ദക്ഷിണാഫ്രിക്കൻ മണ്ണിൽ പുതു ചരിത്രമെഴുതിയ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് ക്രിക്കറ്റ് ലോകം. നിരവധി മുൻ ക്രിക്കറ്റ് താരങ്ങളും കോഹ്‌ലിയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഇക്കൂട്ടത്തിലേക്കിതാ വെസ്റ്റ് ഇൻഡീസ് ഇതിഹാസ താരം ആൽവിൻ ഐസക് കാളിചരണും. ഇന്ത്യൻ ക്രിക്കറ്റിൽ കോഹ്‌ലി പുതുചരിത്രമെഴുതുമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

68 കാരനായ കാളിചരൺ കോഹ്‌ലിയുടെ മൽസരങ്ങൾ കാണാനുളള അവസരങ്ങൾ നഷ്ടപ്പെടുത്താറില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിലെ കോഹ്‌ലിയുടെ സെഞ്ചുറി നേട്ടവും കാളിചരൺ മിസ് ചെയ്തില്ല.

”വിരാട് കോഹ്‌ലിയുടെ ബാറ്റിങ് ശൈലി അതിശയപ്പെടുത്തുന്നതാണ്. പ്രത്യേകിച്ച് കോഹ്‌ലി ഫോറോ സിക്സോ അടിക്കുന്നത് എന്നെ ആവേശം കൊളളിക്കാറുണ്ട്. ടീം ഇന്ത്യ കളിക്കുന്നിടത്തോളം കോഹ്‌ലി ബാറ്റ് വീശണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്” കാളിചരൺ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.

”ഒരു കംപ്ലീറ്റ് ക്രിക്കറ്ററാണ് കോഹ്‌ലി. ബാറ്റിങ്ങിൽ അപൂർവ്വ പ്രതിഭയാണ് കോഹ്‌ലി. ബാറ്റിങ് ശൈലിയിലൂടെ ഇന്ത്യൻ ക്രിക്കറ്റിൽ കോഹ്‌ലി പുതു ചരിത്രമെഴുതും” കാളിചരൺ പറഞ്ഞു. അണ്ടർ-19 ലോകകപ്പ് നേടിയ ഇന്ത്യയുടെ ചുണക്കുട്ടികളെയും അദ്ദേഹം അഭിനന്ദിച്ചു.

1972 മുതൽ 1981 വരെ വെസ്റ്റ് ഇൻഡീസിനുവേണ്ടി ബാറ്റ് വീശിയ താരമാണ് കാളിചരൺ. 66 ടെസ്റ്റുകളിൽനിന്നായി 4000 റൺസും അദ്ദേഹം നേടിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook