കാൺപൂർ: ന്യൂസിലാൻഡിനെതിരായ അവസാന ഏകദിനത്തിൽ സെഞ്ചുറി നേട്ടവുമായി ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി.
96 പന്തുകളിൽ നിന്നാണ് വിരാട് കോഹ്‌ലി സെഞ്ചുറി നേടിയത്. ഏകദിന ക്രിക്കറ്റിൽ വിരാട് കോഹ്ലിയുടെ 32 ആം സെഞ്ചുറിയാണ് ഇന്നത്തേത്. ഇതിനിടെ ഏകദിന ക്രിക്കറ്റിൽ​ അതിവേഗം 9000 റൺസ് നേടുന്ന താരമെന്ന നേട്ടം വിരാട് കോഹ്‌ലി സ്വന്തമാക്കി. 194 ഇന്നിങ്ങ്സിൽ നിന്നാണ് വിരാട് കോഹ്‌ലി 9000 റൺസ് പിന്നിടുന്നത്.

ദക്ഷിണാഫ്രിക്കൻ താരം എ. ബി ഡിവില്ലിയേഴ്സിന്റെ പേരിലുള്ള ലോകറെക്കോഡാണ് വിരാട് കോഹ്‌ലി മറികടന്നത്. 205 ഇന്നിങ്ങ്സുകളിൽ നിന്നാണ് ഡിവില്ലിയേഴ്സ് 9000 റൺസ് ക്ലബിൽ എത്തിയത്.

8 ഫോറുകളും 1 സിക്സറും അടങ്ങുന്നതായിരുന്നു കോഹ്‌ലിയുടെ ഇന്നിങ്ങ്സ്. നേരത്തെ രോഹിത്ത് ശർമ്മയും സെഞ്ചുറി നേടിയിരുന്നു. 147 റൺസാണ് രോഹിത്ത് നേടിയത്. രോഹിത്തിന്റെ 15 ആം ഏകദിന സെഞ്ചുറിയും ന്യൂസിലാൻഡിനെതിരായ ആദ്യ സെഞ്ചുറിയുമായിരുന്നു ഇന്നത്തേത്. ന്യൂസിലാൻഡിനെതിരായ ആദ്യ ഏകദിനത്തിലും വിരാട് കോഹ്‌ലി സെഞ്ചുറി നേടിയിരുന്നു.

ഇതിനിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോഡും വിരാട് കോഹ്‌ലി സ്വന്തം പേരിലാക്കി. ഈ വര്‍ഷം 40 മത്സരങ്ങളില്‍ നിന്നാണ് കോഹ്ലി ഈ നേട്ടം കരസ്ഥമാക്കിയത്. ദക്ഷിണാഫ്രിക്കന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ഹാഷിം അംല, ഇംഗ്ലണ്ട് താരം ജോ റൂട്ട് എന്നിവരെ പിന്നിലാക്കിയാണ് കോഹ്ലി റെക്കോഡിട്ടത്. രണ്ട് ടെസ്റ്റ് സെഞ്ച്വറികളും അഞ്ച് ഏകദിന സെഞ്ചറികളുമുള്‍പ്പടെ ഈ വര്‍ഷം 2000 റണ്‍സാണ് കോഹ്ലി നേടിയത്

അതേസമയം, ന്യൂസിലാന്‍ഡിനെതിരേ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 337 റണ്‍സെടുത്തു. ഓപ്പണര്‍ രോഹിത് ശര്‍മയുടെയും വിരാട് കോഹ്ലിയുടെയും സെഞ്ച്വറി മികവിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ