ഓസ്ട്രേലിയൻ മണ്ണിൽ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ചരിത്രം കുറിച്ചതു കാണാൻ ഭാര്യ അനുഷ്ക ശർമ്മയും എത്തിയിരുന്നു. സിഡ്നി ടെസ്റ്റ് സമനിലയിൽ പിരിഞ്ഞതോടെയാണ് ഇന്ത്യയ്ക്ക് പരമ്പര കിട്ടിയത്. ഈ സമയം ഗ്യാലറിയിൽ ഉണ്ടായിരുന്ന അനുഷ്ക ഫ്ലൈയിങ് കിസ് നൽകിയാണ് കോഹ്‌ലിയോടുള്ള തന്റെ സ്നേഹം പ്രകടിപ്പിച്ചത്.

മത്സരശേഷം അനുഷ്കയെയും കൊണ്ടാണ് കോഹ്‌ലി സ്റ്റേഡിയത്തിലേക്ക് എത്തിയത്. ഇന്ത്യൻ ടീമിന് ചരിത്ര നേട്ടം സമ്മാനിച്ച ഇന്ത്യൻ നായകന്റെ ഭാര്യയെന്ന അഭിമാനത്തോടെയാണ് കോഹ്‌ലിയുടെ കൈപിടിച്ച് അനുഷ്ക മൈതാനത്തേക്ക് എത്തിയത്. ഒരു ഘട്ടത്തിൽ വികാരഭരിതയായ അനുഷ്കയെ കോഹ്‌ലി വാരിപ്പുണരുകയും ചെയ്തു.

കോഹ്‌ലിയുടെ കരിയറിൽ വീഴ്ചകൾ ഉണ്ടായപ്പോൾ പലരും അനുഷ്കയെയാണ് കുറ്റപ്പെടുത്തിയത്. എന്നാൽ ഇന്ന് ഓസ്ട്രേലിയൻ മണ്ണിൽ കോഹ്‌ലി പുതു ചരിത്രം എഴുതിയപ്പോൾ അതിനു കാരണക്കാരിയാകാൻ കഴിഞ്ഞതിന്റെ അഭിമാനമാണ് അനുഷ്കയ്ക്ക്.

ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ ഓസ്ട്രേലിയയിൽ ഒരു ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നത്. ആദ്യ പരമ്പര നേട്ടത്തിന് വേണ്ടി ഇന്ത്യ കാത്തിരുന്നത് പതിറ്റാണ്ടുകളും 12 പര്യടനങ്ങളുമാണ്. സൗരവ് ഗാംഗുലിയും ധോണിയുമെല്ലാം പരാജയപ്പെട്ടിടത്താണ് കോഹ്‍ലിക്ക് കീഴിൽ ഇന്ത്യ ഓസ്ട്രേലിയയിൽ ചരിത്രമെഴുതിയത്.

ഓസ്ട്രേലിയക്കെതിരെ അവരുടെ നാട്ടിൽ പരമ്പര നേടുന്ന അഞ്ചാമത്തെ മാത്രം സന്ദർശക രാജ്യമാണ് ഇന്ത്യ. ഇതിന് മുമ്പ് ഇംഗ്ലണ്ട്, വിൻഡീസ്, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകൾ മാത്രമാണ് ഓസ്ട്രേലിയയിൽ അവർക്കെതിരെ പരമ്പര നേടിയിട്ടുള്ളത്.

ഒരു ഏഷ്യൻ രാജ്യം ഓസ്ട്രേലിയയിൽ പരമ്പര സ്വന്തമാക്കുന്നത് ഇത് ആദ്യമായാണ്. കഴിഞ്ഞ 71 വർഷങ്ങൾക്കിടയിൽ ഏഷ്യൻ രാജ്യങ്ങൾ മാത്രം 31 പരമ്പരകളിലായി 98 ടെസ്റ്റ് മത്സരങ്ങൾ കളിച്ചെങ്കിലും ഒടുവിൽ ലക്ഷ്യത്തിലെത്താൻ സാധിച്ചത് ഇന്ത്യക്ക് മാത്രമാണ്. ഓസ്ട്രേലിയയിൽ ടെസ്റ്റ് കളിക്കുന്ന ഏഷ്യയിൽ നിന്നുള്ള 29-ാമത്തെ നായകനാണ് വിരാട് കോഹ്‍ലി. മറ്റാർക്കും നേടാനാകാത്ത ആ നേട്ടം തന്റെ കിരീടത്തിലെ പൊൻതൂവലാക്കിയിരിക്കുകയാണ് താരം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ