ഇടവേള വേണമെന്ന് കോഹ്ലി ആവശ്യപ്പെട്ടിട്ടില്ല; ഏകദിനത്തില്‍ കളിക്കും: ബിസിസിഐ വൃത്തങ്ങള്‍

പരിക്കേറ്റ രോഹിത് ശര്‍മ ടെസ്റ്റ് പരമ്പരയില്‍ കളിക്കില്ല എന്ന വിവരം പുറത്ത് വന്നതിന് പിന്നാലെ കോഹ്ലി ഏകദിനത്തില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു

Virat Kohli, Rahul Dravid

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ നിന്ന് വിശ്രമം വേണമെന്ന് വിരാട് കോഹ്ലി ആവശ്യപ്പെട്ടില്ലെന്ന് ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രക്കറ്റ് ഇന്‍ ഇന്ത്യയിലെ (ബിസിസിഐ) ഔദ്യോഗി വൃത്തങ്ങള്‍ അറിയിച്ചു.

“ഇതുവരെ കോഹ്‌ലി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയ്‌ക്കോ സെക്രട്ടറി ജയ് ഷായ്‌ക്കോ ഏകദിനത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടില്ല. പിന്നീട് എന്തെങ്കിലും സംഭവിക്കുകയോ പരിക്ക് പറ്റുകയോ ചെയ്താല്‍ അത് വ്യത്യസ്തമായ ഒന്നാണ്. നിലവിലെ സാഹചര്യമനുസരിച്ച് അദ്ദേഹം ഏകദിന പരമ്പരയില്‍ കളിക്കും,” മുതിർന്ന ബിസിസിഐ ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു.

താരങ്ങളുടെ കുടുംബാംഗങ്ങളും ദക്ഷിണാഫ്രിക്കയിലേക്ക് പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. “കുടുംബത്തോടൊപ്പമാണ് കോഹ്ലിയും യാത്ര തിരിക്കുന്നത്. ബയോ ബബിളിലെ സമ്മര്‍ദം മൂലം ഇടവേള ആവശ്യമെങ്കില്‍ അദ്ദേഹം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനെയോ ബിസിസിഐ സെക്രട്ടറിയേയൊ തീര്‍ച്ചയായും അറിയിക്കും,” ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ഡിസംബര്‍ 26 ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ കോഹ്ലി ഇന്ത്യയെ നയിക്കും. ജനുവരി 15 നാണ് മൂന്ന് മത്സരങ്ങളുള്ള പരമ്പര അവസാനിക്കുന്നത്. ജനുവരി 19 ന് ഏകദിന പരമ്പരയ്ക്ക് തുടക്കമാകുകയും ചെയ്യും.

പരിക്കേറ്റ രോഹിത് ശര്‍മ ടെസ്റ്റ് പരമ്പരയില്‍ കളിക്കില്ല എന്ന വിവരം പുറത്ത് വന്നതിന് പിന്നാലെ കോഹ്ലി ഏകദിനത്തില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനാണ് കോഹ്ലി അവധിയെടുക്കുന്നതെന്നാണ് വിവരം.

Also Read: വിജയ് ഹസാരെ ട്രോഫി: നാലാം ജയം; കേരളം ക്വാര്‍ട്ടറില്‍

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Virat kohli has not made any request for a break says bcci official

The moderation of comments is automated and not cleared manually by malayalam.indianexpress.com