: ദശകത്തിലെ ഏകദിന-ടി20 ടീമുകളെ പ്രഖ്യാപിച്ച് ഐസിസി; നായകൻ ധോണി, ടെസ്റ്റ് ടീമിനെ കോഹ്‌ലി നയിക്കും

ഇന്നലെയാണ് ഐസിസി ദശകത്തിലെ ഏകദിന, ടെസ്റ്റ്, ടി 20 ടീമുകളെ പ്രഖ്യാപിച്ചത്. മൂന്ന് ടീമിലും ഇടം നേടിയ ഏകതാരം ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയാണ്. ടെസ്റ്റ് ടീമിനെ നയിക്കുന്നതും കോഹ്‌ലി തന്നെ. ഏകദിനത്തിലും ടി 20 യിലും മഹേന്ദ്രസിങ് ധോണിയാണ് നായകൻ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook