കാന്‍ബെറ: ഡിആര്‍എസ് വിവാദത്തിന് താത്കാലിക വിരാമമിട്ടതിന് പിന്നാലെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെ അധിക്ഷേപിച്ച് ഓസ്ട്രേലിയന്‍ മാധ്യമം രംഗത്ത്. ഓസ്‌ട്രേലിയന്‍ മാധ്യമമായ ഫോക്‌സ് സ്‌പോട്‌സ് ഓസ്‌ട്രേലിയയാണ് കോഹ്ലിയെ അധിക്ഷേപിച്ച് രംഗത്തെത്തിയത്.

പാണ്ടയുടേയും പട്ടിയുടേയും പൂച്ചയുടേയും ഫോട്ടോയ്ക്കൊപ്പം വിരാടിന്റെ പടം ഫോക്‌സ് സ്‌പോട്‌സ് ഓസ്‌ട്രേലിയ പ്രസിദ്ധീകരിച്ചു. തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ‘ഈയാഴ്ച്ചയില്‍ കൂട്ടത്തിലെ വില്ലനാര്’ എന്ന ചോദ്യമോടെ ചിത്രം പ്രസിദ്ധീകരിച്ചത്. അതില്‍ കോഹ്ലിക്ക് പ്രാമുഖ്യം നല്‍കി ലൈക്ക് ബട്ടനാണ് കോലിയെ പിന്തുണയ്ക്കുന്നവര്‍ അമര്‍ത്തേണ്ടത്. മറ്റു മൃഗങ്ങള്‍ക്ക് മറ്റ് റിയാക്ഷനുകളും.

എന്നാല്‍ വ്യാപകമായ വിമര്‍ശനമാണ് ആഗോളതലത്തില്‍ തന്നെ ഉണ്ടായത്. ഇന്ത്യക്കാര്‍ അടക്കമുള്ള ആരാധകര്‍ ഫോക്സിന്റെ ഫെയ്സ്ബുക്ക് പേജില്‍ തെറിവിളികളും വിമര്‍ശനങ്ങളുമായി പൊങ്കാലയിട്ടു. എന്നാല്‍ എത്ര തന്നെ വിമര്‍ശനങ്ങള്‍ വന്നാലും പോസ്റ്റ് പിന്‍വലിക്കില്ലെന്ന നിലപാടിലാണ് ഫോക്സ്.

കായികതാരങ്ങളെ അപഹസിച്ച് ഇത് ആദ്യമായല്ല ഒരു ഓസ്ട്രേലിയന്‍ മാധ്യമം രംഗത്ത് വരുന്നത്. നേരത്തേ ന്യൂസ്.കോം എന്ന ഓസ്ട്രേലിയന്‍ ഓണ്‍ലൈന്‍ മാധ്യമവും സമാനമായ പോള്‍ നടത്തി രംഗത്ത് വന്നിരുന്നു. ‘ഈ ആഴ്ച്ചയിലെ ഏറ്റവും വലിയ ബോധമില്ലാത്ത കായികതാരം ആര്’ എന്ന ചോദ്യമാണ് 2015ല്‍ ന്യൂസ്.കോം പോളിന് ഉപയോഗിച്ചത്. അന്ന് നോമിനികളുടെ പട്ടികയില്‍ കോഹ്ലിയുടെ പേരും ഉള്‍പ്പെടുത്തിയിരുന്നു.

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിനിടെ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ നീക്കമാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. എല്‍ബിയില്‍ കുടുങ്ങി ഔട്ടായ സ്മിത്ത് കളം വിടാന്‍ തയ്യാറാവാതെ തട്ടിപ്പ് കാണിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഡ്രംസിംഗ് റൂമിലേക്ക് കണ്ണുകൊണ്ട് ആഗ്യം കാട്ടി റിവ്യൂവിന് കൊടുക്കണോ എന്ന് ചോദിച്ചതാണ് വിവാദത്തിലേക്ക് നയിച്ചത്. തുടര്‍ന്ന് ബിസിസിഐ ഓസ്ട്രേലിയയ്ക്കെതിരായി ഐസിസിയില്‍ പരാതി കൊടുത്തെങ്കിലും പിന്നീട് പിന്‍വലിച്ചു. വിവാദം അടങ്ങിയ സാഹചര്യത്തിലാണ് കോഹ്ലിയെ വിമര്‍ശിച്ച് ഓസീസ് മാധ്യമം രംഗത്തെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ