ക്രിക്കറ്റ് മൈതാനത്ത് ആയാലും ഡാന്‍സ് ഫ്ലോറിലായാലും ശ്രദ്ധാകേന്ദ്രം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയാണ്. എന്തായലും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നായകനായ അദ്ധേഹത്തിന് നല്ല ഒരു തുടക്കമല്ല ഐപിഎലില്‍ ഉണ്ടായിട്ടുളളത്. മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണം തോറ്റ് ഒരേയൊരു വിജയവുമായാണ് ടീമിന്റെ യാത്ര. എന്നാല്‍ വിശ്രമവേളയില്‍ എതിര്‍ ടീമിന്റെ താരങ്ങളുമൊത്ത് സമയം ചെലവഴിക്കാന്‍ അദ്ദേഹം മടി കാണിക്കാറില്ല. ചെന്നൈ താരങ്ങളായ ഡ്വൈന്‍ ബ്രാവോയ്ക്കും ഹര്‍ഭജന്‍ സിംഗിനുമൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ ആണ് വൈറലായി മാറിയത്.

ബ്രാവോയുടെ പാട്ടിനൊത്ത് നൃത്തം ചെയ്യുന്ന ഇന്ത്യന്‍ താരങ്ങളെയാണ് വീഡിയോയില്‍ കാണാനാവുക. ധോണി അടക്കമുളള ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം ചുറ്റിയടിക്കുന്നത് ബ്രാവോയ്ക്ക് പതിവുളള കാര്യം കൂടിയാണ്. പുതിയ വീഡിയോകളില്‍ കെഎല്‍ രാഹുലും കൂടിയുണ്ട്. കോഹ്ലിയുമായി നല്ല സൗഹൃദമാണ് ബ്രാവോ സൂക്ഷിക്കുന്നത്. ‘ക്രിക്കറ്റിലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് കോഹ്ലി’ എന്ന് കഴിഞ്ഞ ദിവസമാണ് ബ്രാവോ പറഞ്ഞത്.

‘കോഹ്ലി ന്ല മനുഷ്യനാണ് എന്റെ സഹോദരന്‍ ഡാരണ്‍ ബ്രാവോയ്ക്കൊപ്പം അണ്ടര്‍ 19 കളിച്ചയാളാണ് കോഹ്ലി. കോഹ്ലിയെ കണ്ട് മുന്നോട്ട് വരണമെന്ന് ഞാന്‍ സഹോദരനോട് എന്നും പറയാറുണ്ട്’ ബ്രാവോ പറഞ്ഞു. ‘എന്റെ സഹോദരനോട് ക്രിക്കറ്റിനെ കുറിച്ചും ബാറ്റിംഗിനെ കുറിച്ച് സംസാരിക്കണമെന്ന് ഞാന്‍ കോഹ്ലിയോട് ആവശ്യപ്പെടാറുണ്ട്. കോഹ്ലിയെ കാണുമ്പോള്‍, ക്രിക്കറ്റിലെ റൊണാള്‍ഡോയെ ആണ് ഞാന്‍ കാണുന്നത്’, അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ