ടെസ്റ്റ് പരമ്പരയിൽ കണ്ട ടീം ഇന്ത്യയെ അല്ല ഏകദിനത്തിൽ ദക്ഷിണാഫ്രിക്ക കണ്ടത്. ആദ്യ മൂന്ന് ഏകദിനങ്ങളും സ്വന്തമാക്കിയ ടീം പരമ്പര വിജയത്തിന്റെ വക്കിലാണ്. ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പര ഇനി നേടാനാവില്ലെന്ന് ഉറപ്പായി. ഇന്ത്യയുടെ വിജയത്തിന് നെടുംതൂണായ സ്‌പിന്നർമാരിൽ യുസ്‌വേന്ദ്ര ചാഹലിനും കുൽദീപ് യാദവിനും ലഭിക്കുന്ന കൈയ്യടിക്ക് ഒരു കുറവുമില്ല.

യുസ്‌വേന്ദ്ര ചാഹലിനും വിരാട് കോഹ്‌ലിക്കും അഭിനന്ദനവുമായി ഇപ്പോൾ എത്തിയിരിക്കുന്നത് മുൻ ന്യൂസിലൻഡ് ക്യാപ്റ്റനായ വെട്ടോറിയാണ്. കോഹ്‌ലി നായകനായ ഐപിഎൽ ടീം റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ കോച്ചായ വെട്ടോറി യുസ്‌വേന്ദ്ര ചാഹലിനും ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്കുമാണ് വിജയത്തിന്റെ ക്രഡിറ്റ് നൽകിയത്.

സെന്റ് മോറിസ് ഐസ് ക്രിക്കറ്റ് ടൂർണ്ണമെന്റിനിടെ പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. “യുസി ധീരനായ ബോളറാണ്. ചിന്നസ്വാമി പോലുളള ചെറിയ മൈതാനങ്ങളിൽ ഐപിഎൽ മൽസരം കളിക്കുന്ന സ്പിന്നർമാർക്ക് മുന്നിൽ വെല്ലുവിളികളേറെയാണ്. പക്ഷെ ഏത് ബോളറെയും വീഴ്ത്താൻ സാധിക്കും വിധം അദ്ദേഹം മികവു കാട്ടി. അതാണ് ആർസിബി യിലും ഇപ്പോൾ ഇന്ത്യൻ ടീമിലും അദ്ദേഹത്തെ ശ്രദ്ധാകേന്ദ്രമാക്കുന്നത്”, വെട്ടോറി പറഞ്ഞു.

വിരാട് കോഹ്‌ലിയെ കുറിച്ചും അദ്ദേഹത്തിന്റെ നായകത്വത്തെ കുറിച്ചും വാതോരാതെയാണ് വെട്ടോറി സംസാരിച്ചത്. “ഞാൻ വിരാടിനൊപ്പം കളിച്ചിട്ടുണ്ട്. ക്രിക്കറ്റിൽ ഞങ്ങൾ ഒരുമിച്ച് കളിച്ച് പഠിച്ച് വളർന്നുവെന്ന് തന്നെ പറയാം. പിന്നീടാണ് ഞാൻ ആർസിബിയുടെ കോച്ചാകുന്നത്. ഞാൻ അറിഞ്ഞിടത്തോളം കൂടുതൽ പഠിക്കാനും കേൾക്കാനും താൽപര്യപ്പെടുന്നയാളാണ് അദ്ദേഹം”, വെട്ടോറി വ്യക്തമാക്കി.

“അശ്വിനും ജഡേജയുമാണ് ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച രീതിയിൽ കളിക്കുന്നത്. അവിടെ അവരെ മാറ്റിനിർത്താൻ സാധിക്കില്ല. ചെറിയ ഫോർമാറ്റുകളിൽ ചാഹലും കുൽദീപും കരൺ ശർമ്മയുമൊക്കെയാണ് മികച്ച രീതിയിൽ കളിക്കുന്നത്. ഫോർമാറ്റുകൾക്കനുസരിച്ച് താരങ്ങളുടെ ഘടനയും മാറുന്നു”, വെട്ടോറി പറഞ്ഞു.

“ആർസിബിയിൽ നിന്ന് ഇന്ത്യൻ ടീമിലേക്കുളള യുസ്‌വേന്ദ്ര ചാഹലിന്റെ വളർച്ചയിൽ തനിക്ക് വളരെയേറെ സന്തോഷമുണ്ട്. അതിന് കാരണം ഇരുടീമുകളുടെയും നായകനെന്ന നിലയിൽ വിരാട് കോഹ്‌ലി തന്നെയാണ്. ഇന്ത്യയിൽ മാത്രമല്ല വിദേശത്തും യുസിക്ക് കളിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്”, വെട്ടോറി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook