ഓപ്പണർമാർക്ക് പിന്നാലെ നായകൻ വിരാട് കോഹ്‌ലിയും വെടിക്കെട്ട് ഇന്നിങ്സ് പുറത്തെടുത്ത മുംബൈ ടി20യിൽ വെസ്റ്റ് ഇൻഡീസിനെതിരെ കൂറ്റൻ വിജയലക്ഷ്യമാണ് ഇന്ത്യ ഉയർത്തിയത്. രോഹിത്തിന് പിന്നാലെ പന്തും മടങ്ങിയപ്പോൾ തിരിച്ചടി മുന്നിൽ കണ്ട ഇന്ത്യയ്ക്ക് ജീവൻ നിലനിർത്താനും തകർത്തടിക്കാനും സാധിച്ചത് നായകൻ വിരാട് കോഹ്‌ലിയുടെ മിന്നൽ ആക്രമണമായിരുന്നു. 29 പന്തിൽ നിന്ന് ഏഴ് സിക്സും നാലു ഫോറുമടക്കം 70 റൺസാണ് വിരാട് കോഹ്‌ലി അടിച്ചെടുത്തത്.

ഇന്ത്യൻ നായകന്റെ ബാറ്റിന്റെ ചൂട് വിൻഡീസ് ബോളർമാരെല്ലാം നന്നായി അറിഞ്ഞെങ്കിലും അത് പൊള്ളിയത് വിൻഡീസ് നായകൻ പൊള്ളർഡിന് തന്നെയായിരുന്നു. ആദ്യ ഓവറിൽ ആറു റൺസ് മാത്രം നൽകി വിൻഡീസ് ബോളർമാരിൽ മികച്ച പ്രകടനവുമായി നിന്ന പൊള്ളാർഡിനെ 19-ാം ഓവറിൽ കോഹ്‌ലി പഞ്ഞിക്കിട്ടു. മൂന്ന് സിക്സും ഒരു ഫോറും ഉൾപ്പടെ കോഹ്‌ലി ആ ഓവറിൽ അടിച്ചെടുത്തത് 25 റൺസാണ്. നോബോളായും രാഹുലിന്റെ സിംഗിളായും രണ്ട് റൺസ് വേറെയും ഇന്ത്യൻ സ്കോർബോർഡിലെത്തി.

Also Read: മുംബൈയിൽ മിന്നൽ ആക്രമണം; വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

പൊള്ളാർഡിന്റെ ഓവറിലെ ആദ്യ രണ്ടു പന്തുകൾ സിക്സർ പായിച്ചായിരുന്നു കോഹ്‌ലി അർധസെഞ്ചുരി തികച്ചത്. അടുത്ത പന്ത് ഡബിൾ, ഫ്രീഹിറ്റ് പന്ത് ബൗണ്ടറി. രണ്ട് സിംഗിളിന് ശേഷം സ്ട്രൈക്ക് എൻഡിൽ മടങ്ങിയെത്തിയ കോഹ്‌ലി അവസാന പന്തും സിക്സർ പായിച്ചു.

കാര്യവട്ടത്ത് പൊള്ളാർഡിനെ കണക്കിന് ശിക്ഷിച്ചത് യുവ താരം ശിവം ദുബെയാണെങ്കിൽ മുംബൈയിൽ ആ ഉത്തരവാദിത്വം നായകനേറ്റെടുക്കുകയായിരുന്നു. കാര്യവട്ടത്ത് ദുബെയും പൊള്ളാർഡിന്റെ ഒരു ഓവറിൽ മൂന്ന് സിക്സർ പായിച്ചിരുന്നു. ആദ്യ പന്തില്‍ പൊള്ളാര്‍ഡും ദുബെയും തമ്മില്‍ ചെറിയ വാക്കേറ്റമുണ്ടായി. അതിനു പിന്നാലെയായിരുന്നു മൂന്ന് സിക്‌സറുകൾ പറത്തി ദുബെയുടെ മറുപടി.

Also Read: വിവാഹ വാർഷികത്തിൽ പ്രണയ ചിത്രം പങ്കുവച്ച് കോഹ്‌ലി; ഭാഗ്യവതിയെന്ന് അനുഷ്‌ക

പരമ്പര വിജയികളെ നിർണയിക്കുന്ന നിർണായക മൂന്നാം ടി20 മത്സരത്തിൽ വിൻഡീസിനെതിരെ മുംബൈയിൽ ഇന്ത്യൻ ബാറ്റ്സ്മാന്മാർ സംഹാരതാണ്ഡവമാടിയപ്പോൾ . ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. നിശ്ചിത ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 240 റൺസാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. വിൻഡീസ് ബോളർമാരെ തുടക്കം മുതൽ ബൗണ്ടറി പറത്തിയ ഇന്ത്യൻ സ്കോറിങ്ങിന്റെ വേഗത ഇടയ്ക്കൊന്ന് കുറഞ്ഞെങ്കിലും നായകൻ വിരാട് കോഹ്‌ലി ക്രീസിലെത്തിയതോടെ വീണ്ടും സജീവമാവുകയായിരുന്നു.

ഒന്നാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് തീർത്ത രോഹിത് – രാഹുൽ സഖ്യമാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകിയത്. 135 റൺസാണ് ഇരുവരും ചേർന്ന് ഇന്ത്യൻ സ്കോർബോർഡിൽ കൂട്ടിച്ചേർത്തത്. 34 പന്തിൽ ആറു ഫോറും അഞ്ചു സിക്സും ഉൾപ്പടെ 71 റൺസെടുത്ത രോഹിത്തിനെ പുറത്താക്കി കെസ്രിക് വില്യംസ് വിൻഡീസിന് ആദ്യ ബ്രേക്ക് ത്രൂ നൽകി. 208.82 പ്രഹരശേഷിയിലായിരുന്നു രോഹിത് ബാറ്റ് വീശിയത്.

Also Read: ‘ഇനിയും വരില്ലേ ഇതുവഴി’; പൊള്ളാര്‍ഡിനെ ‘അടിച്ചോടിച്ച്’ ദുബെ, വീഡിയോ

മൂന്നാമനായി സ്ഥാനക്കയറ്റം കിട്ടിയെത്തിയ യുവ വിക്കറ്റ് കീപ്പർ റിഷഭ് പന്തിന് രണ്ടു പന്തു മാത്രമാണ് ക്രീസിൽ ആയുസുണ്ടായിരുന്നത്. 13-ാം ഓവറിൽ അക്കൗണ്ട് തുറക്കാതെ തന്നെ പന്തിനെ പൊള്ളാർഡ് മടക്കി. ഇതോടെ ഇന്ത്യൻ സ്കോറിങ്ങിന് സഡൻ ബ്രേക്ക് വീണു. എന്നാൽ രാഹുലിന് കൂട്ടായി നായകൻ വിരാട് കോഹ്‌ലി എത്തിയതോടെ വീണ്ടും പന്ത് നിരവധി തവണ ബൗണ്ടറി കടന്നു. അഞ്ചാമനായി ഇറങ്ങിയ ശ്രേയസിനെ മറുവശത്ത് കാഴ്ചക്കാരനാക്കി ഇന്നിങ്സിലെ അവസാന പന്തും സിക്സർ പായിച്ച് കോഹ്‌ലി ഇന്ത്യൻ സ്കോർ 240ൽ എത്തിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook